രാജ്ഷെഹി, ബംഗ്ലാദേശ്:
ദരിദ്രമായ ചുറ്റുപാടുകളോടു പടവെട്ടി, ഒരു മനുഷ്യായുസ്സു മുഴുവൻ മറ്റുള്ളവരിലേക്ക് അറിവു പകരാനുള്ള പ്രയത്‌നങ്ങൾ നടത്തുക. ജീവിതം തന്നെ ഒരു സഞ്ചരിക്കുന്ന ഗ്രന്ഥശാലയാക്കി മാറ്റുക. ഇങ്ങനെയൊരു മനുഷ്യനെക്കുറിച്ച് നമുക്ക് സങ്കല്പിക്കാമോ? എന്നാൽ അങ്ങനെ ഒരാൾ ബംഗ്ളാദേശിൽ ജീവിച്ചിരുന്നു. അദ്ദേഹമാണ് മാർച്ച് ഒന്നിന് അന്തരിച്ച ബംഗ്ളാദേശിലെ അറിയപ്പെടുന്ന സാമൂഹിക പരിഷ്കർത്താവും പുസ്തക സ്നേഹിയുമായിരുന്ന “പോളൻ സർക്കാർ”.
ബംഗ്ളാദേശിലെ ബാഗ ഉപജില്ലയിലെ ബൗഷ ഗ്രാമത്തിൽ വെച്ച് തന്റെ തൊണ്ണൂറ്റിയെട്ടാം വയസ്സിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
“ആളോർ ഫെറിവാല” (വെളിച്ചം പകരുന്നവൻ) എന്നാണ് അദ്ദേഹം ബംഗ്ളാദേശിൽ അറിയപ്പെടുന്നത്. ആ പേര് അന്വർത്ഥമാക്കുന്ന ഒരു ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ഒരായുസ്സ് മുഴുവൻ കാൽനടയായി ദരിദ്രമായ ബംഗ്ലാദേശ് ഗ്രാമങ്ങളിലൂടെ അദ്ദേഹം പുസ്തകകെട്ടുമായി സഞ്ചരിച്ചു. ഗ്രാമീണർക്കും വിദ്യാർത്ഥികൾക്കും പുസ്തകങ്ങൾ വായിക്കാൻ നൽകി അവരിൽ വായനാശീലം വളർത്തി അറിവുള്ളവരാക്കുക എന്നത് തന്റെ ജീവിതദൗത്യമായി അദ്ദേഹം ഏറ്റെടുക്കുകയായിരുന്നു.
1921 ൽ നാടോർ ജില്ലയിലെ ഭഗതിപുരയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ഹാരിസുദ്ദീൻ എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർത്ഥ നാമം. അദ്ദേഹത്തിന്റെ അമ്മ സ്നേഹപൂർവ്വം വിളിച്ചിരുന്ന പോളൻ സർക്കാർ എന്ന പേരിലായിരുന്നു പിന്നീടദ്ദേഹം അറിയപ്പെട്ടിരുന്നത്. തന്റെ അഞ്ചാം വയസ്സിൽ, പിതാവിനെ നഷ്ടപ്പെട്ട പോളൻ സർക്കാരിന്റെ പിന്നീടുള്ള ജീവിതം, അമ്മയും മുത്തച്ഛനുമൊപ്പം ബൗഷ ഗ്രാമത്തിലായിരുന്നു. പട്ടിണിയുടെ കൊടിയ യാതനകളായിരുന്നു അദ്ദേഹത്തിനു ചെറുപ്പകാലത്തു നേരിടേണ്ടി വന്നത്. അതുകൊണ്ടു തന്നെ, ആറാം ക്ലാസിൽ വെച്ച് തന്നെ അദ്ദേഹത്തിന് തന്റെ പഠനം ഉപേക്ഷിച്ചു മുത്തച്ഛനെ ജോലികളിൽ സഹായിക്കേണ്ടി വന്നു.
എന്നിരുന്നാലും, പുസ്തകങ്ങളോടും വായനകളോടുമുള്ള അഭിനിവേശം, കുഞ്ഞായിരുന്നപ്പോൾ മുതൽ അദ്ദേഹത്തിന്റെ മനസ്സിൽ മൊട്ടിട്ടിരുന്നു. അതിനാൽത്തന്നെ, സാധ്യമായ എല്ലായിടത്തുനിന്നും പുസ്തകങ്ങൾ കടം വാങ്ങി വായിച്ച്, അറിവിന്റെ അഗ്നി മനസ്സിൽ കെടാതെ സൂക്ഷിക്കാൻ ചെറുപ്പം മുതലേ അദ്ദേഹം ശ്രമിച്ചിരുന്നു. ചെറുപ്പ കാലത്തു പോളൻ സർക്കാർ ഗ്രാമീണ നാടകപ്രവർത്തനങ്ങളിലും, ഹാസ്യാഭിനയത്തിലും കഴിവു തെളിയിച്ചിരുന്നു. വായനയോടുള്ള കമ്പം കൊണ്ടുതന്നെ, നിരവധി നാടകങ്ങൾക്ക് കഥയും സംഭാഷണങ്ങളും എഴുതാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു.
അതിനിടയിൽ കമ്മിറ്റി ചൗക്കിദാർ ആയി ഒരു ജോലി കിട്ടിയതാണ്, പോളൻ സർക്കാരിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. ഗ്രാമങ്ങൾ തോറും നടന്നു നികുതി പിരിക്കുക എന്നതായിരുന്നു അദ്ദേഹത്തിന് കിട്ടിയ ജോലി. തന്റെ ജോലിയുടെ ഭാഗമായ നീണ്ട നടത്തങ്ങൾ, മറ്റുള്ളവർക്ക് കൂടി ഉപകാരപ്രദമാകാൻ അദ്ദേഹം വഴിയിൽ കാണുന്ന വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ സൗജന്യമായി വിതരണം ചെയ്യാൻ തുടങ്ങി. “പട്ടിണി കൊണ്ടു വീർപ്പു മുട്ടുന്ന ജനതയ്ക്ക് പുസ്തകം വാങ്ങി വായിക്കാൻ എവിടെ പൈസയും നേരവും? അതുകൊണ്ട്, അവരിലെ വായനാശീലം കെടാതെ സൂക്ഷിക്കാൻ, ഞാൻ പുസ്തകങ്ങൾ വിതരണം ചെയ്യുന്നു” ഒരിക്കൽ പോളൻ സർക്കാർ പറഞ്ഞു.
പുസ്തക വിതരണത്തിന് തുടർച്ചയായി അദ്ദേഹം സാമൂഹിക പ്രവർത്തനങ്ങളിലേക്കു തിരിഞ്ഞു. 1965 ൽ അദ്ദേഹം തന്റെ ഗ്രാമത്തിലെ കുട്ടികൾക്കായി “ഹാറൂൺ അൽ റഷീദ്” എന്ന ഹൈസ്‌കൂൾ ആരംഭിച്ചു. അവിടെ ക്‌ളാസ്സുകളിൽ ആദ്യ പത്തു സ്ഥാനത്ത് എത്തുന്നവർക്ക് സമ്മാനമായി അദ്ദേഹം പുസ്തകങ്ങൾ നൽകാൻ തുടങ്ങി. ഇതൊന്നും ബംഗ്ലാദേശിന്റെ ഉൾഗ്രാമങ്ങളിൽ അക്കാലത്തു കേട്ട് കേൾവി പോലും ഇല്ലായിരുന്നു. പുസ്തകങ്ങൾ സമ്മാനമായി നൽകുന്ന സമ്പ്രദായം പിന്നീട് അവിടെയുള്ള സർക്കാർ സ്‌കൂളുകൾ പോലും മാതൃകയായെടുത്തു എന്നതാണ് ചരിത്രം. അതോടെ വലിയൊരു വിഭാഗം വിദ്യാർത്ഥികളിൽ വായനാശീലം വളർത്തിയെടുക്കുന്നതിൽ അദ്ദേഹം വിജയിച്ചു.
1990 ൽ പോളൻ സർക്കാരിന് പ്രമേഹ രോഗം സ്ഥിരീകരിക്കപ്പെട്ടപ്പോൾ മുതലാണ് അദ്ദേഹത്തിന്റെ പുസ്തകജീവിതത്തിന്റെ അടുത്ത ഘട്ടം ആരംഭിക്കുന്നത്. തന്റെ പതിവ് നടത്തത്തിനിടയിൽ ഇരു ചുമലുകളിലും പുസ്തകക്കെട്ടുമായി അദ്ദേഹം വീടുവീടാന്തരം കയറി ഇറങ്ങാൻ തുടങ്ങി. തന്റെ പുസ്തക കെട്ടിൽ നിന്നും ഇഷ്ടമുള്ള പുസ്തകങ്ങൾ എടുത്തു വായിച്ച്, ഒരാഴ്ചക്കുള്ളിൽ തിരിച്ചു തരാൻ അദ്ദേഹം അവരെ പ്രേരിപ്പിച്ചു. ഗ്രാമീണർക്ക്, പ്രത്യേകിച്ച് വീട്ടമ്മമാർക്ക്, പുസ്തകവായനയ്ക്ക് ഇത് നല്ലൊരവസരമായി മാറി.
കാണുന്നവരോടൊക്കെ പുസ്തകവായന എവിടെ വരെ എത്തിയെന്നും, പുതിയ പുസ്തകം ഏതാണ് വേണ്ടതെന്നും അദ്ദേഹം നിരന്തരം ചോദിക്കുമായിരുന്നു. കുറെയധികം പേർക്ക് കഴിവുള്ള വിധത്തിൽ അദ്ദേഹം പുസ്തകങ്ങൾ സമ്മാനിച്ചിരുന്നു. നീണ്ട മുപ്പതു വർഷങ്ങളാണ് അദ്ദേഹം ഒരു ദിവസം പോലും മുടക്കമില്ലാതെ ഇത്തരത്തിൽ സഞ്ചരിക്കുന്ന ഒരു ലൈബ്രറി പോലെ പ്രവർത്തിച്ചത്. അദ്ദേഹം മരിക്കുമ്പോൾ അദ്ദേഹത്തിന്റെ കാൽനട ലൈബ്രറിക്ക്, പത്തു ഗ്രാമങ്ങളിലായി അയ്യായിരത്തോളം സ്ഥിരവരിക്കാർ ഉണ്ടായിരുന്നു എന്നതു തന്നെ അദ്ദേഹത്തിന്റെ മഹത്വം വിളിച്ചോതുന്നു.
ആദ്യകാലങ്ങളിൽ, രാജ്‌ഷെഹി ജില്ലയിൽ മാത്രം അറിയപ്പെട്ടിരുന്ന പോളൻ സർക്കാർ 2006 ൽ ഇറ്റാഡി എന്ന ടെലിവിഷൻ പരിപാടിയിലൂടെയാണ് രാജ്യമെങ്ങും ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. 2009 ൽ, രാജ്‌ഷെഹി ജില്ല പരിഷത് പോളൻ സർക്കാർ, സമൂഹത്തിനു നൽകിയ സംഭാവനകളെ മാനിച്ചു അദ്ദേഹത്തിന്റെ പേരിൽ ഒരു ലൈബ്രറി പണി കഴിപ്പിച്ചു. ബംഗ്ളാദേശ് സർക്കാർ 2011 ൽ രാജ്യത്തെ രണ്ടാമത്തെ സിവിലിയൻ ബഹുമതിയായ “ഏക്‌ഷെപതക്” നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു. അന്ന് കിട്ടിയ സമ്മാനത്തുകയും സ്‌കൂളിന്റെയും ലൈബ്രറിയുടെയും വികസനത്തിനായിരുന്നു അദ്ദേഹം മാറ്റി വെച്ചത്.
2016 ൽ അദ്ദേഹം ബംഗ്ലാദേശ് ഡൈലിക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞത് “ഭക്ഷണവും വസ്ത്രവും സംഭാവന ചെയ്യുന്നവരെ ഞാൻ കാണാറുണ്ട്. പക്ഷെ അറിവു സംഭാവന ചെയ്യുന്നവർ കുറവാണ്. എനിക്കു നടക്കാൻ സാധിക്കുന്നിടത്തോളം ഞാൻ ഈ ജോലി തുടരും. നടക്കാൻ സാധിക്കാതാകുമ്പോൾ എന്റെ ലൈബ്രറി ആ ദൗത്യം ഏറ്റെടുക്കും” എന്നായിരുന്നു.