കോഴിക്കോട്:
മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനെ കൈയേറ്റം ചെയ്തു എന്നാരോപിച്ച് കോളേജ് യൂണിയൻ ചെയർമാൻ അമീൻ അബ്ദുള്ളയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. കോളേജ് മാനേജ്മെന്റ് കമ്മിറ്റി (സി.എം.സി.) യോഗത്തിലാണ് തീരുമാനം. വിദ്യാർത്ഥികളുടെ പേരിൽ നടപടി ആവശ്യപ്പെട്ട് നിർത്തി വച്ച എം.ബി.ബി.എസ്. ക്ലാസുകൾ വെള്ളിയാഴ്ച ഉച്ചയോടെ പുനരാരംഭിച്ചതായി കേരള ഗവ. മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.ജി.എം.സി.ടി.എ.) ഭാരവാഹികൾ അറിയിച്ചു.
ഉപരോധത്തിൽ പങ്കെടുത്ത മറ്റു വിദ്യാർത്ഥികളുടെ പേരിൽ നടപടിയെടുക്കുന്നതിനായി കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. കമ്മിറ്റി പരിശോധന നടത്തി മറ്റുള്ളവരുടെ പേരിലും നടപടി സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി. പ്രിൻസിപ്പലും വിവിധ വകുപ്പു മേധാവികളും യൂണിറ്റ് ചീഫുമാരും പ്രത്യേക നിർദേശപ്രകാരം കെ.ജി.എം.സി.ടി.എ. പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. കോളേജ് യൂണിയൻ നടത്തുന്ന പരിപാടികളിൽ കെ.ജി.എം.സി.ടി.എ.യും അധ്യാപകരും സഹകരിക്കില്ലെന്നും നേതാക്കൾ അറിയിച്ചു.
ആശുപത്രി വികസനസമിതി യോഗ മിനുട്സിലെ ദേശവിരുദ്ധ പരാമർശം തിരുത്തണമെന്നാവശ്യപ്പെട്ട് പ്രിൻസിപ്പലിന്റെ ചേംബറിൽ കയറി മൂന്നു മണിക്കൂറോളം ഉപരോധിക്കുന്നതിനിടെ വിദ്യാർത്ഥികൾ അദ്ദേഹത്തെ കൈയേറ്റം ചെയ്തു എന്നാണു ആരോപണം. ഒരു മാസം മുമ്പ് നടന്ന എച്ച്.ഡി.എസ്. യോഗത്തിലെ മിനുട്‌സിലാണ് ഡോ. കഫീൽ ഖാനുമായുള്ള ഇന്ററാക്ടിവ് സെഷൻ രാജ്യദ്രോഹ പ്രവർത്തനമായി പരാമർശിച്ചത്. ഇതു സംബന്ധിച്ച് കളക്ടർ, പ്രിൻസിപ്പൽ എന്നിവരുമായി വിദ്യാർഥി പ്രതിനിധികൾ നടത്തിയ കൂടിക്കാഴ്ചയിൽ തൃപ്തികരമായ പ്രതികരണം ലഭിക്കാഞ്ഞതിനാലാണ് പ്രിൻസിപ്പലിനെ തടഞ്ഞുവയ്ക്കാൻ തീരുമാനിച്ചത്.
കോളേജിൽ ഒരുവിധ രാജ്യദ്രോഹ പ്രവർത്തനവും നടന്നിട്ടില്ല എന്ന് വ്യക്തമാക്കുന്ന അന്വേഷണ റിപ്പോർട്ട് കളക്ടർക്ക് നൽകുക, ഇത് സംബന്ധിച്ച് പ്രിൻസിപ്പൽ പത്രപ്രസ്താവന നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് വിദ്യാർത്ഥികൾ കഴിഞ്ഞദിവസം പ്രിൻസിപ്പലിനെ ഉപരോധിച്ചത്. അതേ സമയം കോളേജ് യൂണിയൻ ചെയർമാനെ സസ്പെൻഡ് ചെയ്ത നടപടി അംഗീകരിക്കാനാവില്ലെന്നാണ് മെഡിക്കൽ കോളേജ് യൂണിയൻ നിലപാട്. സമാധാനപരമായിട്ടാണ് സമരം നടന്നിട്ടുള്ളതെന്നും മൂന്നു മണിക്കൂർ നീണ്ട ഉപരോധത്തിൽ വിദ്യാർത്ഥികളാരും തന്നെ പ്രിൻസിപ്പലിനെ ദേഹോപദ്രവം ചെയ്തിട്ടില്ല എന്നുമാണ് യൂണിയന്‍ നിലപാട്. പ്രിൻസിപ്പലിനെ ശാരീരികമായി ആക്രമിച്ചെന്ന രീതിയിൽ തെറ്റായ ആരോപണമുയർത്തി കോളേജ് യൂണിയൻ ചെയർമാനെ സസ്പെൻഡ് ചെയ്യുകയും ഉടനടി ഹോസ്റ്റലിൽനിന്നും കാമ്പസിൽനിന്നും പുറത്തുപോകാൻ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു എന്നാണ് യൂണിയന്‍ പറയുന്നത്.
ചെയ്യാത്ത കുറ്റംചുമത്തി ചില വിദ്യാർത്ഥികൾക്കു നേരെ അച്ചടക്കനടപടികൾ സ്വീകരിക്കാനുള്ള അധികാരികളുടെ ശ്രമങ്ങൾ ഒരു തരത്തിലും അംഗീകരിക്കാൻ സാധിക്കില്ലെന്നും പ്രതികാര നടപടികൾക്കെതിരേയും കുറ്റക്കാരെ സംരക്ഷിക്കാനുള്ള ശ്രമത്തിനെതിരേയും ശക്തമായി മുന്നോട്ടുപോവുമെന്നും യൂണിയന്‍ പ്രസ്താവനയിൽ അറിയിച്ചു.