കൊച്ചി:
ലോക വനിതാദിനത്തിൽ വനിതാജീവനക്കാർ മാത്രമായി കൊച്ചിയിൽനിന്ന് ദുബൈയിലേക്ക് വിമാനം പറത്തി. നെടുമ്പാശ്ശേരിയിലെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ്, 186 യാത്രക്കാരുമായി ഇങ്ങനെ പറന്നത്. ഈരാറ്റുപേട്ട സ്വദേശിനി ബിന്ദു സെബാസ്റ്റ്യൻ ആയിരുന്നു മുഖ്യ പൈലറ്റ്. പള്ളുരുത്തി സ്വദേശിനി മാർട്ടിന സെലിനായിരുന്നു വിമാനത്തിലെ ഫസ്റ്റ് ഓഫിസർ. എൻ. നിഷ, നജ്മി നാസിർ, സൂര്യ വിശ്വനാഥൻ, ആര്യ രാജേന്ദ്രൻ എന്നിവർ എയർ ഹോസ്റ്റസുമാരും ബിനു സഞ്ജയ് എൻജിനീയറുമായിരുന്നു.
ഉച്ചക്ക് 1.15 നാണ്, വിമാനം നെടുമ്പാശ്ശേരിയിൽനിന്ന് പറന്നുയർന്നത്. വിമാനം രാത്രി ദുബൈയിൽനിന്ന് നെടുമ്പാശ്ശേരിയിലേക്ക് തിരിച്ച് പറത്തിയതും ഇവർതന്നെയായിരുന്നു. വനിത ജീവനക്കാർ മാത്രമായി വിമാനം പറത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് പൈലറ്റ് ബിന്ദു സെബാസ്റ്റ്യൻ പറഞ്ഞു. എല്ലാ മേഖലയിലും സ്ത്രീകളുടെ സജീവസാന്നിധ്യം സമൂഹത്തിന്റെ വളർച്ചക്ക് കൂടുതൽ സഹായകമാകുമെന്നും ഇവർ ചൂണ്ടിക്കാട്ടി. നിലവിൽ എയർ ഇന്ത്യ എക്സ്പ്രസിലെ ജീവനക്കാരിൽ 65 ശതമാനം വനിതകളാണെന്ന പ്രത്യേകതയുണ്ട്.
വിമാനത്താവളവുമായി ബന്ധപ്പെട്ട പല മേഖലയിലും വെള്ളിയാഴ്ച വനിതകളാണ് മേൽനോട്ടം വഹിച്ചത്. വിമാനം പറത്തിയ ജീവനക്കാർക്ക് എയർ ഇന്ത്യ സി.ഇ.ഒ ശ്യാം സുന്ദറിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. എബി ജോർജ്, വിജയ് കൃഷ്ണൻ, അനിൽകുമാർ ജയിൻ എന്നിവർ സംസാരിച്ചു.