തിരുവനന്തപുരം:
കോഴിക്കോട്ട്, ബുധനും വ്യാഴവും ഉഷ്ണതരംഗത്തിനു സാധ്യതയുണ്ടെന്ന മുന്നറിയിപ്പ്, കേന്ദ്ര കാലാവസ്ഥാ വകുപ്പ് പിന്‍വലിച്ചു. കോഴിക്കോട് ചൊവാഴ്ച രേഖപ്പെടുത്തിയ ഉയര്‍ന്ന ചൂട് 35.4 ഡിഗ്രിയാണ്. മറ്റു ജില്ലകളിലും താപനിലയില്‍ കുറവുണ്ട്. ഇന്നലെ പാലക്കാട്ടാണു കൂടിയ ചൂട് രേഖപ്പെടുത്തിയത്-37.4 ഡിഗ്രി. പുനലൂര്‍ (36.6), കോട്ടയം (35.5), തിരുവനന്തപുരം (35.2) എന്നിങ്ങനെയാണു പ്രധാന നഗരങ്ങളിലെ കൂടിയ താപനില.
അതേസമയം, കടുത്ത ചൂടു മൂലമുണ്ടാകുന്ന സൂര്യാതപം ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടാന്‍ മന്ത്രി കെ.കെ. ശൈലജ ഉന്നതതല യോഗം വിളിച്ചു. സൂര്യാതപം ഏല്‍ക്കുന്നവര്‍ക്കായി, ആശുപത്രികളില്‍ പ്രത്യേക ചികിത്സാ സൗകര്യമൊരുക്കും. ഡെങ്കിപ്പനി, കോളറ, ചിക്കന്‍പോക്സ് തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാതിരിക്കാന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.