കുവൈത്ത് സിറ്റി:
വിദേശികളുടെ പാസ്‌പോര്‍ട്ടില്‍ ഇഖാമ സ്റ്റിക്കര്‍ പതിക്കുന്നത് കുവൈത്ത് ഒഴിവാക്കുന്നു. വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ വിഭാഗത്തില്‍ പാസ്‌പോര്‍ട്ടിന് പകരം, സിവില്‍ ഐ.ഡി കാര്‍ഡ് നല്‍കിയാല്‍ മതിയാകും. കുവൈത്ത് അധികൃതര്‍ രാജ്യത്തെ വിദേശ എംബസികള്‍ക്കു സര്‍ക്കുലര്‍ അയച്ചു. പദ്ധതി ഞായറാഴ്ച മുതൽ പ്രാബല്യത്തില്‍ വരും.
ആദ്യഘട്ടത്തിൽ, ഗാർഹിക തൊഴിലാളികളുടെ പാസ്പോർട്ട് ആകും സ്റ്റിക്കർ വിമുക്തമാക്കുക. തുടർന്ന്, മുഴുവൻ വിദേശികൾക്കും അത് ബാധകമാക്കും. പുതിയ പദ്ധതി അനുസരിച്ച്, ഇഖാമ സംബന്ധിച്ച വിവരങ്ങൾ സിവിൽ ഐ.ഡി കാർഡിലാകും രേഖപ്പെടുത്തുക. അതേസമയം, രാജ്യത്തിനു പുറത്തു പോകുന്നതിനും, രാജ്യത്തേക്ക് വരുന്നതിനും എക്സിറ്റ്/എൻട്രി മുദ്ര പതിക്കുന്നതിന് പാസ്പോർട്ട് കൈവശം കരുതണം.
പാസ്പോർട്ടും, സിവിൽ ഐ.ഡി കാർഡും കൈവശം ഇല്ലെങ്കിൽ യാത്ര സാധ്യമാകില്ലെന്ന്, താമസാനുമതികാര്യവിഭാഗം ഡയറക്ടർ ജനറൽ ബ്രിഗേഡിയർ അബ്ദുൽ ഖാദർ ഷബാൻ, വാർത്താസമ്മേളനത്തിൽ അറിയിച്ചു. ക്രമേണ സിവില്‍ ഐ.ഡി കാര്‍ഡ് മാത്രം മതിയാകും. ഇഖാമ പുതുക്കുമ്പോഴാണ് പുതിയ സംവിധാനത്തിലേക്ക് മാറുക.
ഓൺലൈൻ വഴി ഇഖാമ പുതുക്കാൻ സാധിക്കും. ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയാണ് ഇഖാമ പുതുക്കാൻ അപേക്ഷിക്കേണ്ടത്. വ്യക്തിവിവരങ്ങളും ഹെൽത്ത് ഇൻഷുറൻസ് അടച്ചതിന്റെ തെളിവും മൊബൈൽ നമ്പറും അപേക്ഷയോടൊപ്പം ചേർക്കണം. അപേക്ഷ സ്വീകാര്യമായാൽ ഇഖാമ പുതുക്കിയ വിവരം അപേക്ഷകന് എസ്.എം.എസ് വഴി ലഭ്യമാകും. അപേക്ഷകന്റെ പാസ്പോർട്ട് നമ്പറും ഉൾപ്പെടുത്തിയാകും പുതിയ സിവിൽ ഐ.ഡി കാർഡ്. പുതിയ പദ്ധതിയിലൂടെ സ്‌പോണ്‍സര്‍മാര്‍ പാസ്‌പോര്‍ട്ട് പിടിച്ചുവയ്ക്കുന്ന പ്രവണത കുറയുമെന്നാണ് കരുതുന്നത്.