Thu. Jan 23rd, 2025
ന്യൂഡൽഹി:

ഇന്ത്യയിൽ, മുസ്ലീങ്ങൾക്കു നേരെ വർദ്ധിച്ചു വരുന്ന അക്രമങ്ങൾക്കെതിരെ ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ മേധാവിയുടെ മുന്നറിയിപ്പ്. ഇന്ത്യയിലെ ജനങ്ങളെ “ഭിന്നിപ്പിക്കുന്ന നയങ്ങൾ” സാമ്പത്തിക വളർച്ചയെ തകർക്കുമെന്നും ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ മേധാവി മുന്നറിയിപ്പു നൽകി. ഇടുങ്ങിയ ചിന്താഗതിയിലുള്ള രാഷ്ട്രീയ അജൻഡകൾ സ്വതവേ അസമത്വമുള്ള സമൂഹത്തിൽ ദുർബലരായവരെ അരികുവൽക്കരിക്കുകയാണ് ചെയ്യുന്നതെന്നും അവർ പറഞ്ഞു. ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് മുസ്ലീങ്ങൾക്കും, ദളിതർക്കും, ആദിവാസികൾക്കും നേരെ ഉള്ള അക്രമണങ്ങൾ വര്‍ദ്ധിച്ചുവരികയാണെന്നും, ഇത്തരം അക്രമങ്ങൾക്ക് ഇവർ ഉന്നംവയ്ക്കപ്പെടുന്നതായും സൂചിപ്പിക്കുന്ന നിരവധി റിപ്പോർട്ടുകൾ തങ്ങൾക്കു ലഭിച്ചു കൊണ്ടിരിക്കുകയാണെന്നും ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ മേധാവി, മിഷേൽ ബാഷലെറ്റ് പറഞ്ഞു. ബുധനാഴ്ച്ച ജനീവയിലെ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൌൺസിലിന്റെ വാർഷിക റിപ്പോർട്ടിലാണ് മിഷേൽ ബാഷലെറ്റ് ഇങ്ങനെ പറഞ്ഞത്. അൽ ജസീറയാണ് ഇതുമായി ബന്ധപ്പെട്ട വാർത്ത റിപ്പോർട്ട് ചെയ്തത്.

2018 ൽ ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്കു നേരെ ശാരീരിക ആക്രമണങ്ങൾ, ബലാത്സംഗം, കൊലപാതകം തുടങ്ങിയ വിദ്വേഷ കുറ്റകൃത്യങ്ങൾ അസ്വസ്ഥതയുളവാക്കുന്ന തരത്തിൽ വർദ്ധിച്ചിരിക്കുന്നതായി ആംനസ്റ്റി ഇന്റർനാഷണലിന്റെ ഇന്ത്യൻ ചാപ്റ്റർ ചൊവ്വാഴ്ച റിപ്പോർട്ടു ചെയ്ത് ഒരു ദിവസത്തിന് ശേഷമാണ് ബാഷലെറ്റിന്റെ മുന്നറിയിപ്പ് വരുന്നത്.

ഇംഗ്ലീഷ്, ഹിന്ദി മാധ്യമങ്ങളിൽ കഴിഞ്ഞ വർഷം റിപ്പോർട്ടു ചെയ്യപ്പെട്ട വിദ്വേഷ കുറ്റകൃത്യ കേസുകളുടെ അടിസ്ഥാനത്തിലാണ് ആംനസ്റ്റി ഇന്റർനാഷണൽ വിവരങ്ങൾ ശേഖരിച്ചത്. ഇതുപ്രകാരം 218 വിദ്വേഷ കുറ്റകൃത്യ കേസുകൾ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. ഇതിൽ അക്രമണത്തിന് ഇരയായവരിൽ 142 പേർ ദളിതരും 50 പേർ മുസ്ലീങ്ങളുമാണെന്ന് ആംനസ്റ്റി ഇന്റർനാഷണൽ പറഞ്ഞു.

ഇന്ത്യയിലെമ്പാടും “വിദ്വേഷ കുറ്റകൃത്യങ്ങൾക്ക് ശിക്ഷയില്‍ നിന്നൊഴിവാക്കപ്പെടുന്ന ഒരു സംസ്കാരം” ഉണ്ടെന്ന് ആംനസ്റ്റി ഇന്ത്യയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ആകാർ പട്ടേൽ, അൽ ജസീറയോട് പറഞ്ഞു.

ഇന്ത്യയിലെ നിയമ വ്യവസ്ഥിതി ചില ഇളവുകൾ നൽകി വിദ്വേഷ കുറ്റകൃത്യത്തെ ഒരു കുറ്റകൃത്യമായി തന്നെ അംഗീകരിക്കുന്നില്ലെന്ന് പട്ടേൽ അഭിപ്രായപ്പെട്ടു. ഇത്തരം അക്രമങ്ങളെ തള്ളിപ്പറയാൻ രാഷ്ട്രീയ നേതാക്കൾ കൂടുതൽ ആർജ്ജവം കാണിക്കണമെന്നും, ഇത്തരം കുറ്റകൃത്യങ്ങൾ തടയാൻ, പോലീസ് വേണ്ട നടപടികൾ സ്വീകരിക്കണമെന്നും പട്ടേൽ പറഞ്ഞു

വിദ്വേഷ കുറ്റകൃത്യങ്ങളിൽ കേസെടുത്ത് ഉത്തരവാദിത്തത്തോടെ നിയമം നടപ്പാക്കാൻ സാധിക്കുന്ന തരത്തിലുള്ള നിയമ പരിഷ്കാരങ്ങൾ കൊണ്ടുവരുക എന്നത് വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിനു ശേഷം അധികാരത്തിൽ എത്തുന്നവർ മുൻഗണനയായി കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *