ഫ്ലോറിഡ:
അമേരിക്കൻ സ്വകാര്യ കമ്പനിയായ “സ്പേസ് എക്സ്” ബഹിരാകാശ നിലയത്തിലേക്കു സഞ്ചാരികളെ എത്തിക്കാനുള്ള ബഹിരാകാശ വാഹനമായ “ഡ്രാഗണ്‍ ക്ര്യൂ കാപ്‌സ്യൂള്‍” പരീക്ഷണാടിസ്ഥാനത്തിൽ വിക്ഷേപിച്ചു. ഫ്ലോറിഡയിലെ കെന്നഡി സെന്ററിൽ നിന്ന് വിക്ഷേപിച്ച ഡ്രാഗൺ കാപ്സ്യൂൾ വിജയകരമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഡോക് ചെയ്തതായി നാസ അറിയിച്ചു. ആറു ദിവസങ്ങൾക്കു ശേഷം ക്യാപ്സൂൾ സ്പേസ് സ്റ്റേഷനിൽ നിന്ന് വേർപെട്ട് സുരക്ഷിതമായി ഭൂമിയിൽ തിരികെ എത്തിയാൽ പരീക്ഷണം പൂർണ്ണ വിജയമാകുകയും മനുഷ്യനെ എത്തിക്കാൻ ശേഷിയുള്ള ആദ്യസ്വകാര്യ കമ്പനിയായി സ്പേസ് എക്സ് മാറുകയും ചെയ്യും.
ഇപ്പോൾ മനുഷ്യരില്ലാതെ പരീക്ഷണ പറക്കൽ ആണ് നടത്തിയിട്ടുള്ളത്. യാത്രികരെ സുരക്ഷിതമായി ബഹിരാകാശത്തെത്തിക്കാൻ സാധിക്കുമെന്ന് തെളിയിക്കണമെന്ന നാസയുടെ നിർദ്ദേശപ്രകരമാണ് പരീക്ഷണാടിസ്ഥാനത്തിലുള്ള വിക്ഷേപണം നടത്തിയത്. ഡ്രാഗൺ കാപ്സ്യൂളിൽ ആസ്ട്രോനോട്ട് വേഷം ധരിച്ച ഹോളിവുഡ് ചലച്ചിത്രം ഏലിയനിലെ “റിപ്ലി” എന്ന കഥാപാത്രത്തിന്റെ ഡമ്മിയും, നിലവിൽ ബഹിരാകാശ നിലയത്തിൽ ഉള്ള ഗവേഷകർക്കാവശ്യമായ സാമഗ്രികളും മാത്രമാണ് ഉള്ളത്. പേടകത്തിനകത്തെ കൃത്രിമ സാഹചര്യങ്ങളിലെ മാറ്റം പഠിക്കുന്നതിനായുള്ള വ്യത്യസ്ത സെൻസറുകൾ റിപ്ലി ഡമ്മിയിലുണ്ട്. അടുത്ത വെള്ളിയാഴ്ചയാകും ഡ്രാഗൺ കാപ്സ്യൂളിന്റെ ഭൂമിയിലേക്കുള്ള മടക്കം.
വാണിജ്യ അടിസ്ഥാനത്തിലുളള ബഹിരാകാശ യാത്രാപദ്ധതി നടപ്പിലാക്കുകയാണ് കാലിഫോർണിയ ആസ്ഥാനമായുള്ള സ്പേസ് എക്സ് കമ്പനിയുടെ ലക്‌ഷ്യം. ടെസ്‌ല മോട്ടോഴ്‌സ്, പേ പാൾ തുടങ്ങിയ കമ്പനികളുടെ സ്ഥാപകനായ എലോൺ മസ്ക് 2002 ഇൽ ആരംഭിച്ചതാണ് സ്പേസ് എക്സ്. 2008 -ൽ ദ്രവരൂപത്തിലുള്ള ഇന്ധനം ഉപയോഗിച്ച് ഒരു റോക്കറ്റിനെ ഭ്രമണപഥത്തിൽ എത്തിക്കുന്ന ആദ്യത്തെ സ്വകാര്യ കമ്പനി, 2010 ൽ ഒരു ബഹിരാകാശവാഹനം വിക്ഷേപിക്കുകയും ഒരു തകരാറും കൂടാതെ തിരിച്ചു ഭൂമിയിൽ ഇറക്കുകയും ചെയ്ത ആദ്യ സ്വകാര്യ കമ്പനി എന്നീ നിലകളിൽ സ്‌പേസ് എക്സ് ശ്രദ്ധയാകർഷിച്ചിരുന്നു.
2015 ൽ സ്‌പേസ് എക്സ് വിക്ഷേപിച്ച ഒരു റോക്കറ്റിന്റെ ആദ്യഘട്ടം, വിക്ഷേപണം നടത്തിയ സ്ഥലത്ത് തന്നെ കേടുപാടൊന്നും കൂടാതെ കുത്തനെ തിരിച്ചിറക്കി. 2016 ൽ മറ്റൊരു പരീക്ഷണത്തിൽ ഇത്തരത്തിൽ വിക്ഷേപിച്ച ഒരു റോക്കറ്റിന്റെ ആദ്യഘട്ടം കടലിൽ നിർത്തിയിട്ട ഒരു ഡ്രോൺ പ്ലാറ്റ്ഫോമിൽ കുത്തനെ തിരികെയിറക്കാനും കമ്പനിക്ക് കഴിഞ്ഞു.
2006 -ൽ അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലേക്ക് ആവശ്യമായ വസ്തുക്കൾ എത്തിച്ചുകൊടുക്കുന്നതിന് നാസ സ്‌പേസ് എക്സുമായി കരാറിൽ ഒപ്പുവച്ചു. ഇതിനെത്തുടർന്ന് അവർ മെയ് 2015 വരെ ഉള്ള കാലഘട്ടത്തിൽ ബഹിരാകാശ കേന്ദ്രത്തിലേക്ക് ഇത്തരത്തിൽ ഉള്ള ആറു പറക്കലുകൾ നടത്തി.
കഴിഞ്ഞ വർഷം ലോകത്തിലെ ഏറ്റവും ശക്തിയേറിയ റോക്കറ്റ് ഫാൽക്കൺ ഹെവി, സ്പേസ് എക്സ് വിജയകരമായി വിക്ഷേപിച്ചു. 18 ബോയിങ് 747 വിമാനങ്ങള്‍ക്ക് തുല്യമായ 2500 ടണ്‍ ഊര്‍ജമാണ് ഈ കൂറ്റന്‍ റോക്കറ്റിന്റെ വിക്ഷേപണത്തിനിടെ എരിഞ്ഞു തീർന്നത്. 63,500 കിലോഗ്രാം ഭാരം വഹിക്കാനുള്ള ശേഷി ഫാല്‍ക്കണ്‍ ഹെവിക്കുണ്ട്.
ഈ വർഷം ജൂലൈയോടെ ഡ്രാഗൺ കാപ്സ്യൂളിൽ യാത്രികരെ ബഹിരാകാശ നിലയത്തിലെത്തിക്കുകയാണ് സ്പേസ് എക്സിന്റെ ലക്ഷ്യം. രണ്ട് ബഹിരാകാശ യാത്രികർ ഇതിനായി തെരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞു. ചന്ദ്രനിലേക്കും ചൊവ്വാ ഗ്രഹത്തിലേക്ക് പോലും മനുഷ്യരെ എത്തിക്കാൻ കമ്പനിയ്ക്ക് പദ്ധതിയുണ്ട്.
സ്പേസ് എക്സിനെക്കൂടാതെ, ബോയിംഗും നാസക്കായി പ്രത്യേക ബഹിരാകാശ വാഹനം രൂപകൽപ്പന ചെയ്യുന്നുണ്ട്. സ്റ്റാർ ലൈനർ എന്ന് പേരിട്ടിരിക്കുന്ന ഈ പേടകവും അടുത്ത് തന്നെ പരീക്ഷണ വിക്ഷേപണം നടത്തും.