കോഴിക്കോട്:
ലോകസഭ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥികളെ സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി തങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പി..കെ. കുഞ്ഞാലിക്കുട്ടി മലപ്പുറത്തും, ഇ.ടി. മുഹമ്മദ് ബഷീര്‍ പൊന്നാനിയിലും മത്സരിക്കും.
കോഴിക്കോട്ടു ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷമാണു പാണക്കാട് ഹൈദരലി തങ്ങള്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. പൊന്നാനിയില്‍ നിലവിലെ എം.പി, ഇ.ടി. മുഹമ്മദ് ബഷീറിനെ മലപ്പുറത്തേക്ക് മാറ്റണമെന്നും പകരം പൊന്നാനിയില്‍ കുഞ്ഞാലിക്കുട്ടിയെ മത്സരിപ്പിക്കണമെന്നുമുള്ള ആവശ്യം അവസാന ഘട്ടത്തില്‍ ഉയര്‍ന്നിരുന്നു. പൊന്നാനിയിലെ പ്രാദേശിക ലീഗ് നേതാക്കളാണ് ഇത്തരമൊരു ആവശ്യം മുന്നോട്ടു വെച്ചത്. എന്നാല്‍, നിലവിലെ സ്ഥിതി തുടരാന്‍ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു.
മൂന്നാം സീറ്റിനു പകരം, ഒരു രാജ്യസഭ സീറ്റു നല്‍കാമെന്നു കോണ്‍ഗ്രസ് സമ്മതിച്ചതായി ഹൈദരലി തങ്ങള്‍ പറഞ്ഞു. നിലവിലെ ദേശീയ രാഷ്ട്രീയ സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകേണ്ടത് അനിവാര്യമാണ്. അതിനാല്‍ മൂന്നാം സീറ്റ് നല്‍കാനാകില്ലെന്നു കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു.