Wed. Jan 22nd, 2025
#ദിനസരികള് 689

അവസാനം, കൊല്ലപ്പെട്ട സൈനികരുടെ കുടുംബവും, രാജ്യത്തിന്റെ പ്രധാനമന്ത്രിയെ അവിശ്വസിച്ചിരിക്കുന്നു. നരേന്ദ്രമോദിയും കൂട്ടരും ഉന്നയിക്കുന്ന അവകാശവാദങ്ങള്‍ക്കപ്പുറം കാര്യങ്ങള്‍ വിശ്വസിക്കണമെങ്കില്‍ കൃത്യമായ തെളിവുകള്‍ വേണമെന്നാണ് സൈനികരുടെ അമ്മമാര്‍ പറയുന്നത്. മാതൃഭൂമി റിപ്പോര്‍ട്ട് വായിക്കുക. “പുൽവാമ ആക്രമണത്തിലേതുപോലെ ആരുടെയൊക്കെയോ കാലുകളും കൈകളുമൊക്കെ തിരിച്ചടി നടത്തിയതിന്റെ ദൃശ്യങ്ങളിൽ കണ്ടു. ആക്രമണമുണ്ടായ ഉടനെ ആരോ ഉത്തരവാദിത്തം ഏറ്റെടുത്തു. തിരിച്ചടി നടത്തിയെന്ന്‌ ഞാൻ വിശ്വസിക്കുന്നു. എന്നാൽ, എവിടെയാണ് അവർ ഇതുചെയ്തത്. കൃത്യമായ തെളിവുകളില്ലാതെ എങ്ങനെയത്‌ വിശ്വസിക്കാൻ കഴിയും. പാകിസ്താൻ പറയുന്നു അവർക്ക് പരിക്കേറ്റിട്ടില്ലെന്ന്. തെളിവുകൾ കാണിക്കൂ. എങ്കിൽ മാത്രമേ ഞങ്ങൾക്ക്‌ സമാധാനം ലഭിക്കൂ. എന്നാൽ മാത്രമേ, എന്റെ സഹോദരന്റെ മരണത്തിന്‌ പകരംവീട്ടിയെന്ന്‌ തോന്നൂ” -രാം വകീലിന്റെ സഹോദരി രാം ലക്ഷ പറഞ്ഞു. “ഞങ്ങൾക്ക്‌ തൃപ്തിയില്ല. ഒട്ടേറെ ആൺമക്കൾ മരിച്ചു. പാകിസ്താന്റെ ഭാഗത്ത് ഒരു മൃതദേഹവും കാണാൻ കഴിഞ്ഞില്ല. ആൾനാശമുണ്ടായതായി സ്ഥിരീകരിച്ച് അവിടെനിന്ന് വാർത്തകളൊന്നും വന്നിട്ടില്ല. ആക്രമണ ദൃശ്യങ്ങൾ ഞങ്ങൾക്ക്‌ ടി.വി.യിൽ കാണണം. അതിനെപ്പറ്റി വീടുകളിൽ സംസാരിക്കണം. ഭീകരരുടെ മൃതദേഹങ്ങൾ കാണണം” -പ്രദീപ് കുമാറിന്റെ അമ്മ സുലേലത പറഞ്ഞു.

എത്ര ദയനീയമാണ് ഒരു രാജ്യത്തിന്റെ ഗതി എന്നു നോക്കുക. സ്വന്തം ജനതയോട് ഇത്രമാത്രം നുണകള്‍ പറഞ്ഞ /പറയുന്ന ഒരു പ്രധാനമന്ത്രിയെ രാജ്യം ഇതിനു മുമ്പ് അഭിമുഖീകരിച്ചിട്ടേയില്ല. കാര്യങ്ങളെ ഗൌരവമായി എടുക്കുന്ന ആരും അയാളുടെ വാക്കുകളെ വിശ്വസിക്കുന്നില്ല. നുണയനും, ആക്രമണോത്സുകത അതിരു കവിഞ്ഞ അര്‍ത്ഥത്തില്‍ കൊണ്ടു നടക്കുന്നവനുമായ ഒരാളാണ് മോദി എന്ന്, ഈ ജനത മനസ്സിലാക്കി വരുന്നത് ശുഭസൂചകമാണ്.

പുല്‍വാമ ഭീകരാക്രമണത്തിന് മറുപടിയായി, പാക്കിസ്ഥാന്റെ അധികാരപ്രദേശത്ത് ഇന്ത്യ കടന്നു കയറി വലിയ തോതില്‍ ആക്രമണം നടത്തിയെന്നും, 250 നും 300 നുമിടയില്‍ ഭീകരവാദികള്‍ കൊല്ലപ്പെട്ടുവെന്നും, നരേന്ദ്രമോദിയും, ബി.ജെ.പിയുടെ നേതൃത്വവും തുടര്‍ച്ചയായി അവകാശമുന്നയിക്കുന്നു. എന്നാല്‍, ആക്രമണം നടത്തിയെന്ന് ഇന്ത്യ അവകാശമുന്നയിച്ച അതേ സമയത്തു തന്നെ, ആ വാദങ്ങളുടെ വിശ്വാസ്യതയെ അന്താരാഷ്ട്രമാധ്യമങ്ങളും, വസ്തുതകളെ സ്നേഹിക്കുന്ന ഇന്ത്യയിലെ മാധ്യമങ്ങളും ചോദ്യം ചെയ്തതാണ്. പഞ്ചനക്ഷത്ര സൌകര്യങ്ങളുടെ വലിയ ഭീകരപരിശീലന കേന്ദ്രങ്ങളാണ് തകര്‍ക്കപ്പെട്ടതെന്നായിരുന്നു, നമ്മുടെ ബി.ജെ.പി അനുകൂല മാധ്യമങ്ങള്‍ ആഘോഷിച്ചത്. വളരെയേറെ ഭീകരന്മാര്‍ കൊല്ലപ്പെട്ടുവെന്നും അവര്‍ പ്രചരിപ്പിച്ചു.

എന്നാല്‍, ഏതോ കാട്ടുമുക്കില്‍ മിസൈല്‍ പതിച്ചതിന്റെ ചിത്രങ്ങളും, ഒരു തരത്തിലുള്ള മരണങ്ങളും നടന്നിട്ടില്ലെന്ന ഗ്രാമീണരുടെ സാക്ഷ്യപത്രങ്ങളും ഉദ്ധരിച്ച് ഇന്ത്യയുടെ അവകാശവാദങ്ങള്‍ പൊള്ളയായിരുന്നുവെന്ന് പല ലോകമാധ്യമങ്ങളും നിലപാടെടുത്തു. ഇന്ത്യ തകര്‍ത്തുവെന്ന് അവകാശപ്പെടുന്ന കെട്ടിടങ്ങള്‍ ഒരു കോട്ടവും കൂടാതെ ഇപ്പോഴും നില്ക്കുന്ന ചിത്രങ്ങളും പുറത്തു വന്നിരിക്കുന്നു.

പുല്‍വാമ ആക്രമണങ്ങളും, തിരിച്ചടി നാടകങ്ങളും ഇന്ത്യയിലെ ഇലക്ഷനെ സ്വാധീനിക്കുവാന്‍ മോദിയും കൂട്ടരും നടത്തിയതാണെന്നു നിരീക്ഷകരും അഭിപ്രായപ്പെടുന്നുണ്ട്. അതാണ് ശരിയെന്ന് തെളിയിക്കുന്ന തരത്തിലാണ് ഓരോ ദിവസം ചെല്ലുന്തോറും കാര്യങ്ങള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നതും. മോദി തന്റെ വീരവാദങ്ങള്‍ ഉന്നയിക്കുന്നത് ഇലക്ഷന്‍ പ്രചാരണ റാലികളിലാണ്.

നരേന്ദ്രമോദിയെപ്പോലെയുള്ള ഒരു നുണയന്‍ ഒരു തരത്തിലും ഒരു തവണ കൂടി ഈ മഹാരാജ്യത്തിന്റെ ഭരണാധികാരിയായി വരരുത്. രാജ്യസ്നേഹികളായ ഓരോ പൌരനോടും രാജ്യം ഇപ്പോള്‍ അപേക്ഷിക്കുന്നത് അതാണ്.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

Leave a Reply

Your email address will not be published. Required fields are marked *