Fri. Nov 22nd, 2024

കൊല്ലം:

ഐ.ടി.ഐ വിദ്യാര്‍ത്ഥിയെ വീട്ടില്‍ കയറി മര്‍ദ്ദിച്ചു കൊന്ന കേസില്‍, പ്രധാന പ്രതിയായ സി.പി.എം. നേതാവ് കസ്റ്റഡിയില്‍. സി.പി.എം അരിയല്ലൂര്‍ ബ്രാഞ്ച് സെക്രട്ടറി, സരസന്‍പിള്ളയാണ് പോലീസ് കസ്റ്റഡിയിലായത്. ചവറ സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. ഐ.ടി.ഐ. വിദ്യാര്‍ത്ഥിയായ രഞ്ജിത്തിനെ, വീട്ടില്‍ക്കയറി മര്‍ദ്ദിച്ചു കൊന്ന സംഘത്തിലെ പ്രധാനിയായിരുന്നു സരസന്‍പിള്ളയെന്ന് രഞ്ജിത്തിന്റെ കുടുംബവും അയല്‍വാസികളും അടക്കമുള്ളവര്‍ പൊലീസിന് നേരത്തെ മൊഴി നല്‍കിയിരുന്നു.

ജയില്‍ വാര്‍ഡന്‍ മര്‍ദ്ദിക്കുന്ന സമയത്ത് സമീപത്തുണ്ടായിരുന്ന ആളാണ് വിനീതിന്റെ പിതൃസഹോദരന്‍ കൂടിയായ സരസന്‍ പിള്ള. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ രഞ്ജിത്ത്, ആശുപത്രിയില്‍ കഴിയുന്ന സമയത്ത്, കേസ് ഒത്തുതീര്‍പ്പാക്കാന്‍ ലോക്കല്‍ പോലീസ് മുഖാന്തരം സരസന്‍പിള്ള, രഞ്ജിത്തിന്റെ കുടുംബത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. രഞ്ജിത്തിന്റെ മരണത്തോടെ, സംഭവം വിവാദമായപ്പോള്‍ സരസന്‍പിള്ള ഒളിവില്‍ പോയി.

കൊല്ലം ജില്ല ജയില്‍ വാര്‍ഡന്‍, തേവലക്കര അരിനല്ലൂര്‍ മല്ലകത്ത് വീട്ടില്‍ വിനീതി​​ന്റെ നേതൃത്വത്തില്‍ വീടുകയറി മര്‍ദ്ദിച്ചതിനെ തുടര്‍ന്ന്, ഗുരുതര പരിക്കേറ്റാണ്​ തേവലക്കര അരിനെല്ലൂര്‍ ചിറക്കാലക്കോട്ട് കിഴക്കതില്‍ രഞ്ജിത് മരിച്ചത്​. മര്‍ദ്ദിച്ച സംഘത്തില്‍ ഏഴ് പേരുണ്ടായിരുന്നെന്ന് രഞ്​ജിത്തിന്റെ മാതാപിതാക്കള്‍ പൊലീസില്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. എന്നാല്‍, ജയില്‍ വാര്‍ഡനെ മാത്രമേ അറസ്​റ്റ്​ ചെയ്​തുള്ളൂ. മാധ്യമങ്ങളില്‍ നിന്നടക്കം വലിയ വിമര്‍ശനം ഉയര്‍ന്ന ശേഷമാണ്, ഇയാളെ കേസില്‍ പ്രതിയാക്കാന്‍ പോലീസ് തയ്യാറായത്. ഇയാളെ പിടികൂടാത്തതിനെ തുടര്‍ന്ന് രഞ്ജിത്തിന്റെ കുടുംബം മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതിയും നല്‍കിയിരുന്നു.

നേരത്തെ അറസ്​റ്റിലായ ജയില്‍ വാര്‍ഡന്‍ വിനീത്​ ഉള്‍പ്പെടെ ആറംഗസംഘം​ വീട്ടിലെത്തി രഞ്​ജിത്തിനെ മര്‍ദിച്ചതെന്നാണ്​ മാതാപിതാക്കള്‍ പൊലീസില്‍ നല്‍കിയ മൊഴി. ഇക്കൂട്ടത്തില്‍ വിനീതിന്റെ പിതൃസഹോദരനും സി.പി.എം അരിനല്ലൂര്‍ തെക്ക് ​ബ്രാഞ്ച്​ സെക്രട്ടറിയുമായ സരസന്‍പിള്ളയും ഉണ്ടെന്ന്​ മൊഴിയിലുണ്ട്​. എന്നാല്‍, സരസന്‍ പിള്ള ഉള്‍പ്പെടെ എല്ലാവരെയും പ്രതിപ്പട്ടികയില്‍ നിന്ന്​ ഒഴിവാക്കിയ പൊലീസ്​, ജില്ല ജയില്‍ വാര്‍ഡന്‍ വിനീതിനെ മാത്രം പ്രതിയാക്കുകയായിരുന്നു.

രഞ്ജിത്ത് മരണപ്പെട്ട് അടുത്ത ദിവസം തന്നെ കേസിലെ ഒന്നാം പ്രതിയായ ജയില്‍ വാര്‍ഡന്‍ വിനീതിനെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും ഇത്രദിവസമായിട്ടും സരസന്‍പിള്ളയെ അറസ്റ്റ് ചെയ്യാഞ്ഞത് വിവാദമായിരുന്നു. കഴിഞ്ഞ ദിവസം സരസന്‍പിള്ളയുടെ ഭാര്യയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇയാള്‍ അറസ്റ്റിലായത്.

Leave a Reply

Your email address will not be published. Required fields are marked *