Mon. Dec 23rd, 2024
ലൿനൌ:

ലൿനൌവിൽ കാശ്മീരി വഴിവാണിഭക്കാരെ അജ്ഞാതനായ ഒരാൾ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ ബുധനാഴ്ച സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തതായി എ.എൻ.ഐ (ANI) റിപ്പോർട്ട് ചെയ്തു. ഇന്നലെ വഴിവക്കിലിരുന്ന് ഉണങ്ങിയ പഴങ്ങൾ വിൽക്കുകയായിരുന്ന കാശ്മീരികളെ, പട്ടാപകൽ, കാവിവസ്ത്രം ധരിച്ച രണ്ടുപേർ ചേർന്ന് മർദ്ദിക്കുകയായിരുന്നു.

ഇവരെ എന്തിനാണ് അസഭ്യം പറയുന്നതെന്നും മർദ്ദിക്കുന്നതെന്നും ഒരു വഴിപോക്കൻ ചോദിക്കുന്നത് വീഡിയോയിൽ കാണാം “ഇവർ കാശ്മീരികളാണ്. കാശ്മീരിൽ കല്ലുകൾ (പോലീസിന് നേരെ) എറിയുന്നവർ ഇവരാണ്,” എന്നാണ് കാവിവസ്ത്രധാരികൾ ഈ ചോദ്യത്തിന് നൽകുന്ന മറുപടി.

വടികൊണ്ട് മർദ്ദനമേറ്റു കരയുന്ന കച്ചവടക്കാരെ, സമീപത്തുനിന്നുള്ളവർ രക്ഷിക്കാൻ എത്തുകയും, കച്ചവടക്കാരോട്, അവരുടെ തിരിച്ചറിയൽ കാർഡ് ചോദിക്കുന്നതും കാണാം.

മുൻ ബി.ജെ.പി പ്രവർത്തകനാണെന്നും, വിശ്വ ഹിന്ദു പരിഷത്ത് അംഗവുമാണെന്ന് സ്വയം പ്രഖ്യാപിച്ച അക്രമികളിൽ ഒരാളായ ഹിമാൻഷു അവസ്തി, തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ, ലക്നൗവിലെ ദലികുഞ്ജ് പാലത്തിൽ വച്ച് കച്ചവടക്കാരെ മർദ്ദിക്കുന്ന വീഡിയോയും ചിത്രങ്ങളും പോസ്റ്റ് ചെയ്യുകയായിരുന്നു.

കേസിലെ മറ്റൊരു പ്രതിയായ വിശ്വഹിന്ദു ദളിന്റെ അംഗമായ അനിരുദ്ശ്യാം, ഫേസ്ബുക്കിൽ മർദ്ദനത്തിന്റെ വീഡിയോ ലൈവ് പ്രക്ഷേപണം ചെയ്തിരുന്നു. ഈ വീഡിയോ, ഇപ്പോൾ ഇയാളുടെ പ്രൊഫൈലിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.

കുറ്റാരോപിതർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, വേണ്ട നടപടികൾ സ്വീകരിക്കുമെന്നും ലൿനൌ പൊലീസ് പിന്നീട് ട്വീറ്റ് ചെയ്തു.

സി.ആർ.പി.എഫ് ജവാന്മാർ കൊല്ലപ്പെട്ട, പുൽവാമ ആക്രമണത്തിനു ശേഷം, രാജ്യത്തുടനീളം കാശ്മീരികൾക്ക് നേരെ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *