റിയാദ്:
സൗദി അറേബ്യയിൽ സിനിമ പ്രദർശിപ്പിക്കാൻ, ഒരു കമ്പനിക്കു കൂടി ലൈസൻസ് നൽകി. ഇത്തവണ ഫവാസ് അൽ ഹൊക്കൈർ എന്ന സൗദി കമ്പനിയാണ്, ലൈസൻസ് നേടിയത്. ആദ്യമായാണ് തിയേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന്, ഒരു സൗദി കമ്പനി ലൈസന്‍സ് നേടുന്നത്. തിയേറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതിനു, ജനറല്‍ കമ്മീഷന്‍ ഫോര്‍ ഓഡിയോവിഷ്വല്‍ മീഡിയ നല്‍കുന്ന ഏഴാമത്തെ ലൈസന്‍സാണിത്. പൊതു ദൃശ്യ ശ്രാവ്യ മാധ്യമ വിഭാഗം ചെയർമാൻ, ബദർ ബിൻ ഹുസൈൻ അൽ സഹ്‌റാനിയുടെ സാന്നിധ്യത്തിൽ സൗദി വിവര വിനിമയ മന്ത്രി തുർക്കി അൽ ശബാനയാണ് അനുമതി പത്രം കൈമാറിയത്.
മൂവി എന്ന ബ്രാന്റ് നെയിമില്‍ അറിയപ്പെടുന്ന, അല്‍ജീലുല്‍ ഖാദിം (നെക്സ്റ്റ് ജനറേഷന്‍) കമ്പനിയാണ് പുതിയ ലൈസന്‍സ് നേടിയത്. ഫവാസ് അല്‍ ഹൊക്കൈർ കമ്പനിക്കു കീഴിലുള്ള നെക്സ്റ്റ് ജനറേഷൻ കമ്പനിക്കു വിദേശ സ്ഥാപനമായ “ദി ലൈറ്റ്” എന്ന സിനിമ കമ്പനിയുമായി വ്യാപാര പങ്കാളിത്തം ഉണ്ട്. ജിദ്ദയിലെ “മാൾ ഓഫ് അറേബ്യ” യിലാണ് ഇവരുടെ ആദ്യത്തെ സിനിമ തിയറ്റർ വരുന്നത്. ജിദ്ദ, റിയാദ്, ദമാം എന്നിവിടങ്ങളില്‍ ആകെ 50 സ്‌ക്രീനുകള്‍ അടങ്ങിയ ആറു തിയേറ്ററുകള്‍, ഈ വര്‍ഷം സ്ഥാപിക്കുന്നതിന് കമ്പനി ലക്ഷ്യമിടുന്നു.
സിനിമ പ്രദർശനം ആഗ്രഹിക്കുന്ന സ്വദേശി കമ്പനികൾക്ക്, എളുപ്പത്തിൽ അനുമതി പത്രം ലഭിക്കത്തക്ക രീതിയിൽ നടപടികൾ ലഘൂകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. സിനിമ ഉൾപ്പെടെയുള്ള ദൃശ്യ ശ്രാവ്യ രംഗം വികസിപ്പിക്കാനാവശ്യമായ ശ്രമങ്ങളിലാണെന്നും, അൽ സഹ്‌റാനി പറഞ്ഞു. വിഷൻ 2030 ന്റെ ഭാഗമായി നിലവാരമുള്ള സേവനങ്ങൾ ഉറപ്പ് വരുത്തുന്നതിനും, സ്വദേശികൾക്ക് കൂടുതൽ തൊഴിൽ ലഭ്യമാക്കുന്നതിനും ഉള്ള പ്രവർത്തനത്തിന്റെ ഭാഗമാണ് ഈ നീക്കം.