Sun. Dec 22nd, 2024
കുവൈത്ത് സിറ്റി:

കുവൈത്തിൽ സ്വകാര്യ മേഖല ജീവനക്കാർക്ക് 40 ദിവസം വാർഷിക അവധിയും, പതിനഞ്ച് ശതമാനം ശമ്പള വർദ്ധനവും ശുപാർശ ചെയ്യുന്ന നിയമഭേദഗതിക്ക് പാർലിമെന്‍റിന്‍റെ പ്രാഥമികാംഗീകാരം.

കഴിഞ്ഞ ഒമ്പതു വർഷത്തിനിടെ ആദ്യമായാണ് വിദേശികൾക്ക് പ്രയോജനം ലഭിക്കുന്ന ഒരു നിയമ ഭേദഗതി കുവൈത്ത് ദേശീയ അസംബ്ലിയിൽ ഏക്വസ്വരത്തിൽ അംഗീകരിക്കപ്പെടുന്നത്. സ്വകാര്യതൊഴിൽ മേഖലയിൽ ജോലി ചെയ്യുന്നവരുടെ വാര്ഷികാവധി 35 ദിവസമാക്കി ഉയർത്തുക, പ്രതിമാസ വേതനത്തിൽ 15 ശതമാനം വർദ്ധന ഏർപ്പെടുത്തുക എന്നിവയാണ് പ്രധാനഭേദഗതി നിർദേശങ്ങൾ. നിലവിൽ 30 ദിവസമാണ് സ്വകാര്യമേഖലയിലെ വാർഷികാവധി. വെള്ളിയാഴ്ചകൾ കൂടാതെ 35 ദിവസം അവധി നൽകണമെന്ന് വ്യവസ്ഥ ചെയ്യുന്നതാണ് നിർദിഷ്ട ഭേദഗതി.

ഇതോടെ, നിയമം നടപ്പായാൽ ഫലത്തിൽ നാലു വെള്ളിയാഴ്ചകൾ ഉൾപ്പെടെ വാർഷിക അവധികൾ 40 ആയി ഉയരും. പാർലിമെന്റിൽ ആരോഗ്യ സാമൂഹ്യകാര്യ സമിതി അംഗീകാരം നൽകിയ ഭേദഗതി ബില്ല്, വ്യാഴാഴ്‌ചയാണ്‌ പാർലിമെന്റിൽ ചർച്ചക്കെടുത്തത്. ഈ മാസം 19, 20 തിയ്യതികളിലായി ബില്ലിന്മേൽ കൂടുതൽ ചർച്ചകളുണ്ടാകുമെന്നാണ് പാർലിമെന്‍റ് വൃത്തങ്ങൾ നൽകുന്ന സൂചന.

കുവൈത്തിലെ സർക്കാർ ആശുപത്രികളിലേക്ക് 2,000 നഴ്സുമാരെ നിയമിക്കുന്നതിന് ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ.ബാസിൽ അൽ സബാഹിന്റെ അനുമതി കാത്തിരിക്കുകയാണെന്ന് ആരോഗ്യമന്ത്രാലയത്തിലെ മെഡിക്കൽ സർവീസ് സപ്പോർട്ട് വിഭാഗം അസി.അണ്ടർസെക്രട്ടറി ഡോ.ഫവാസ് അൽ റിഫ. സിവിൽ സർവീസ് കമ്മീഷന്റെ നിബന്ധനകൾക്ക് വിധേയമായാകും നിയമനം. നിയമനവുമായി ബന്ധപ്പെട്ട സമിതി പ്രാദേശിക കരാർ കമ്പനികളുമായി ബന്ധപ്പെടും. തുടർന്ന്, വിദേശത്തെ അംഗീകൃത ഏജൻസികളിലൂടെയാകും നിയമനമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *