നാഗ്‌പൂർ:
ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ, ഇന്ത്യക്ക് എട്ടു റൺസിന്റെ വിജയം. ആവേശം അവസാന ഓവർ വരെ നീണ്ടു നിന്ന മത്സരത്തിൽ ഇന്ത്യയുടെ 250 റൺസിന്റെ ലക്‌ഷ്യം പിന്തുടർന്ന ഓസീസ് 49.3 ഓവറിൽ 242 റൺസിന് ആൾ ഔട്ടായി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ, 48.2 ഓവറില്‍ 250 റൺസായിരുന്നു എടുത്തത്. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ (120 പന്തില്‍ 116) 40-ാം സെഞ്ചുറിയായിരുന്നു ഇന്ത്യന്‍ ഇന്നിങ്‌സിലെ പ്രത്യേകത. പത്തു ഫോറുകൾ ഉൾപ്പെടുന്നതായിരുന്നു കോഹ്‌ലിയുടെ ഇന്നിംഗ്‌സ്.
ഒരു ഘട്ടത്തിൽ മൂന്നു വിക്കറ്റിന് 75 റൺസ് എന്ന നിലയിലായിരുന്ന ഇന്ത്യയെ, ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും വിജയ് ശങ്കറും ചേർന്ന് കര കയറ്റുകയായിരുന്നു. കോഹ്ലിയുമായി 81 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ വിജയ് ശങ്കര്‍ 46 റണ്‍സെടുത്തു. ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മ (0), ശിഖര്‍ ധവാന്‍ (21) എന്നിവര്‍ക്ക് തിളങ്ങാനായില്ല. മധ്യനിരയില്‍ അമ്പാട്ടി റായുഡു(18) കേദാര്‍ ജാദവ് (11) എം.എസ് ധോണി (0) എന്നിവരും നിരാശപ്പെടുത്തിയിരുന്നു. രവീന്ദ്ര ജഡേജ 21 റൺസ് നേടി. ഓസീസിനു വേണ്ടി പാറ്റ് കമ്മിന്‍സ് നാലും, ആഡം സാംപ രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
മറുപടി ബാറ്റിംഗില്‍ ഓസ്‌ട്രേലിയക്ക് മികച്ച തുടക്കം ലഭിച്ചു. ആദ്യ വിക്കറ്റു വീഴ്ത്താന്‍ ഇന്ത്യക്ക് 15-ാം ഓവര്‍ വരെ കാത്തിരിക്കേണ്ടിവന്നു.
ആരോൺ ഫിഞ്ചും, ഉസ്മാൻ ഖ്വാജയും ഓപ്പണിങ് വിക്കറ്റിൽ, 83 റൺസ് കൂട്ടിച്ചേർത്തു. ആരോൺ ഫിഞ്ച് 37 റൺസിനും, ഖ്വാജ 38 റൺസെടുത്തും പുറത്തായി. ഫിഞ്ചിനെ വിക്കറ്റിനു മുന്നിൽ കുരുക്കി, കുൽദീപ് സമ്മാനിച്ച ബ്രേക്ക് ഇന്ത്യ ശരിക്കും മുതലെടുത്തു. ഫിഞ്ചിനു പിന്നാലെ കേദാറിനു വിക്കറ്റ് സമ്മാനിച്ചു ഖ്വാജയും മടങ്ങി. ഇതോടെ ഓസീസിന്റെ താളം തെറ്റി. മധ്യനിരയിൽ ഹാൻഡ്സ്കോംബ് (48), ക്യാരി (22) എന്നിവർക്കൊപ്പമുള്ള കൂട്ടുകെട്ടിലൂടെ സ്റ്റോയ്നിസ്, ഓസീസിനു പ്രതീക്ഷ നൽകിയെങ്കിലും അവസാന ഓവറുകളിൽ തുടർച്ചയായി വിക്കറ്റുകളെടുത്ത് ഇന്ത്യ കളി വരുതിയിലാക്കി.
അവസാന ഓവറിൽ ഓസ്ട്രേലിയക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 11 റൺസായിരുന്നു. കൈയിലുണ്ടായിരുന്നത് രണ്ടു വിക്കറ്റും. എന്നാൽ, മത്സരത്തിൽ തന്റെ രണ്ടാം ഓവർ മാത്രം എറിയാനെത്തിയ വിജയ് ശങ്കർ മത്സരം ഇന്ത്യക്ക് അനുകൂലമാക്കി. മികച്ച ഫോമിലായിരുന്ന സ്റ്റോയിൻസിനേയും, നേരിട്ട രണ്ടാം പന്തിൽ തന്നെ സാംബയേയും പുറത്താക്കി വിജയ് ശങ്കർ ഇന്ത്യയെ വിജയതീരത്തെത്തിച്ചു. 65 പന്തിൽ നാല് ഫോറും ഒരു സിക്സുമടക്കം 52 റൺസടിച്ച് ഓസീസ് പ്രതീക്ഷ അവസാന ഓവർ വരെ നിലനിർത്തിയ മാർക്ക് സ്റ്റോയിന്സാണ് ടോപ്പ് സ്കോറർ 59 പന്തിൽ 48 റൺസുമായി മികച്ച ഫോമിൽ കളിക്കുകയായിരുന്ന പീറ്റർ ഹാൻഡ്‌സ്കോമ്പിനെ രവീന്ദ്ര ജഡേജ റൺ ഔട്ടാക്കിയതും തന്റെ അവസാന സ്പെല്ലിൽ ബുംറ വീഴ്ത്തിയ രണ്ടു വിക്കറ്റുകളും ഇന്ത്യയുടെ വിജയത്തിൽ നിർണായകമായി. ഇന്ത്യക്കായി കുല്‍ദീപ് മൂന്നും ബുംറയും വിജയ് ശങ്കറും രണ്ടു വീതവും ജഡേജയും ജാദവും ഓരോ വിക്കറ്റും വീഴ്‌ത്തി.
ക്യാപ്റ്റന്റെ ഇന്നിംഗ്സ് കാഴ്ചവെച്ചു സെഞ്ച്വറി നേടിയ വിരാട് കോഹ്ലിയാണ് മാൻ ഓഫ് ദി മാച്ച്. ഇതോടെ അഞ്ച് ഏകദിനങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2-0ത്തിന് മുന്നിലെത്തി.ഒപ്പം ഏകദിനത്തിൽ 500 വിജയമെന്ന ചരിത്ര നേട്ടത്തിലും.