ലണ്ടൻ:
14,000 കോടി രൂപയുടെ പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിൽ രാജ്യം തിരയുന്ന പിടികിട്ടാപ്പുള്ളിയായ വജ്രവ്യാപാരി നീരവ് മോദിയ്ക്ക് ലണ്ടനിൽ സുഖവാസം.പുതിയ ലുക്കില്‍ ലണ്ടനില്‍ ആഡംബര ജീവിതം നയിക്കുന്ന നീരവ് മോദിയുടെ വീഡിയോ ബ്രിട്ടീഷ് ദിനപത്രമായ ടെലിഗ്രാഫ് പുറത്ത് വിട്ടു. “ഇന്ത്യയിലെ മോസ്റ്റ് വാണ്ടഡ് വജ്രവ്യാപാരിയ്ക്ക് ലണ്ടനിൽ സുഖവാസം” എന്ന തലക്കെട്ടോടെയാണ് അവർ വാർത്ത പുറത്തുവിട്ടത്.
ഓക്സ്ഫോർഡ് സ്ട്രീറ്റിന് സമീപം 80 ലക്ഷം പൗണ്ട് (ഏകദേശം 73 കോടി രൂപ) വിലയുള്ള അപ്പാർട്ട്മെന്റിലാണ് മോദിയുടെ താമസം. മാസം 17,000 പൗണ്ട് (15 ലക്ഷത്തോളം രൂപ) വാടകയെങ്കിലും ഇതിനു നൽകേണ്ടി വരുമെന്നാണ് റിപോർട്ടുകൾ.
കൂടാതെ പുതിയ ഡയമണ്ട് ബിസിനസും മോഡി ലണ്ടനിൽ തുടങ്ങിയിട്ടുണ്ട്. യുകെ ടെലിഗ്രാഫ് പത്രത്തിന്റെ റിപ്പോർട്ടർമാരാണ് മോദിയുമായി സംസാരിക്കുന്ന വീഡിയോ പുറത്തുവിട്ടത്.10000 പൗണ്ട് വിലവരുന്ന ഒട്ടക പക്ഷിയുടെ തൊലികൊണ്ടുള്ള ജാക്കറ്റ് ആണ് മോദി ആ സമയത്ത് ധരിച്ചിരുന്നതെന്നും ടെലിഗ്രാഫ് ചൂണ്ടിക്കാണിക്കുന്നു.തന്റെ വീട്ടിൽ നിന്ന് ഓഫീസിലേക്ക് എല്ലാ ദിവസവും മോദി തന്റെ വളർ ത്തുനായയോടൊപ്പം നടക്കാറുണ്ടെന്നും ടെലഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു .താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ഒരു ‘സിവിൽ ഇടപാടിനെ’ അവർ പെരുപ്പിച്ചുകാട്ടുകയാണെന്നും വീഡിയോയിൽ റിപോർട്ടറുടെ ചോദ്യത്തിന് മറുപടിയായി മോദി പറയുന്നുണ്ട്.
എത്രകാലം താങ്കൾ ഇംഗ്ലണ്ടിൽ താമസിക്കാൻ ഉദ്ദേശിക്കുന്നുണ്ടെന്നും ഇന്ത്യൻ അതികൃതർ താങ്കളെ കൈമാറാൻ യുകെയോട് ആവശ്യപ്പെട്ടിട്ടില്ലേയെന്നുമുള്ള ചോദ്യങ്ങൾക്ക് ‘നോ കമന്റ്‌സ്’ എന്നായിരുന്നു മറുപടി.ബ്രിട്ടനിൽ ജോലി ചെയ്യാനും ഓൺലൈൻ ബാങ്ക് ഇടപാടുകൾ നടത്താനും അനുമതി നൽകുന്ന നാഷനൽ ഇൻഷുറൻസ് നമ്പരും നീരവിനുണ്ട്. ബ്രിട്ടനിൽ രാഷ്ട്രീയ അഭയം തേടി നൽകിയ അപേക്ഷയിൽ നടപടികൾ പൂർത്തിയാകും വരെ ഇയാളെ അറസ്റ്റ് ചെയ്യാനാവില്ലെന്നാണു ടെലഗ്രാഫ് റിപ്പോർട്ടിൽ പറയുന്നത്.
കഴിഞ്ഞ വർഷം ജനുവരി ആദ്യമാണ് നീരവ് മോദിയും ബന്ധുവായ മെഹുൽ ചോക്‌സിയും രാജ്യം വിടുന്നത്.മഹാരാഷ്ട്രയിൽ നീരവിന്റെ 30,000 ചതുരശ്ര അടി വലുപ്പമുള്ള കടലോര വസതി കഴിഞ്ഞദിവസം അധികൃതർ നിയന്ത്രിത സ്ഫോടനത്തിലൂടെ ഇടിച്ചുനിരത്തിയിരുന്നു.
ടെലഗ്രാഫ് റിപ്പോർട്ടിനെക്കുറിച്ചു പ്രതികരിക്കാൻ യുകെ ആഭ്യന്തര വകുപ്പ് വിസമ്മതിച്ചു. അറസ്റ്റ് വാറന്റ് നൽകാതെ കൈമാറ്റ നടപടി ആരംഭിക്കാനാവില്ലെന്നു വിജയ് മല്യയുടെ കേസ് ഉദാഹരണമാക്കി അധികൃതർ പറഞ്ഞു.9,000 കോടി രൂപയുടെ ബാങ്ക് വായ്പാത്തട്ടിപ്പു കേസുകളിൽ പ്രതിയായ മല്യയെ ഇന്ത്യയ്ക്കു കൈമാറാൻ യുകെ ആഭ്യന്തരമന്ത്രി ഉത്തരവിട്ടെങ്കിലും അതിനെതിരെ മല്യ അപ്പീൽ നൽകിയിരിക്കുകയാണിപ്പോൾ.
ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ച നീരവ് മോദിയെ വിട്ടു കിട്ടാന്‍ ഇന്ത്യ നല്‍കിയ അപേക്ഷ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറിയുടെ പരിഗണനയിലാണ്. ആവര്‍ത്തിച്ചു സന്ദേശങ്ങള്‍ അയച്ചിട്ടും ബ്രിട്ടനില്‍ നിന്ന് അനുകൂല പ്രതികരണം ഉണ്ടായിട്ടില്ലെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്.നീരവിനെ വിട്ടുകിട്ടാനുള്ള ഇന്ത്യയുടെ അപേക്ഷ തുടർനടപടിക്കായി വെസ്റ്റ്മിൻസ്റ്റർ കോടതിക്ക് അയച്ചുവെന്നു ബ്രിട്ടൻ അറിയിച്ചിട്ടുണ്ടെന്നാണു ഡൽഹിയിൽ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന്റെ വിശദീകരണം.
എന്നാൽ നീരവ് മോദി ലണ്ടനിൽ ഉണ്ടെന്ന കാര്യം സർക്കാരിന് അറിയാമായിരുന്നെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ പറഞ്ഞു. നീരവ് മോദിയെ ലണ്ടനിൽ കണ്ടെത്തി എന്നതുകൊണ്ടു മാത്രം അദ്ദേഹത്തെ ഉടൻ ഇന്ത്യയിൽ എത്തിക്കും എന്ന് അർത്ഥമില്ല. ഇക്കാര്യത്തിൽ ബ്രിട്ടന്റെ പ്രതികരണം അറിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിദേശകാര്യ വക്താവിന്റെ ഈ പ്രതികരണത്തിൽ നിന്ന് തന്നെ അധികാര കേന്ദങ്ങളിൽ നീരവ് മോദിയുടെ സ്വാധീനം എത്രത്തോളം ഉണ്ടെന്നു പ്രകടമാണ്.
ഇന്ത്യയില്‍ എത്തിക്കാതെ നീരവ് മോദിയെ സഹായിക്കുന്നത് നരേന്ദ്രമോഡിയാണെന്ന ആരോപണവുമായി കോൺഗ്രസ്സ് രംഗത്തെത്തിയിട്ടുണ്ട്.