കാസര്‍ഗോഡ്:
സഞ്ജീവനി ആശുപത്രിയില്‍ നിന്നും പുറത്താക്കിയ നഴ്സുമാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട്, മാവുങ്കാല്‍ സഞ്ജീവനി ആശുപത്രിക്കു മുന്നില്‍ നഴ്സുമാരുടെ അനിശ്ചിതകാല സമരം. മിനിമം വേതനമോ, മൂന്ന് ഷിഫ്റ്റ് ഡ്യൂട്ടിയോ, സ്റ്റാറ്റൂട്ടറി ആനുകൂല്യങ്ങളോ ഇല്ലാത്ത നിയമവിരുദ്ധമായ തൊഴില്‍കരാര്‍ ഒപ്പു വെക്കാന്‍ വിസമ്മതിച്ചതിന്റെ പേരിലാണ് 6 നഴ്സുമാരെ ആശുപത്രി മാനേജ്‌മെന്റ് പുറത്താക്കിയത്.
ആറു വര്‍ഷത്തോളം ഇതേ ആശുപത്രിയില്‍ ജോലി പരിചയമുള്ള ജീവനക്കാരോട്, ആശുപത്രി, മറ്റൊരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് നടത്തിപ്പിനു കൊടുക്കുകയാണെന്നും, അതുകൊണ്ട് ഇപ്പോള്‍ ജോലിയില്‍ നിന്നും പിരിഞ്ഞു പോയി, ആശുപത്രി അവര്‍ ഏറ്റെടുത്തതിനു ശേഷം തിരിച്ചു പ്രവേശിക്കാമെന്നും അറിയിച്ചിരുന്നു. എന്നാല്‍ ജോലിയില്‍ തിരിച്ചു പ്രവേശിക്കുമ്പോള്‍, മാനേജ്‌മെന്റ്, നേരത്തെ തയ്യാറാക്കിയിട്ടുള്ള തൊഴില്‍ കരാറില്‍ ഒപ്പു വെക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിനു വിസമ്മതിച്ചതോടെയാണ് 6 പേരെയും പുറത്താക്കുന്നത് .
ആശുപത്രി മാനേജ്‌മെന്റുമായി രണ്ടു മാസത്തെ നിയമപോരാട്ടത്തിനൊടുവില്‍, നഴ്സുമാര്‍ക്ക് അനുകൂലമായി ഹൈക്കോടതി വിധി വന്നു. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും, ജോലിക്കു തിരിച്ചെടുക്കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്നു ഇന്നലെ മുതല്‍ ഇവര്‍ സമരവുമായി രംഗത്ത് ഉണ്ട്. ഇന്ത്യന്‍ നഴ്‌സ് അസോസിയേഷനും, ഹ്യൂമണ്‍ റൈറ്റ്സ് മിഷനും സമരത്തിന് പൂര്‍ണ പിന്തുണ അറിയിച്ചിട്ടുണ്ട്.