Sun. Dec 22nd, 2024
അബുദാബി:

കടലിൽ വൻതോതിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ തള്ളുന്നത് കടൽജീവികളുടെ സർവനാശത്തിനു കാരണമായി ഗുരുതര പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നു രാജ്യാന്തര സമുദ്ര ഉച്ചകോടി മുന്നറിയിപ്പ് നൽകി. ഈ നില തുടർന്നാൽ 2050 ആകുമ്പോഴേക്കും കടലിൽ മത്സ്യങ്ങളെക്കാൾ കൂടുതൽ പ്ലാസ്റ്റിക് ആയിരിക്കുമെന്നും ഉച്ചകോടിയിൽ പങ്കെടുത്ത വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു.

പ്ലാസ്റ്റിക് മാലിന്യത്തോടൊപ്പം, എണ്ണച്ചോർച്ചയാണ് മറ്റൊരു ഗുരുതര വെല്ലുവിളിയെന്ന് എണ്ണക്കമ്പനികളുടെ പ്രതിനിധികൾ പറഞ്ഞു. വർഷങ്ങളോളം നീണ്ടുനിൽക്കുന്ന ഗുരുതര പ്രത്യാഘാതങ്ങൾക്കിടയാക്കുന്നതാണ് കടലിലെ എണ്ണച്ചോർച്ച. ജൈവവൈവിധ്യങ്ങളുടെ നാശമാണ് ഇതിന്റെ ആത്യന്തികഫലം. എണ്ണച്ചോർച്ചമൂലം മീനുകൾ, മറ്റു കടൽ ജീവികൾ, പക്ഷികൾ എന്നിവ വൻതോതിൽ ചത്തൊടുങ്ങുന്നു. തീരത്തെ ജലശുദ്ധീകരണശാലകളുടെ പ്രവർത്തനം താറുമാറാകുമെന്നതാണ് മറ്റൊരു ദുരന്തം. ഈ പ്ലാന്റുകളെ ആശ്രയിച്ചാണ് ഗൾഫ് രാജ്യങ്ങളുടെ ശുദ്ധജല ശൃംഖല നിലനിൽക്കുന്നത്.

എണ്ണച്ചോർച്ച മൂലം കടൽപ്പാതകളിലൂടെയുള്ള ഗതാഗതം തടസ്സപ്പെടുകയും ബീച്ചുകളുടെ പ്രവർത്തനം തടസ്സപ്പെടുകയും ചെയ്യും. അതോടെ ടൂറിസം മേഖലയും പ്രതിസന്ധിയിലാകും. പല രാജ്യങ്ങളും ഈ ദുരന്തം നേരിട്ടിട്ടുണ്ട്. ഭീമമായ സംഖ്യ ചെലവഴിച്ചുള്ള ശുചീകരണ പദ്ധതികൾപോലും പലപ്പോഴും വിജയം കണ്ടിട്ടില്ല. ഈ സാഹചര്യത്തിൽ എണ്ണച്ചോർച്ച പെട്ടെന്നു കണ്ടെത്തി ദ്രുതഗതിയിൽ പ്രവർത്തിക്കാൻ സംവിധാനമൊരുക്കണമെന്നും അഭിപ്രായങ്ങൾ ഉണ്ടായി.
ആഫ്രിക്ക, ഏഷ്യ, മധ്യപൂർവദേശം എന്നിവിടങ്ങളിലെ 10 പ്രധാന നദികൾ മാലിന്യവിമുക്തമാക്കാനുള്ള വൻ പദ്ധതിക്കും ഉച്ചകോടി രൂപം നൽകി. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും ഇതിൽ പങ്കാളികളാകും. ഇപ്പോൾ തന്നെ പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ യു.എ.ഇയും ഇന്ത്യയും സംയുക്ത പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. യുഎഇക്കൊപ്പം ഇന്ത്യയിലും പ്ലാസ്റ്റിക് നിർമാർജന പദ്ധതികൾ ഊർജിതമാക്കുകയാണ്.പ്രതിവർഷം യു.എ.ഇയിൽ 1300 കോടി പ്ലാസ്റ്റിക് ബാഗുകളും 45,000 കോടി പ്ലാസ്റ്റിക് കുപ്പികളും ഉപയോഗിക്കുന്നതായാണു കണക്ക്. ഇന്ത്യയിലാകട്ടെ 1.3 കോടി ടൺ പ്ലാസ്റ്റിക്കാണ് ഓരോ വർഷവും ഉപയോഗിക്കുന്നത്. ശാസ്ത്രീയ സംവിധാനങ്ങളിലൂടെ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാനാണ് ഇന്ത്യയുടെയും യു.എ.ഇയുടെയും തീരുമാനം.

ഓരോ വർഷവും കടലിൽ ലക്ഷക്കണക്കിനു ടൺ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് അടിയുന്നതെന്ന് യു.എൻ പ്രതിനിധികൾ പറഞ്ഞു. ഇത് ഒരിക്കലും വീണ്ടെടുക്കാനാവാത്തവിധം പരിസ്ഥിതിയെ നശിപ്പിക്കും. ഈ സാഹചര്യത്തിലാണ് നദീജല ശുചീകരണ യജ്ഞത്തിനു തുടക്കം കുറിക്കുന്നത്. പ്ലാസ്റ്റിക് തരികൾ ഉള്ളിലെത്തുന്നത് വൻതോതിൽ സമുദ്രജീവികൾ നശിക്കാൻ ഇടയാക്കും. പൊട്ടിയ വലകളിൽ ആമകളും മറ്റും അകപ്പെടുന്നതും വൻഭീഷണിയാണ്. ഉപ്പുവെള്ളത്തിൽ പ്ലാസ്റ്റിക് വിഘടിച്ച് പുറംതള്ളുന്ന രാസവസ്തുക്കൾ ചില സമുദ്രജീവികളുടെ പ്രജനനവും അതിജീവനവും അസാധ്യമാക്കുന്നു. മത്സ്യസമ്പത്ത് സംരക്ഷിക്കാൻ 12 വർഷത്തെ കർമപരിപാടികൾക്ക് ഉച്ചകോടിയിൽ രൂപം നൽകി. പൊതുജനങ്ങൾക്കു ബോധവൽക്കരണം നൽകുന്നതുൾപ്പെടെയുള്ള പരിപാടികളാണു നടപ്പാക്കുക. പ്രദേശിക മത്സ്യഇനങ്ങളുടെ ഉൽപാദനം കൂട്ടുക, അശാസ്ത്രീയ മത്സ്യബന്ധനരീതികൾ തടയുക എന്നിവയാണു മുഖ്യലക്ഷ്യങ്ങൾ. കൃത്രിമോൽപാദനം കൂട്ടുകയെന്നതും പദ്ധതിയുടെ ഭാഗമാണ്.

Leave a Reply

Your email address will not be published. Required fields are marked *