Sun. Sep 8th, 2024
ന്യൂഡൽഹി:

ഡല്‍ഹിയില്‍ നടക്കുന്ന ഷൂട്ടിങ് ലോകകപ്പില്‍ പങ്കെടുക്കേണ്ട മൂന്നംഗ പാക്കിസ്ഥാൻ ടീമിന്, പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍, ഇന്ത്യ വിസ നിഷേധിച്ച സംഭവത്തില്‍ ഇന്ത്യയ്‌ക്കെതിരെ കടുത്ത നിലപാടുമായി രാജ്യാന്തര ഗുസ്തി സംഘടനയായ യുണൈറ്റഡ് വേൾഡ് റസലിങ് രംഗത്ത് വന്നു. തങ്ങളുടെ അംഗരാജ്യങ്ങളിലെ ഗുസ്തി ഫെഡറേഷനുകൾ, ഇന്ത്യൻ ഗുസ്തി ഫെഡറേഷനുമായി ഒരു കാര്യത്തിലും സഹകരണം പാടില്ലെന്ന് യുണൈറ്റഡ് വേൾഡ് റസലിങ് നിർദ്ദേശം നൽകി.

നേരത്തെ, ഈ സംഭവത്തിൽ പ്രതിഷേധിച്ച്, അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയും (ഐ.ഒ.സി) ഇന്ത്യക്കെതിരെ നിലപാട് എടുത്തിരുന്നു. വിസ നല്‍കാത്ത ഇന്ത്യയുടെ നടപടി, ഒളിംപിക് ചാര്‍ട്ടറിന് വിരുദ്ധമാണെന്ന് സ്വിറ്റ്‌സര്‍ലന്‍ഡിലെ ലോസനില്‍ നടന്ന ഐ.ഒ.സി എക്‌സിക്യുട്ടീവ് ബോര്‍ഡ് വിലയിരുത്തി. അന്താരാഷ്ട്ര കായികമല്‍സരങ്ങള്‍ക്ക് ഭാവിയില്‍ ആതിഥ്യം വഹിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയുമായുള്ള ചര്‍ച്ചകള്‍ ഐ.ഒ.സി സസ്‌പെന്‍ഡ് ചെയ്തു. ഇന്ത്യയില്‍ മറ്റു കായിക ഇനങ്ങളിലും വന്‍ ടൂര്‍ണമെന്റുകള്‍ നടത്തരുതെന്ന് അന്താരാഷ്ട്ര ഫെഡറേഷനുകളോടും ശുപാര്‍ശ ചെയ്തു.അതിന്റെ ചുവടു പിടിച്ചാണ് യുണൈറ്റഡ് വേൾഡ് റസലിങ് ഇപ്പോൾ ഇന്ത്യക്കെതിരെ നടപടി എടുത്തിട്ടുള്ളത്.

ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ ഇതിനെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇത്, ഇന്ത്യൻ ഗുസ്തി ടീം അംഗങ്ങളെയും ബാധിക്കുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ട്. ഈയിടെ ബൾഗേറിയയിൽ നടന്ന, രാജ്യാന്തര ഗുസ്തി മത്സരത്തിൽ ഇന്ത്യൻ താരങ്ങൾ രണ്ടു സ്വർണ്ണവും, രണ്ടു വെള്ളിയും കരസ്ഥമാക്കിയിരുന്നു.

2026 ലെ യൂത്ത് ഒളിംപിക്‌സിനും 2030 ലെ ഏഷ്യന്‍ ഗെയിംസിനും 2032 ലെ ഒളിംപിക്‌സിനും ആതിഥേയത്വത്തിന് ശ്രമിക്കുന്ന ഇന്ത്യക്ക്, ഐ.ഒ.സി തീരുമാനം കനത്ത തിരിച്ചടിയായേക്കും. ഇതുപ്രകാരം, ഇന്ത്യയില്‍ ഇനി ഒളിംപിക് കമ്മിറ്റിക്കു കീഴിലുള്ള അന്താരാഷ്ട്ര മല്‍സരങ്ങള്‍ നടക്കണമെങ്കില്‍, യോഗ്യതയുള്ള അംഗരാജ്യങ്ങളുടെയെല്ലാം പങ്കാളിത്തം ഉറപ്പുവരുത്തുമെന്ന് സര്‍ക്കാര്‍ എഴുതിനല്‍കേണ്ടി വരും.

അന്താരാഷ്ട്ര ഷൂട്ടിങ് ഫെഡറേഷനു കീഴില്‍, ഡല്‍ഹിയില്‍ നടക്കുന്ന ലോകകപ്പിലെ രണ്ട് ഒളിംപിക് ക്വാട്ടകളും, ഐ.ഒ.സി റദ്ദാക്കിയിരിക്കുകയാണ്. രണ്ടു പാക് താരങ്ങള്‍ പങ്കെടുക്കേണ്ടിയിരുന്ന പുരുഷവിഭാഗം 25 മീറ്റര്‍ റാപിഡ് ഫയര്‍ പിസ്റ്റള്‍ ഇനത്തിലെ ക്വാട്ടകളാണ് റദ്ദാക്കിയത്. ക്വാട്ടകള്‍ റദ്ദാക്കണമെന്ന് പാക്കിസ്ഥാൻ, ഷൂട്ടിങ് ഫെഡറേഷനോട് ആവശ്യപ്പെട്ടിരുന്നു. ഈയിനത്തില്‍ വിജയിക്കുന്ന രണ്ട് താരങ്ങള്‍ക്ക് ഒളിംപിക്‌സിന് യോഗ്യത ഉറപ്പിക്കാമായിരുന്നു. അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ ഈയിനത്തില്‍ മല്‍സരിക്കുന്നുണ്ട്. അവര്‍ക്കും, മറ്റു രാജ്യങ്ങളില്‍നിന്നുള്ള താരങ്ങള്‍ക്കുമുള്ള അവസരമാണ് നഷ്ടമായത്.

ക്രിക്കറ്റ് ലോകകപ്പിൽ ജൂൺ 16 നു മാഞ്ചസ്റ്ററിൽ വെച്ച് നടക്കേണ്ട ഇന്ത്യ-പാക്ക് മത്സരവും തുലാസിലാണ്. പാക്കിസ്ഥാനുമായി ഇന്ത്യൻ ടീം കളിക്കണോ വേണ്ടയോ എന്നത് കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിന് വിട്ടിരിക്കുകയാണ്.

ഏതായാലും, പുല്‍വാമ ആക്രമണങ്ങള്‍ കായികരംഗത്തേക്കും പ്രതിഫലിക്കുന്നതോടെ, ഇരുരാജ്യങ്ങള്‍ക്കും, കായികരംഗത്തും നഷ്ടമുണ്ടാവുമെന്നാണ് ഇത്തരം സംഭവങ്ങള്‍ വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *