കോയമ്പത്തൂർ:
ഇന്ത്യയുടെ ദേശീയ ഫുട്ബോൾ ലീഗായ ഐ ലീഗ് കിരീടം ചെന്നൈ സിറ്റി എഫ് സി കരസ്ഥമാക്കി. നിര്‍ണായകമായ കോയമ്പത്തൂരിലെ അവസാന മത്സരത്തിൽ ഒരു ഗോളിനു പിന്നിൽ നിന്നശേഷം നിലവിലെ ജേതാക്കളായ മിനർവ പഞ്ചാബിനെ 3–1നു തകർത്താണു ചെന്നൈ കിരീടമുയർത്തിയത്. 20 കളികളില്‍ 13 ജയമടക്കം 43 പോയിന്‍റാണ് ചെന്നൈ സിറ്റിക്കുള്ളത്. മറ്റൊരു മത്സരത്തില്‍ ഗോകുലം കേരളയെ തോല്‍പ്പിച്ചെങ്കിലും (2-1) ഈസ്റ്റ് ബംഗാളിന് 42 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ. നെരോക്ക എഫ്സിയെ 3–2 നു തോൽപിച്ച റിയൽ കശ്മീരുകാർ മൂന്നാം സ്ഥാനത്ത് എത്തി. അവസാന കളിയിൽ തോറ്റ കേരള ടീമായ ഗോകുലത്തിനു ഒൻപതാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
കോയമ്പത്തൂരിൽ നടന്ന കളിയിൽ മൂന്നാം മിനിറ്റിൽ യുക്രെയ്ൻകാരൻ റോളണ്ട് ബിലാലയിലൂടെ മിനർവ, ചെന്നൈക്കെതിരെ മുന്നിലെത്തിയിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ തിരിച്ചു വന്ന ചെന്നൈ 56ാം മിനിറ്റിൽ കിട്ടിയ പെനൽറ്റിയിലൂടെ ഒപ്പമെത്തി. ഗോളടി വീരൻ പെഡ്രോ മാൻസി ആയിരുന്നു കിക്കെടുത്തത്. 69ാം മിനിറ്റിലും 93ാം മിനിറ്റിലും ഗൗരവ് ബോറയുടെ ഗോളുകളിലൂടെ ചെന്നൈ വിജയവും കന്നി കിരീടവും സ്വന്തമാക്കുകയായിരുന്നു.
കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിലെ കളിയുടെ ആദ്യ പകുതിയിൽ ഈസ്റ്റ് ബംഗാളിനെതിരെ ഗോകുലം മിന്നുന്ന പ്രകടനമായിരുന്നു പുറത്തെടുത്തത്. ട്രിനിഡാഡ് ആൻഡ് ടുബാഗോ താരം മാർക്കസ് ജോസഫിന്റെ മുന്നേറ്റങ്ങൾ കൊൽക്കത്ത നിരയിൽ ആശങ്ക സൃഷ്ടിച്ചു. 3 തവണയാണു മാർക്കസിന്റെ ഷോട്ടുകൾ ഗോളി രക്ഷിത് ദാഗർ കഷ്ടപ്പെട്ടു രക്ഷപ്പെടുത്തിയത്. മാർക്കസിനെ പിടിച്ചുകെട്ടാൻ എതിരാളികൾ പ്രയാസപ്പെട്ടപ്പോൾ ഗോകുലം മേൽക്കൈ നേടി. ആദ്യ പകുതിയിൽ ഗോകുലം 6 കോർണർ വഴങ്ങിയെങ്കിലും ഒരിക്കൽപ്പോലും ആതിഥേയ ഗോളി അർണബ് ദാസിനെ പരീക്ഷിക്കാൻ സന്ദർശകർക്കായില്ല. എന്നാൽ, രണ്ടാം പകുതിയിൽ അർജുൻ ജയരാജിന്റെ പാസ് ഗോകുലത്തിന്റെ വിദേശതാരം ഇമ്മാനുവൽ ബാക്ക് ഹീൽ ചെയ്തത് മാർക്കസ് അത്യുജ്വല ഗ്രൗണ്ടറിലൂടെ വലയിലാക്കി. മനോഹര ഗോളിൽ ഗോകുലം മുന്നിൽ. പക്ഷെ ആവേശം 10 മിനിറ്റേ നീണ്ടുള്ളൂ. ഗോകുലം ഗോളി അർണബ് ദാസ് ബോക്സിനുള്ളിൽ ആന്റോണിയോ റോഡ്രിഗസിനെ തള്ളിയിട്ടതിനു കിട്ടിയ പെനൽറ്റി ജെയ്മി സാന്റോസ് അനായാസം വലയിലാക്കി. 85ാം മിനിറ്റിൽ ക്യാപ്റ്റൻ ലാൽദൻമാവിയ റാൾട്ടേ കൊൽക്കത്തക്കാരെ മുന്നിലെത്തിച്ചു വിജയവും നേടി. മിനർവയോട് ചെന്നൈ തോൽക്കുകയോ സമനില വഴങ്ങുകയോ ചെയ്തിരുന്നെങ്കിൽ ഈസ്റ്റ് ബംഗാളിന് ചാമ്പ്യൻമാരാകാമായിരുന്നു. ഇനി സൂപ്പർ കപ്പിന്റെ നാളുകൾ.