Thu. Nov 21st, 2024
#ദിനസരികള് 688

പത്തൊമ്പതാം നൂറ്റാണ്ടിലെ മാര്‍ക്സ്, ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മാര്‍ക്സിനെ നമ്മുടെ ഇടവഴികളെവിടെയെങ്കിലും വെച്ച് കണ്ടുമുട്ടിയെന്നിരിക്കട്ടെ. ഒരു കാരണവശാലും പരസ്പരം തിരിച്ചറിയില്ലെന്നു മാത്രവുമല്ല, പരിചയപ്പെടുത്തിയാല്‍ പോലും പെട്ടെന്ന് മനസ്സിലാകണമെന്നുമില്ല. കാരണം എഴുതിയതില്‍ ഏറെയും കാലഹരണപ്പെട്ടുപോയ ഒരാളെയാണ് നമുക്ക് പരിചയപ്പെടുത്തേണ്ടി വരിക. നിലവിലുള്ള മാര്‍ക്സാകട്ടെ മരിച്ചു പോയ മാര്‍ക്സ് നേരിട്ട കാലത്തില്‍ നിന്നും അതിവിദൂരമായ പ്രഹേളികകളെ അഭിമുഖീകരിക്കുന്ന തിരിക്കിലായിരിക്കും. ചില ജൈവദശകളിലെ സമാനതകളെ അവയെ മുന്‍നിറുത്തി ചൂണ്ടിക്കാണിച്ചാല്‍ മാത്രം പരസ്പരം മനസ്സിലാക്കപ്പെടുന്ന, തികച്ചും അന്യരായ രണ്ടു വ്യക്തികള്‍ മാത്രമായിരിക്കും അവര്‍.

രൂപത്തിലും ഭാവത്തിലും വേറിട്ടു നില്ക്കുമ്പോള്‍ തന്നെ, എന്തോ ചിലത് അവര്‍ക്ക് പൊതുവായുണ്ടെന്ന് നമുക്ക് മനസ്സിലാകും. രണ്ടു നൂറ്റാണ്ടുകളുടെ അകലത്തില്‍ അകന്നു നില്ക്കുന്നുവെങ്കിലും, അദൃശ്യമായ ഒരു കണ്ണി അവരെ വിളക്കി നിറുത്തിയിരിക്കുന്നു. ഇന്നത്തെക്കാലത്തന്റെ വിഷയങ്ങളെ, ഇന്നത്തെ കാലത്തു നിന്നുകൊണ്ടു തന്നെ പരിഹരിക്കാന്‍ പഠിപ്പിക്കുന്നു. കെട്ടിക്കിടക്കുക എന്ന സങ്കല്പത്തെ, അയാള്‍ മുഖവിലക്കെടുക്കുന്നേയില്ല. മാറിക്കൊണ്ടിരിക്കുന്നതിന്റെ കൂട്ടത്തില്‍ മാർക്സും മാറിക്കൊണ്ടേയിരിക്കുന്നു.

നാളിതുവരെ, ജനിച്ചു ജീവിച്ചു മരിച്ചു പോയ ഒരു ചിന്തകനും, മാര്‍ക്സിന്റെ ഈ സവിശേഷമായ ഗുണത്തെ പിന്തുടരുവാന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട വസ്തുത. അവര്‍ ഏതു കാലത്തു ജീവിച്ചുവോ, അതേ കാലത്ത് ഇന്നും ജീവിച്ചുപോകുന്നു. ഉദാഹരണത്തിന്, സോക്രട്ടസീനെ നോക്കൂ. അദ്ദേഹം ജനിച്ചു ജീവിച്ച ഒരു കാലത്തു തന്നെയാണ് ഇന്നും നില്ക്കുന്നത്. എന്നുവെച്ചാല്‍ നാലാംനൂറ്റാണ്ടിലെ സോക്രട്ടീസും, ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സോക്രട്ടീസും ഫലത്തില്‍ ഒരു വ്യത്യാസവും വച്ചു പുലര്‍ത്തുന്നില്ല. ഗ്രീക്കിലെ ഏറ്റവും മികച്ച തത്വജ്ഞാനിയെന്ന്, ഡെല്‍ഫിയിലെ ഒരു ദൈവപ്രഘോഷകന്‍ പറഞ്ഞ വിശേഷണത്തിന്റെ തണലില്‍ സോക്രട്ടീസ് അന്നും ഇന്നും ജീവിക്കുന്നു. അത്യുജ്ജ്വലനായ ഒരു തത്വജ്ഞാനിയായി, അല്ലെങ്കില്‍ അതുമാത്രമായി.

മാര്‍ക്സോ? അയാള്‍ 1883 ല്‍ മരിച്ചു. ലണ്ടനിലെ ഹൈഗേറ്റ് ശ്മശാനത്തില്‍, നിരീശ്വരവാദികള്‍ക്കും, മറ്റു ഒഴിച്ചിട്ടിരിക്കുന്ന ഒരു മൂലയില്‍ പട്ടിണിയിലും ദാരിദ്ര്യത്തിലും തുലഞ്ഞ്, ശ്വാസകോശരോഗം ബാധിച്ച് മരിച്ചു പോയ ആ മനുഷ്യനെ അടക്കം ചെയ്യുന്നത് ലോകം കണ്ടതാണ്. അന്ന് അയാള്‍ക്ക് അറുപത്തിനാലു വയസ്സുമാത്രമായിരുന്നു പ്രായം. കുറച്ചു കൂട്ടുകാരും കുടുംബക്കാരും മാത്രമാണ് കുഴിച്ചിടാന്‍ എത്തിച്ചേര്‍ന്നത്. എഴുതിക്കൊണ്ടിരുന്ന പുസ്തകം അയാള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടായിരുന്നില്ല. താന്‍ കണ്ട സ്വപ്നങ്ങള്‍ എന്നെങ്കിലും നടപ്പിലാക്കപ്പെടുമോയെന്ന് എന്ന് ആശിക്കാന്‍‌ പോലുമുള്ള ഒരവസരവും അദ്ദേഹത്തിന് ലഭിക്കുന്ന തരത്തില്‍ ലോകത്തെവിടേയും ഒരു സംഭവവും സൃഷ്ടിക്കപ്പെട്ടില്ല. എന്നാല്‍, തന്റെ ആത്മസുഹൃത്തായ ഫ്രെഡറിക് ഏംഗല്‍സ് അയാളെക്കുറിച്ച് ശുഭപ്രതീക്ഷ പുലര്‍ത്തിയിരുന്നു. മാര്‍ക്സ് തന്റെ രചനകളിലൂടെ നൂറ്റാണ്ടുകള്‍ കഴിഞ്ഞാലും വിസ്മരിക്കപ്പെടാനിടയില്ലാത്ത വിധം ജീവിച്ചുപോകുമെന്ന് ഏംഗല്‍സ് മരണാനന്തരം നടത്തിയ ഒരു അനുസ്മരണ പ്രഭാഷണത്തില്‍ പറയുന്നുണ്ട്.

ലോകം പ്രതിസന്ധികളെ അഭിമുഖീകരിക്കുമ്പോഴൊക്കെ, ഹൈഗേറ്റ്സിലെ ശ്മശാനത്തില്‍ ഉറങ്ങിക്കിടക്കുന്ന മാന്ത്രികനായ ആ യഹൂദന്‍ ഉണര്‍‌ന്നെഴുന്നേല്ക്കും. പുതിയ കാലത്തിന്റെ വെല്ലുവിളികളെ നേരിടാന്‍ തക്കവണ്ണം തന്റെ ഷൂസിന്റെ വള്ളികളും ബെല്‍ട്ടിന്റെ കുടുക്കുകളും ശരിയായ വിധത്തില്‍ ക്രമീകരിച്ചുകൊണ്ട് എഴുന്നേറ്റു നില്ക്കും. മരിച്ചുപോയ മാര്‍ക്സില്‍ നിന്നും ഏറെ വിദൂരസ്ഥനായ മറ്റൊരാളായിട്ടായിരിക്കും അയാള്‍ ലോകത്തിന്റെ മുന്നില്‍ നില്ക്കുക. ഇത് മാര്‍ക്സിന്റെ മാത്രം പ്രത്യേകതയാണ്. സാഹചര്യങ്ങളുടെ സവിശേഷതകളോട് അതിനുമുമ്പൊരിക്കലും പ്രതികരിക്കാത്ത രീതിയിലായിരിക്കും അദ്ദേഹം പ്രതികരിക്കുക. പുതിയ കാലത്തിന്റെ പ്രശ്നങ്ങള്‍ക്ക് പുതിയ കാലത്തിന്റെ പ്രതിവിധികള്‍. അങ്ങനെ ഓരോ കാലത്തും ഓരോ പ്രശ്നങ്ങളേയും ഓരോ മാര്‍ക്സുകള്‍ നേരിട്ടു കൊണ്ടിരിക്കുന്നു.

മരിച്ചു പോയ മാര്‍ക്സിനേയും, പുതിയ കാലത്തിന്റെ മാര്‍ക്സിന്റേയും ബന്ധിപ്പിക്കുന്നതായി ആകെ ഒരു വിശഷതയേയുള്ളു. അത് ഉപ്പാണ്. വിയര്‍ക്കുന്നവന്റെ, അധ്വാനിക്കുന്നവന്റെ ഉപ്പ്. ആ ഉപ്പ് എങ്ങനെയൊക്കെയാണ് ഈ നൂറ്റാണ്ടുകളിലൂടെ നമ്മുടെ രുചിയായി പ്രവര്‍ത്തിച്ചു പോന്നതെന്നാണ് എറിക് ഹോബ്സ് ബോം ചിന്തിക്കുന്നത്.

മനോജ് പട്ടേട്ട്, വയനാട്ടുകാരന്‍, മാനന്തവാടി സ്വദേശി.

Leave a Reply

Your email address will not be published. Required fields are marked *