മുംബൈ:
അന്ധേരിയിലെ മുംബൈ ഫുട്ബോൾ അരീനയിൽ നടന്ന ഐ.എസ്.എൽ രണ്ടാം സെമിയുടെ ആദ്യപാദത്തിൽ എഫ്.സി ഗോവ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കു മുംബൈ എഫ്.സിയെ തോൽപ്പിച്ചു.
20–ാം മിനിറ്റിൽ റാഫേൽ ബാസ്റ്റോസിലൂടെ മുംബൈ ആണ് ആദ്യം ഗോൾ നേടിയത്. പക്ഷെ സെനഗൽ താരം മൗർത്താദ ഫാൾ നേടിയ ഇരട്ടഗോളുകളാണ് ഗോവയ്ക്ക് തകർപ്പൻ ജയം സമ്മാനിച്ചത്. 39, 58 മിനിറ്റുകളിലായിരുന്നു ഫാളിന്റെ ഗോളുകൾ. ജാക്കിചന്ദ് സിങ് (31), ഫെറാൻ കോറോമിനാസ് (51), ബ്രണ്ടൻ ഫെർണാണ്ടസ് (82) എന്നിവരാണ് ഗോവയുടെ ശേഷിച്ച ഗോളുകൾ നേടിയത്.
ഇതോടെ മുംബൈയുടെ ഫൈനൽ മോഹം ഏകദേശം അവസാനിച്ച മട്ടാണ്. ഐ.എസ്.എൽ ഫൈനലിലെത്തണമെങ്കിൽ രണ്ടാം പാദ മത്സരത്തിൽ മുംബൈ ഗോവയുടെ ഗ്രൗണ്ടിൽ അവരെ അഞ്ചുഗോൾ വ്യത്യാസത്തിന് തോൽപ്പിക്കണം.ലീഗ് ഘട്ടത്തിൽ 2 തവണ കളിച്ചപ്പോഴും ഗോവയ്ക്കായിരുന്നു വിജയം. ഗോവയിൽ 5–0ന് മുംബൈയെ മുക്കി; മുംബൈയിൽ നടന്ന കളിയിൽ 2–0നും ഗോവ ജയിച്ചു.ഇത്തവണ സീസണിൽ ഉടനീളം അറ്റാക്കിങ് ഫുട്ബോളാണു ഗോവ കളിച്ചത്. സെർജിയോ ലൊബേറയുടെ പരിശീലനത്തിൽ ഗോവ 19 കളികളിൽ നേടിയതു 41 ഗോൾ. ശരാശരി ഒരു കളിയിൽ 2.15 ഗോൾ. തുടർച്ചയായ രണ്ടാം സീസണിലും ഗോൾഡൻ ബൂട്ട് അവാർഡിലേക്കു കണ്ണുംനട്ട് കളിക്കുന്ന സ്പാനിഷ് സ്ട്രൈക്കർ ഫെറാൻ കൊറോമിനാസ് ആണു ഗോവയുടെ കരുത്ത്. 16 ഗോളുകൾ താരം നേടിക്കഴിഞ്ഞു.
ചൊവ്വാഴ്ച ഗോവയിൽ വെച്ചാണ് രണ്ടാം പാദ മത്സരം നടക്കുന്നത്. വ്യാഴാഴ്ച രാത്രി നടന്ന ആദ്യസെമിയിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് 2–1നു ബെഗംളൂരു എഫ്സിയെ തോൽപിച്ചിരുന്നു.