തൃശ്ശൂര്‍:
സംസ്ഥാന ധനവകുപ്പിന്റെ നേതൃത്വത്തില്‍ വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് തിരിച്ചറിഞ്ഞ് രേഖപ്പെടുത്താന്‍ അതിര്‍ത്തിയിലെ റോഡുകളില്‍ ഓട്ടോമാറ്റിക് സംവിധാനമൊരുക്കുന്നു. നമ്പര്‍ പ്ലേറ്റുകള്‍ രേഖപ്പെടുത്തി ആവശ്യാനുസരണം ഉപയോഗിക്കുന്ന കംപ്യൂട്ടര്‍ അധിഷ്ഠിത സംവിധാനമായ എ.എന്‍.പി.ആര്‍. ആണ് സ്ഥാപിക്കുന്നത്. മോട്ടോര്‍ വാഹനവകുപ്പിന്റെ സഹകരണത്തോടെയുള്ള പദ്ധതി ഇ-വേ ബില്‍ പരിശോധനക്കാണ് ഉപയോഗപ്പെടുത്തുക.
ഈ രീതിയില്‍ ചരക്കുവാഹനങ്ങളുടെ നമ്പര്‍ പരിശോധിച്ചാല്‍ അപ്പോള്‍ തന്നെ ഇ-വേ ബില്‍ ഉണ്ടോ ഇല്ലയോ എന്നു കണ്ടെത്താന്‍ സാധിക്കും. വാഹനം തടഞ്ഞ് നിര്‍ത്തിക്കുന്നതും വൈകിപ്പിക്കുന്നതും ഇതോടെ ഇല്ലാതാകും. ജി.എസ്.ടി. നടപ്പാക്കും മുമ്പ് വാണിജ്യനികുതി ചെക്ക് പോസ്റ്റുകളുണ്ടായിരുന്ന സ്ഥലങ്ങളിലാണ് എ.എന്‍.പി.ആര്‍. സംവിധാനം സ്ഥാപിക്കുന്നത്. ജൂണ്‍ ഒന്നുമുതല്‍ ഇതു പ്രവര്‍ത്തനം തുടങ്ങും. രണ്ടാംഘട്ടമായി മോട്ടോര്‍ വാഹനവകുപ്പ് ഈ സംവിധാനം പ്രയോജനപ്പെടുത്തി അനധികൃത വാഹനങ്ങള്‍ പിടികൂടാനും പദ്ധതിയുണ്ട്.