സിറിയ:
ഭീകര സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിൽ ആകൃഷ്ടയായി സിറിയയിലേക്കു പോയി, ഭീകരരിലൊരാളെ വിവാഹം ചെയ്ത ബ്രിട്ടീഷ് പെൺകുട്ടി ഷമീമ ബീഗ(19)ത്തിന്റെ മൂന്നാമത്തെ കുഞ്ഞും മരിച്ചു. ഷമീമ, പ്രസവിക്കുന്നതിനു നാട്ടിലേക്ക് മടങ്ങി വരണമെന്ന ആഗ്രഹം ബ്രിട്ടീഷ് സർക്കാറിനെ അറിയിച്ച്, അനുവാദം ആവശ്യപ്പെട്ടിരുന്നെങ്കിലും നിരസിക്കപ്പെട്ടിരുന്നു.
സിറിയയിലെ അഭയാർത്ഥി ക്യാംപിൽ കഴിയുകയായിരുന്നു ഷമീമയും, ജാറ എന്നു പേരിട്ട രണ്ടാഴ്ച പ്രായമുള്ള ആൺകുഞ്ഞും. കുഞ്ഞിന്റെ ആരോഗ്യസ്ഥിതി മോശമായിരുന്നെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു. ന്യൂമോണിയ ബാധിച്ചാണ് കുഞ്ഞ് മരിച്ചതെന്നാണ് ഔദ്യോഗിക വിവരം. 19 വയസ്സിനിടെ മൂന്നാമത്തെ കുട്ടിക്കാണ് ഷമീമ ജന്മം നൽകിയത്. ഇതിനു മുൻപ് സിറിയയിൽവച്ചുണ്ടായ 2 കുഞ്ഞുങ്ങളും, പോഷകാഹാരക്കുറവും ആരോഗ്യപ്രശ്നങ്ങളും മൂലം മരിച്ചു പോയതായി ഷമീമ വെളിപ്പെടുത്തിയിരുന്നു.
അഭയാർത്ഥി ക്യാമ്പിന്റെ നടത്തിപ്പുകാരായ സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സസ് വക്താവാണ് മരണവിവരം സ്ഥിരീകരിച്ചത്. സിറിയയിലെ അഭയാർത്ഥി ക്യാമ്പിൽ വച്ച് ഫെബ്രുവരി 17 നാണ് ഷമീമ ആൺകുഞ്ഞിന് ജന്മം നൽകിയത്. ക്യാമ്പിനു സമീപം കുർദിഷ് തടവിൽ കഴിയുന്ന ഡച്ചുകാരനായ ഐ.എസ്. ഭീകരൻ യാഗോ റീഡിക് (27) എന്ന യുവാവാണ് ജെറായുടെ പിതാവ്. കുഞ്ഞിന്റെ മരണ വിവരം ഇയാളെ അറിയിച്ചതായി അഭയാർത്ഥി ക്യാമ്പിന്റെ നടത്തിപ്പുകാർ വ്യക്തമാക്കി.
മൂന്നാമത്തെ കുട്ടിയെങ്കിലും നന്നായി വളർത്തണമെന്ന ആഗ്രഹംകൊണ്ടാണ് ബ്രിട്ടനിലേക്ക് മടങ്ങി വരണമെന്നു ഷമീമ ആവശ്യപ്പെട്ടത്. പക്ഷെ യുവതിയുടെ അഭ്യർത്ഥന ബ്രിട്ടിഷ് സർക്കാർ അവഗണിച്ചതും, പൗരത്വം റദ്ദാക്കിയതും വിവാദമായിരുന്നു. അമ്മയ്ക്കു ബ്രിട്ടീഷ് പൗരത്വമുണ്ടായിരുന്നപ്പോൾ ജനിച്ച കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ സഹായിക്കണമെന്നാവശ്യപ്പെട്ട് ഷമീമയുടെ വീട്ടുകാരും രംഗത്തെത്തിയതാണ്. ബംഗ്ലാദേശ് സ്വദേശികളാണിവർ. കുഞ്ഞിന്റെ മരണ വാർത്ത സ്ഥിരീകരിച്ചതോടെ ബ്രിട്ടിഷ് ആഭ്യന്തര മന്ത്രാലയത്തിനെതിരെ വിമർശനം രൂക്ഷമായി.
ഇതിനെതിരെ ശക്തമായ ജനവികാരം ഉയർന്നതോടെയാണ്, ഇരട്ട പൗരത്വമുള്ള ഷമീമയുടെ ബ്രിട്ടീഷ് പൗരത്വം ബ്രിട്ടീഷ് ഹോം ഓഫീസ് റദ്ദാക്കിയത്. ഹോം സെക്രട്ടറി സാജിദ് ജാവേദിന്റെ പ്രത്യേക നിർദ്ദശപ്രകാരമാണ് പൗരത്വം റദ്ദാക്കിയത്. ഷമീമയോടൊപ്പം സ്വന്തം നാടായ നെതർലാന്റിലേക്ക് മടങ്ങണമെന്ന് കഴിഞ്ഞദിവസം യാഗോ റീഡിക്കും മാധ്യമങ്ങളോട് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
സ്കൂൾ വിദ്യാർത്ഥിയായിരിക്കെ15ാം വയസ്സിലാണ് ഐ.എസ്. ഭീകരരുടെ വധുവാകാൻ വേണ്ടി ഷമീമ വീടും നാടും വിട്ടിറങ്ങിയത്. ബെത്നൾ ഗ്രീൻ അക്കാദമി സ്കൂളിലെ വിദ്യാർത്ഥിയായിരുന്ന ഷമീമ തന്റെ സുഹൃത്തുക്കളായ അമീറ അബേസ് (15), ഖദീജ സുൽത്താന(16) എന്നിവർക്കൊപ്പമാണ് സിറിയയിലേക്കു പുറപ്പെട്ടത്. ഇവരിൽ ഖദീജ സുൽത്താന ബോംബു സ്ഫോടനത്തിൽ കൊല്ലപ്പെട്ടതായി ഷമീമ പറഞ്ഞു. എന്നാൽ, അമീറയ്ക്ക് എന്തുപറ്റിയെന്ന് അറിയില്ലെന്നും ഷമീമ വ്യക്തമാക്കി.
2015 ലാണ് മൂവരും ഈസ്റ്റ് ലണ്ടനിൽ നിന്നും സിറിയയിലേക്ക് കടന്നത്. ലണ്ടനിലെ ഗാട്ട്വിക്ക് വിമാനത്താവളത്തിൽനിന്നും തുർക്കിയിലേക്കാണ് ഇവർ മൂന്നുപേരും ആദ്യം പോയത്. പിന്നീട് തുർക്കി അതിർത്തി കടന്ന് സിറിയയിലെത്തി. ഐ.എസ്. ഭീകരരുടെ വധുക്കളാകാൻ എത്തിയവർക്കൊപ്പം ഒരു വീട്ടിലാണ് ആദ്യം താമസിച്ചത്. 20 വയസിനു മുകളിൽ പ്രായമുള്ള ഇംഗ്ലീഷ് സംസാരിക്കുന്ന ഒരാളെ വിവാഹം കഴിക്കാനാണ് അപേക്ഷിച്ചത്. പത്ത് ദിവസത്തിനു ശേഷം ഇസ്‍ലാമിലേക്ക് മതം മാറിയ യാഗോ റീഡിക്കിനെ ഷമീമ വരനായി സ്വീകരിച്ചു.
കഴിഞ്ഞ മാസം ടൈംസ് ഡെയ്ലി റിപ്പോർട്ടറാണ് വടക്കൻ സിറിയയിലെ അഭയാർത്ഥി ക്യാമ്പിൽ നിന്ന് ഷമീമയെ കണ്ടെത്തിയത്. കിഴക്കൻ സിറിയയിലെ ഐ.എസിന്റെ അവസാന താവളമായിരുന്ന ബാഗൂസിൽനിന്ന് രക്ഷപ്പെട്ട് രണ്ടാഴ്ചമുമ്പാണ് ഷമീമ ക്യാമ്പിലെത്തിയത്. സിറിയൻ പട്ടാളത്തിനു മുന്നിൽ ഭർത്താവായ യാഗോ റീഡിക് കീഴടങ്ങിയപ്പോഴായിരുന്നു ആ രക്ഷപ്പെടൽ.
അതേസമയം, ഐ.എസിൽ പ്രവർത്തിച്ചതിലോ കഴിഞ്ഞുപോയ ഒന്നിലും തനിക്ക് പശ്ചാത്താപമില്ലെന്നും, കുഞ്ഞിനെ സുരക്ഷിതമായി വളർത്താനാണ് നാട്ടിലേക്ക് തിരികെയെത്താൻ ആഗ്രഹിക്കുന്നതെന്നും ഷമീമ പറഞ്ഞിരുന്നു. കുഞ്ഞിനെ ഇസ്‌ലാമായി തന്നെ വളർത്തുമെന്നും, ഐ.എസിന്റെ ചെയ്തികളെ തള്ളിപ്പറയാൻ ഒരുക്കമല്ലെന്നും ബിബിസി ഉൾപ്പെടെയുള്ള മാധ്യമങ്ങളോട് ഷമീമ വെളിപ്പെടുത്തി.
യു.കെയിലേക്ക് മടങ്ങിയെത്താൻ അനുവദിച്ചാൽ ജയിലിൽ പോകാൻ പോലും തനിക്കു മടിയില്ലെന്നും അവർ വ്യക്തമാക്കി. ബ്രിട്ടൻ ഇസ്‌ലാമിക് സ്റ്റേറ്റിനു നേരേ നടത്തിയ ആക്രമണങ്ങൾക്കുള്ള പ്രതികാരമായിരുന്നു മാഞ്ചസ്റ്റർ അരീനയിൽ നടത്തിയ സ്ഫോടനമെന്നും അവർ ബി.ബി.സിക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. ഇതിനു തൊട്ടു പിന്നാലെയാണ് ഷമീമയുടെ പൗരത്വം ബ്രിട്ടൻ റദ്ദാക്കുന്നതും, അവർക്കു സിറിയയിൽ തന്നെ തുടരേണ്ടി വന്നതും.