തിരുവനന്തപുരം:
കര്‍ഷകര്‍ എടുത്തിട്ടുള്ള കാര്‍ഷിക, കാര്‍ഷികേതര വായ്പകളുടെ ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ തീരുമാനം. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ യോഗത്തിലാണ് തീരുമാനം. കര്‍ഷകരുടെ വായ്പകളില്‍ ഒരു വര്‍ഷത്തേക്ക് സര്‍ഫാസി നിയമം ചുമത്തില്ലെന്നും ബാങ്കേഴ്സ് സമിതി അറിയിച്ചു.
കാര്‍ഷിക വായ്പയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ തീരുമാനങ്ങള്‍, ബാങ്കുകള്‍ തത്വത്തില്‍ അംഗീകരിച്ചതായി കൃഷി മന്ത്രി വി.എസ്. സുനില്‍ കുമാര്‍ അറിയിച്ചു. കര്‍ഷകര്‍ എടുത്ത എല്ലാ വായ്പകള്‍ക്കും മൊറട്ടോറിയം അനുവദിക്കും. വാണിജ്യ പൊതുമേഖലാ ബാങ്കുകളെ, കടാശ്വാസ കമ്മീഷന്റെ പരിധിയില്‍ കൊണ്ടുവരുന്നതിനെ ബാങ്കുകള്‍ സ്വാഗതം ചെയ്തതായും മന്ത്രി വ്യക്തമാക്കി.
ഡിസംബര്‍ 31 വരെയാണ് കര്‍ഷകരുടെ വായ്പകള്‍ക്കു മൊറട്ടോറിയം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് അനുമതിക്കായി സര്‍ക്കാര്‍, ആര്.ബി.ഐയെ സമീപിക്കും. വരുന്ന 12 ന് കൃഷി മന്ത്രി ആര്.ബി.ഐ പ്രതിനിധികളുമായി ചര്‍ച്ച നടത്താനും തീരുമാനമായി. മൊറട്ടോറിയം കാലയളവില്‍ ജപ്തി നടപടികള്‍ ഉണ്ടാകില്ലെന്നും, ബാങ്കുകള്‍ ഉറപ്പു നല്‍കിയിട്ടുണ്ട്.
കടാശ്വാസം രണ്ടു ലക്ഷം ആക്കിയതും, ബാങ്കേഴ്സ് സമിതി അംഗീകരിച്ചു. എന്നാല്‍ അന്തിമ അനുമതി റിസര്‍വ് ബാങ്കിന്റെ അനുമതി ലഭിച്ച ശേഷമാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതിനായി ഉടന്‍ റിസര്‍വ് ബാങ്കിന്റെ അനുമതി വാങ്ങും. ഒരു വര്‍ഷത്തേയ്ക്ക് കാര്‍ഷികേതര വായ്പകള്‍ക്കും ജപ്തിയുണ്ടാകില്ല. വായ്പ്പകളില്‍ ഒരു വര്‍ഷത്തേയ്ക്ക് സര്‍ഫാസി അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
സര്‍ക്കാര്‍ നടപടികള്‍ വിശദീകരിക്കാന്‍, എല്ലാ പഞ്ചായത്തുകളിലും ബാങ്ക് പ്രതിനിധികളെ ഉള്‍പ്പെടുത്തി യോഗം വിളിക്കുമെന്നും കൃഷിമന്ത്രി അറിയിച്ചു. ബാങ്കുകള്‍, ജപ്തി നോട്ടീസ് അയയ്ക്കുന്നതിനെത്തുടര്ന്ന് കര്‍ഷക ആത്മഹത്യകള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ്, കര്‍ഷകരുടെ വായ്പകള്‍ക്കു മോറട്ടോറിയം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
കാര്‍ഷിക കടാശ്വാസ കമ്മീഷന്, 50,000 രൂപ മുതല്‍ ഒരു ലക്ഷം വരെയുള്ള കുടിശ്ശികയ്ക്കു നല്കുന്ന ആനുകൂല്യം, രണ്ടുലക്ഷം രൂപയാക്കി ഉയര്‍ത്താനും തീരുമാനിച്ചിട്ടുണ്ട്. ഇടുക്കി, വയനാട് ജില്ലകളില്‍ കാര്‍ഷിക കടാശ്വാസ കമ്മീഷന്റെ ആനുകൂല്യം, 2018 ഓഗസ്റ്റ് 31 വരെയുള്ള വായ്പകള്‍ക്ക് ബാധകമാക്കും. മറ്റു ജില്ലകളില്‍ 2014 മാര്‍ച്ച് 31 വരെയുള്ള വായ്പകള്‍ക്ക് കമ്മീഷന്റെ ആനുകൂല്യം ലഭിക്കും.
ഇടുക്കി, വയനാട് ജില്ലകളിലെ കൃഷിക്കാര്‍ക്ക് 2014 മാര്‍ച്ച് 31 വരെയും, മറ്റുജില്ലകളില്‍ 2011 ഒക്ടോബര്‍ 31 വരെയുമാണ്, ആനുകൂല്യം ലഭിച്ചിരുന്നത്. ജപ്തി നടപടികള്‍ക്ക് നേരത്തേ മോറട്ടോറിയം പ്രഖ്യാപിച്ചിരുന്നെങ്കിലും പല ബാങ്കുകളും ജപ്തി നടപടികളിലേക്കു കടക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം.