Mon. Dec 23rd, 2024
കല്പറ്റ:

ലക്കിടിയിലെ ‘ഉപവൻ’ റിസോർട്ടിൽ പോലീസ് വെടിവെപ്പില്‍ മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ സി.പി ജലീല്‍ കൊല്ലപ്പെട്ട സംഭവം വയനാട്ടിലെ ടൂറിസം മേഖലയെ പ്രതികൂലമായി ബാധിക്കും എന്ന് ആശങ്ക. പ്രളയം ഉള്‍പ്പടെ നിരവധി പ്രശ്നങ്ങളെ അതിജീവിച്ച ജില്ലയിലെ ടൂറിസം, റിസോർട്ട് മേഖലകൾക്ക് മാവോവാദി സാന്നിധ്യം നേരത്തേ മുതല്‍ തന്നെ തലവേദനയായിരുന്നു. വൈത്തിരി, സുഗന്ധഗിരി വനങ്ങൾ മാവോവാദികളുടെ സ്ഥിരം താവളമായിട്ട് കാലമേറെയായി. പ്രദേശത്ത് വനത്തോടുചേർന്ന് റിസോർട്ടുകളും പ്രവർത്തിക്കുന്നുണ്ട്. വിദേശ വിനോദസഞ്ചാരികൾ ഉൾപ്പെടെ ഒട്ടേറെപ്പേർ റിസോർട്ടുകളിൽ എത്താറുമുണ്ട്.

വനത്തോടുചേർന്ന് വിവിധ ഹട്ടുകളിലായി 29 മുറികളുള്ള ഉപവൻ റിസോർട്ടില്‍ ബുധനാഴ്ച രാത്രി പോലീസ് വെടിവെപ്പ് നടക്കുമ്പോൾ ജീവനക്കാരെ കൂടാതെ 10 മുറികളിൽ അതിഥികളും ഉണ്ടായിരുന്നു. ഇവരെ വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് പുറത്തെത്തിച്ചത്. ദേശീയപാതയോട് ചേർന്നാണ് ഉപവൻ റിസോർട്ട് സ്ഥിതിചെയ്യുന്നത്. പിറകുവശത്ത് വനമാണ്. ദേശീയപാതയോട് ചേർന്നുള്ള റിസോർട്ടിൽ മാവോവാദികൾ എത്തുകയും ഏറ്റുമുട്ടൽ ഉണ്ടാവുകയും ചെയ്തതാണ് എല്ലാവരെയും ആശങ്കയിലാക്കുന്നത്. നേരത്തേ പ്രളയവും സമീപ ജില്ലകളിലെ നിപ വൈറസ് ബാധയും വയനാട്ടിലെ ടൂറിസം മേഖലയ്ക്ക്‌ കനത്തനഷ്ടമുണ്ടാക്കിയിരുന്നു. അത് അതിജീവിച്ചുവരുമ്പോഴാണ് പുതിയ വെല്ലുവിളി.

വിനോദസഞ്ചാരികളെ ആകർഷിക്കാനായി വിവിധ പരിപാടികൾ ടൂറിസംവകുപ്പ് നടത്തുന്നുണ്ട്. എന്നാൽ ജില്ലയിൽ തുടർച്ചയായുള്ള മാവോവാദി സാന്നിധ്യം ജില്ലയുടെ പ്രതിച്ഛായയെ തകർക്കുമോ എന്ന ആശങ്കയിലാണ് ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവർ. മറ്റു സംസ്ഥാനങ്ങളിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ വയനാട്ടിലെ മാവോവാദി സാന്നിധ്യം മുതലെടുക്കുകയുംചെയ്യും. ഇതും സഞ്ചാരികൾ എത്തുന്നത് കുറയാൻ കാരണമാവും. അവധിക്കാലം തുടങ്ങാനിരിക്കേ ഉണ്ടായ സംഭവം സഞ്ചാരികളുടെ വരവിനെ ബാധിക്കുമോ എന്ന ആശങ്കയാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ.

അടുത്തകാലത്ത് റിസോർട്ടുകളിലെത്തി പണവും ഭക്ഷണവും ആവശ്യപ്പെടുന്നത് മാവോവാദികൾ പതിവാക്കിയതായി പോലീസ് പറയുന്നുണ്ട്. ബിസിനസിനെ ബാധിക്കുമെന്നതിനാൽ മാവോവാദികൾ എത്തിയ വിവരങ്ങൾ റിസോർട്ടുടമകൾ പുറത്തു പറയാറില്ലെന്നും പോലീസ് പറയുന്നു. സംഭവം പുറത്തറിഞ്ഞാൽ സുരക്ഷാ ഭീഷണിയുണ്ടെന്ന് കരുതി അതിഥികൾ എത്താതിരുന്നാലോ എന്ന ഭയം കാരണമാണ് വിവരങ്ങൾ മറച്ചുവെക്കുന്നത്. റിസോർട്ട് ഉൾപ്പെടെ വിവിധയിടങ്ങളിൽ മാവോവാദികൾ എത്തിയവിവരം സംഘം മടങ്ങിയശേഷമാണ് പോലീസ് അറിയുന്നത്.

വനം വാച്ചർമാർ, സർക്കാർ ജോലിക്കാർ, ആദിവാസിവിഭാഗത്തിൽ സർക്കാർ ജോലിയുള്ളവർ എന്നിവരെ കണ്ടെത്തി തടഞ്ഞുനിർത്തി പണം വാങ്ങുന്ന പതിവും മാവോവാദികൾക്ക് ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. വാച്ചർമാർ ജോലികഴിഞ്ഞ് മടങ്ങുമ്പോഴാണ് പണം ആവശ്യപ്പെടുന്നത്. പോലീസ് സുരക്ഷ ശക്തമാക്കിയ ശേഷമാണ് തടഞ്ഞുനിർത്തി പണം വാങ്ങൽ കുറഞ്ഞത്.

അതെ സമയം ജലീലിന്റെ കൂട്ടാളിയായെത്തി ഏറ്റുമുട്ടലിൽ പരുക്കേറ്റതു തമിഴ്നാട്ടുകാരൻ ചന്ദ്രു ആണെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. നിലമ്പൂർ വെടിവയ്പിനു പ്രതികാരം ചെയ്യാൻ രൂപീകരിച്ച വരാഹിണിദളത്തിൽ അംഗമാണു ജലീലിന്റെ കൂട്ടാളിയെന്നു കരുതപ്പെടുന്ന ചന്ദ്രു. ജലീലിനൊപ്പമെത്തിയയാളാണ് എകെ 47 ഉപയോഗിച്ച് പൊലീസിനെ വെടിവച്ചത്. തമിഴ്നാട് പൊള്ളാച്ചി സ്വദേശിയായ ചന്ദ്രുവിന്റെ പേരിൽ കേരളത്തിലും കർണാടകയിലും തമിഴ്നാട്ടിലും കേസുകളുണ്ട്.

ജലീലിനോടൊപ്പമുണ്ടായിരുന്നയാൾ തമിഴ് ഭാഷയിലാണു സംസാരിച്ചതെന്നു റിസോർട്ട് ജീവനക്കാർ മൊഴി നൽകിയിരുന്നു. ചന്ദ്രുവിന്റേതിനു സമാനമായ ശരീരപ്രകൃതിയുള്ളയാളാണു സി.സി.ടി.വി. ദൃശ്യങ്ങളിലുള്ളതെന്ന് അന്വേഷണസംഘം കരുതുന്നു. ചിക്കമഗളൂരുവിൽ മാവോയിസ്റ്റ് അനുകൂല പോസ്റ്റർ പതിച്ചതിന് 2009 ൽ ചന്ദ്രുവിനെ കർണാടക പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ ഇയാൾ പിന്നീട് വയനാട്ടിലേക്കു പ്രവർത്തനകേന്ദ്രം മാറ്റി. വൈത്തിരി വെടിവയ്പിൽ ചന്ദ്രുവിനേറ്റ പരുക്ക് ഗുരുതരമാണെന്ന നിഗമനത്തിലാണു പൊലീസ്. ഇയാൾക്കായുള്ള തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

പോലീസ് വെടിവെപ്പിന്‍റെ പശ്ചാത്തലത്തില്‍ മാവോവാദി ഭീഷണിയെത്തുടർന്ന് നീലഗിരി ജില്ലയിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കേരളവുമായി അതിർത്തി പങ്കിടുന്ന ഗ്രാമങ്ങളിലും ചെക്ക്‌പോസ്റ്റുകളിലുമാണ് സുരക്ഷ വർധിപ്പിച്ചത്. ചെക്ക് പോസ്റ്റുകളിൽ ഒരു ഇൻസ്പെക്ടർ, നാല് സ്പെഷ്യൽ ടാസ്‌ക് ഫോഴ്സ്, മൂന്ന് പോലീസുകാരുൾപ്പെടെ എട്ടു പോലീസുകാർ എന്നിവരെയാണ് അധികമായി നിയമിച്ചിട്ടുള്ളത്. എസ്.പി. ഷൺമുഖ പ്രിയയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ ശക്തമാക്കിയത്. ജില്ലയിൽ മറ്റിടങ്ങളിലും വാഹന പരിശോധനയും പട്രോളിങ്ങും ശക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *