Mon. Dec 23rd, 2024
കൊച്ചി:

ഉത്തരേന്ത്യൻ വാർത്തകളിൽ മാത്രം കണ്ടിരുന്ന കാർഷിക ആത്മഹത്യകൾ, പതിയെ കേരളത്തിലും വ്യാപിക്കുകയാണ്. ആറു മാസത്തിനുള്ളിൽ ഒൻപതു കർഷകരാണ് കടക്കെണി മൂലം കേരളത്തിൽ ആത്മഹത്യ ചെയ്തത്. കഴിഞ്ഞ വർഷം കേരളത്തെ ഗ്രസിച്ച പ്രളയം, കാർഷിക നഷ്ടത്തിന് വലിയൊരു കാരണമായിരുന്നു. ബാങ്കുകളിൽ നിന്നും, സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ നിന്നും കടമെടുത്ത കർഷകർ പൈസ തിരിച്ചടക്കാൻ മാർഗ്ഗമില്ലാതെ നെട്ടോട്ടമോടുകയാണ്. പലരും കൃഷി തന്നെ ഉപേക്ഷിച്ചു. കാർഷിക ആവശ്യങ്ങൾക്കെടുക്കുന്ന തുക, മക്കളുടെ വിദ്യാഭ്യാസം, ഭാവന നിർമ്മാണം എന്നിവക്കെല്ലാം വക മാറ്റി ചെലവാക്കുന്നതുകൊണ്ടാണ് ഇങ്ങനെ പ്രതിസന്ധി നേരിടേണ്ടി വരുന്നതെന്ന് ഒരു വാദമുണ്ടെങ്കിലും, നാണ്യവിളകളുടെ വിദേശ ഇറക്കുമതിയിൽ സർക്കാരുകളുടെ പിടിപ്പുകേടും വിപണിയിൽ കർഷകരുടെ വയറ്റത്തടിക്കുന്നുണ്ട്.

വ്യാപാരക്കരാറുകൾ പാലിക്കുന്നതിന്റെ ഭാഗമായി പാമോയിലിന്റെ ഇറക്കുമതിച്ചുങ്കം 4 – 9% വെട്ടിക്കുറച്ച നടപടിയാണ്, കേരളത്തിലെ കേര കർഷകരെ പ്രതിസന്ധിയിലാക്കിയിട്ടുള്ളത്. വെളിച്ചെണ്ണ (മില്ലിങ്) വില ക്വിന്റലിനു 17,200 രൂപ വരെ താഴ്‌ന്നിരിക്കുന്നു; തയ്യാർ വില 15,600 രൂപ മാത്രം. കഴിഞ്ഞ വർഷം ഈ സമയത്തു മില്ലിങ് ഇനത്തിനു വില 19,000 രൂപയുണ്ടായിരുന്നു; തയ്യാർ വില 18,200 രൂപയും. കൊപ്ര വില അന്നു ക്വിന്റലിന് 13,800 രൂപയായിരുന്നെങ്കിൽ ഇപ്പോഴത്തെ വില 11,100 രൂപ മാത്രം.

കേരളത്തിലെ കാർഷിക രംഗത്തെ താങ്ങി നിർത്തിയിരുന്ന റബ്ബർ വിപണി മാസങ്ങളായി മാന്ദ്യത്തിലാണ്. ഇതിന്റെ പ്രത്യാഘാതം സംസ്‌ഥാനത്തിന്റെ സമ്പദ്‌വ്യവസ്‌ഥയെത്തന്നെ വലിയ തോതിൽ ബാധിച്ചിട്ടുണ്ട്. പലരും റബർ കൃഷി ഉപേക്ഷിച്ചു, അതിനിടെ, റബ്ബർ സംബന്ധിച്ച ദേശീയ നയം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചെങ്കിലും അതു വിപണിയെ ഏതു തരത്തിലൊക്കെ സ്വാധീനിക്കാമെന്ന കാര്യത്തിൽ വ്യക്‌തത കൈവന്നിട്ടില്ല.റബ്ബറിനെ കാർഷിക വിളയായി പ്രഖ്യാപിക്കുക, റബ്ബർ കൃഷിയിൽനിന്നുള്ള വരുമാനം കാർഷിക വരുമാനമായി കണക്കാക്കുക, വിള ഇൻഷുറൻസ് ഏർപ്പെടുത്തുക, താങ്ങുവില ഏർപ്പെടുത്തുക, പുതിയ കൃഷിക്കും ആവർത്തന കൃഷിക്കും സാമ്പത്തിക സഹായം നൽകുക, റബ്ബറൈസ്‌ഡ് റോഡുകളുടെ നിർമാണം വ്യാപകമാക്കുക തുടങ്ങിയ നിർദേശങ്ങളോടെ വാണിജ്യ മന്ത്രാലയം പുറപ്പെടുവിച്ച നയത്തിൽ ഇറക്കുമതി നിരോധന നിർദ്ദേശമില്ല.

കുരുമുളകു കർഷകരാണ് നഷ്ടം സഹിക്കുന്ന മറ്റൊരു കൂട്ടർ. കുരുമുളകു വിപണി നേരിടുന്ന ഏറ്റവും ഗുരുതരമായ പ്രശ്‌നം ഉത്പന്നം കള്ളക്കടത്തായി എത്തുന്നുവെന്നതാണ്. വിയറ്റ്‌നാമിൽനിന്ന് ഇന്ത്യയിലേക്കു നേരിട്ട് ഇറക്കുമതി ചെയ്‌താൽ 51% തീരുവ നൽകണം. അതേസമയം, ശ്രീലങ്കയിൽനിന്നാണെങ്കിൽ എട്ടു ശതമാനം തീരുവ മതി. 2500 ടൺ വരെ തീരുവ ആവശ്യവുമില്ല. ഈ പഴുതുപയോഗിച്ചുള്ള ഇറക്കുമതി തടയണമെന്നു കേരളത്തിലെയും കർണാടകയിലെയും കർഷക സംഘടനകൾ പല തവണ ആവശ്യപ്പെട്ടിട്ടും ഫലപ്രദമായ നടപടികളുണ്ടായില്ല. വിയറ്റ്‌നാമിൽനിന്നുള്ള രണ്ടായിരത്തോളം ടൺ കുരുമുളക് ശ്രീലങ്കയിൽനിന്നുള്ള ഉൽപന്നമെന്ന വ്യാജേന കഴിഞ്ഞ മാസം ഇന്ത്യൻ വിപണികളിലെത്തി. ഇതെല്ലം കേരളത്തിൽ ഉത്‌പാദിപ്പിക്കുന്ന കുരുമുളകിന്റെ വിലയിടിച്ചു.

ചുരുക്കത്തിൽ റബ്ബർ, കുരുമുളക്, പാമോയിൽ തുടങ്ങി കേരളത്തിലെ കാർഷിക വിപണിയുടെ നട്ടെല്ലൊടിക്കുന്ന ഇറക്കുമതികൾ സീസൺ അനുസരിച്ചു നിയന്ത്രിച്ചില്ലെങ്കിൽ കാർഷിക മേഖലയിൽ കൂടുതൽ കൊഴിഞ്ഞുപോകലുകളും, ആത്മഹത്യകളുമായിരിക്കും വരാനിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *