അബുദാബി:
യു.എ.ഇ പ്രസിഡന്റിന്റെ കൊട്ടാരം പൊതുജനങ്ങള്‍ക്കു സന്ദർശനത്തിന് തുറന്നു കൊടുക്കുന്നു. പ്രസിഡന്റ് ശൈഖ് ഖലീഫ് ബിന്‍ സായിദ് അല്‍ നഹ്യാന്റെയും, അബുദാബി കിരീടാവകാശിയും, യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ, ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെയും തീരുമാന പ്രകാരമാണിത്. മാര്‍ച്ച് 11 മുതല്‍ സന്ദര്‍ശകരെ അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു.
എന്നാൽ, കൊട്ടാരം പൂര്‍ണമായും കാണുന്നതിനു സന്ദര്‍ശകര്‍ക്ക് അവസരം ഉണ്ടാകില്ല. കൊട്ടാര സമുച്ചയത്തിന്റെ ഭാഗമായ ‘ഖസ്‌റുല്‍ വത്വന്‍’ എന്ന കെട്ടിടത്തിലേക്കാണ് പ്രവേശനം അനുവദിക്കുക. ഇതു പാര്‍ലമെന്റു പോലുള്ള മന്ദിരമാണ്. യു.എ.ഇ മന്ത്രിസഭാ യോഗങ്ങളും, രാജ്യത്തിന്റെ പരമോന്നത ഭരണഘടനാ അധികാരസഭയായ ഫെഡറല്‍ സുപ്രീം കൗണ്‍സില്‍ യോഗങ്ങളും, ചേരുന്നത് ഇവിടെയാണ്. ഔദ്യോഗിക സന്ദര്‍ശനത്തിനെത്തുന്ന, വിവിധ രാഷ്ട്ര നേതാക്കളെ സ്വീകരിക്കുന്നതും ഇവിടെയാണ്. പണ്ഡിതര്‍ക്കും, ഗവേഷകര്‍ക്കും സഹായകരമാകുന്ന, ഖസ്‌റുല്‍ വത്വന്‍ ലൈബ്രറിയിലേക്കും പ്രവേശനമുണ്ട്. ഇവിടെ യു.എ.ഇ യുടെ ചരിത്രം, രാഷ്ട്രീയം, സമൂഹം, സംസ്‌കാരം, പുരോഗമന യാത്ര എന്നിവ സംബന്ധിച്ച ഗ്രന്ഥങ്ങളുടെ വന്‍ ശേഖരമുണ്ട്. രാജ്യത്തെ ജ്ഞാന സമ്പദ്‌വ്യവസ്ഥയാക്കി മാറ്റാനുള്ള വിവിധ പദ്ധതികളുടെ ഭാഗമായാണ് ഖസ്‌റുല്‍ വത്വന്‍ തുറന്നു നല്‍കുന്നത്.
മേഖലയുടെ അറേബ്യന്‍ പാരമ്പര്യത്തിന്റെ സര്‍വ്വ പ്രൗഢിയും വിളിച്ചോതുന്ന കാഴ്ചകളാണ്, ഖസ്‌റുല്‍ വത്വനിന്റെ അകത്തളം. ശില്‍പ്പചാരുതയും, വാസ്തുശാസ്ത്ര രൂപകല്‍പ്പനകളും, കലാ വൈദഗ്ദ്ധ്യവും നിറഞ്ഞതാണ് ഈ സമുച്ചയം. വെസ്റ്റ് വിംഗില്‍ സന്ദര്‍ശകര്‍ക്ക് യു.എ.ഇയുടെ ഭരണ സംവിധാനത്തെ അടുത്തറിയാന്‍ അവസരമുണ്ട്. ഔദ്യോഗിക ഉച്ചകോടികളും, സമ്മേളനങ്ങളും നടക്കുന്ന ഹാളുകളിലേക്കും പ്രവേശനമുണ്ട്. ഈസ്റ്റ് വിംഗിലെ, ഹൗസ് ഓഫ് നോളെജില്‍ സന്ദര്‍ശകര്‍ക്ക് കാണാനായി ശാസ്ത്രം, കല, സാഹിത്യം, സാമൂഹ്യശാസ്ത്രം എന്നീ മേഖലകളില്‍ അറബ് ലോകത്തിന്റെ സംഭാവനകള്‍ എടുത്തു കാണിക്കുന്ന വിശാല പ്രദര്‍ശനം തന്നെ ഒരുക്കിയിട്ടുണ്ട്. വൈകുന്നേരങ്ങളില്‍ ലൈറ്റ് ആന്റ് സൗണ്ട് ഷോയും ആസ്വദിക്കാം.
മൂന്നു വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്ക് പ്രവേശനം സൗജന്യമാണ്. മുതിര്‍ന്നവര്‍ക്ക് 60 ദിര്‍ഹമാണ് ഫീസ്. 4-17 പ്രായ പരിധിയിൽ 30 ദിര്‍ഹം ആണ് ഈടാക്കുന്നത്. ഗാര്‍ഡനിലേക്കു മാത്രം പ്രവേശനം മതിയെങ്കില്‍ മുതിര്‍ന്നവര്‍ക്ക് 25 ദിര്‍ഹമും കുട്ടികള്‍ക്ക് 12 ദിര്‍ഹമും ഫീസ് നല്‍കണം. രാവിലെ 10 മുതല്‍ വൈകുന്നേരം 8 മണി വരെയാണ് പ്രവേശന സമയം.