Sun. Dec 22nd, 2024
കോഴിക്കോട്:

ബന്ധു നിയമന വിവാദത്തില്‍ മന്ത്രി കെ.ടി. ജലീലിനെതിരെ വിജിലന്‍സ് അന്വേഷണമില്ലെന്ന് സര്‍ക്കാര്‍. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനുള്ള മറുപടിയിലാണ്, സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷനില്‍ ജനറല്‍ മാനേജരായി, മന്ത്രി ജലീലിന്റെ ബന്ധു, കെ.ടി അദീബിനെ നിയമിച്ചെന്നതാണ് ആരോപണം. കെ.ടി അദീബിന് യോഗ്യതയില്ലെന്ന് കാണിച്ച്‌ യൂത്ത്‌ലീഗാണ്, നേരത്തെ ആരോപണവുമായി രംഗത്തു വന്നത്. ഒഴിവുള്ള തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത മൂന്നു പേര്‍ക്കും യോഗ്യത ഇല്ലായിരുന്നുവെന്നും, പങ്കെടുക്കാതിരുന്ന അദീബിനാണ് നിയമനം നല്‍കിയതെന്നുമായിരുന്നു ആരോപണം.

ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍, അദീബിന്റെ നിയമനം, നേരത്തെ സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. ഈ വിഷയമാണ് നിലവില്‍, വിജിലന്‍സ് അന്വേഷിക്കേണ്ട സാഹചര്യമില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസിന്റെ പരാതിയിൽ അന്വേഷണം വേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചത്.

ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിൽ ജനറൽ മാനേജർ തസ്​തികയിൽ ​മന്ത്രി ജലീൽ യോഗ്യതാ മാനദണ്ഡങ്ങൾ തിരുത്തി, ബന്ധു അദീപിനെ നിയമിച്ചുവെന്നായിരുന്നു ഫിറോസിന്റെ പരാതി. ജലീലിന്റെ ബന്ധുവിന്​ ആവശ്യമുള്ള യോഗ്യതകളില്ലെന്നും, അടിസ്​ഥാന യോഗ്യത തിരുത്തിയാണ്​ ബന്ധുവിന്​ നിയമനം നൽകിയത്​ എന്നുമായിരുന്നു ആരോപണം. യോഗ്യതയുള്ള മറ്റ്​ അപേക്ഷകരെ തള്ളിയാണ്​ ബന്ധുവിന്​ നിയമനം നൽകിയതെന്നും ഫിറോസ്​ ആരോപിച്ചിരുന്നു.

വിജിലൻസ് ആൻഡ്​ ആൻറി കറപ്​ഷൻ ബ്യൂറോക്കാണ്,​ ഫിറോസ്​ പരാതി നൽകിയിരുന്നത്​. പരാതിയിൽ എന്തു​ നടപടി സ്വീകരിക്കണമെന്ന്​ അന്വേഷിച്ച്​ സർക്കാറിലെ വിജിലൻസ്​ വകുപ്പിലേക്ക്​ ആൻറി കറപ്​ഷൻ​ ബ്യൂറോ പരാതി കൈമാറി.​ തുടർ നടപടി സ്വീകരിക്കേണ്ടതില്ലെന്നു​ വിജിലൻസ്​ വകുപ്പ്​ തീരുമാനിക്കുകയായിരുന്നു. പരാതിക്കാരനായ പി.കെ ഫിറോസ്​ നൽകിയ വിവരാവകാശ പ്രകാരമാണ്​ വിവരം ലഭിച്ചത്​.

ജലീലിനെതിരെ മാത്രമല്ല, പരാതിയിലെ മറ്റ്​ കുറ്റാരോപിതർക്കെതിരെയും അന്വേഷണം ഉണ്ടാകില്ല. അന്വേഷണം ആവശ്യമില്ലെന്നുള്ള തീരുമാനത്തിന്റെ കാരണം മറുപടിയില്‍ വ്യക്തമാക്കുന്നുമില്ല. വിഷയത്തില്‍ പി.കെ ഫിറോസ് കോടതിയെ സമീപിക്കാനൊരുങ്ങുകയാണെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *