അഹമ്മദാബാദ്:
ഗുജറാത്തിലെ പാട്ടീദാര്‍ സമുദായ നേതാവും പട്ടേല്‍ സംവരണ സമരനേതാവുമായ ഹാര്‍ദിക് പട്ടേല്‍, കോണ്‍ഗ്രസ്സിൽ ചേരാനൊരുങ്ങുന്നു. മാര്‍ച്ച് 12 ന്, ഹാര്‍ദിക്, കോണ്‍ഗ്രസ്സിൽ ചേരുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലായിരിക്കും, ഹാര്‍ദിക്കിന്റെ പാര്‍ട്ടി പ്രവേശനം. ഗുജറാത്തിലെ ജാംനഗര്‍ മണ്ഡലത്തില്‍ നിന്ന് ഹര്‍ദിക് ലോകസഭയിലേക്ക് മത്സരിക്കുമെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. ബി.ജെ.പിയുടെ സിറ്റിങ് സീറ്റാണ് ജാംനഗര്‍. ലോകസഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഹാര്‍ദിക് കോണ്‍ഗ്രസ്സിലെത്തുന്നത്, ഗുജറാത്തില്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.
പട്ടേല്‍ സംവരണം യാഥാര്‍ത്ഥ്യമായ ശേഷമേ മത്സരിക്കൂ, എന്നാണ് ഹാര്‍ദിക് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. സംവരണം ലഭിച്ചതോടെ, ലോകസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ഹാര്‍ദിക് സൂചന നല്‍കിയിരുന്നു. പാട്ടീദാര്‍ സംവരണ പ്രക്ഷോഭത്തിലൂടെ ദേശീയ ശ്രദ്ധയാകര്‍ഷിച്ച ഹാര്‍ദിക്കിലൂടെ, ബി.ജെ.പിയുടെ സിറ്റിങ് സീറ്റായ ജാംനഗര്‍ പിടിക്കാമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്. അഹമ്മദാബാദില്‍ ചേരാനിരിക്കുന്ന, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തോടനുബന്ധിച്ചായിരിക്കും ഹാര്‍ദിക്കിന്റെ പാര്‍ട്ടിയിലേക്കുള്ള വരവ്. യോഗത്തിന്റെ അവസാനം, ദേശീയ നേതാക്കള്‍ പങ്കെടുക്കുന്ന റാലിയും ഇവിടെ നടക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തട്ടകവും, ബി.ജെ.പി ശക്തികേന്ദ്രവുമായ ഗുജറാത്തില്‍ കൂടുതല്‍ ശ്രദ്ധവെച്ച് പ്രവര്‍ത്തനം നടത്താനാണ് കോണ്‍ഗ്രസ് തീരുമാനം. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍, സംസ്ഥാനത്ത് മികച്ച പ്രകടനം കാഴ്ച വെക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നു. ഇത്തവണത്തെ ലോകസഭ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കുമെന്ന് ഹാർദിക് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ലക്‌നൗവിൽ വച്ചാണ് പട്ടേൽ പ്രഖ്യാപനം നടത്തിയത്. എവിടെയാണ് മത്സരിക്കുന്നതെന്നോ, ആരുടെയൊക്കെ പിന്തുണ ലഭിക്കുമെന്നതിനെക്കുറിച്ചോ ഹാർദിക് അന്നു വ്യക്തമാക്കിയിരുന്നില്ല.