കോഴിക്കോട്:
കാസര്‍കോട് ഇരട്ടക്കൊലപാതക കേസിലെ ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത്, കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണെന്ന്, യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ്. കാസര്‍കോട് പെരിയയില്‍ കൊല്ലപ്പെട്ട, ശരത് ലാലിന്റേയും കൃപേഷിന്റേയും ചിതാ ഭസ്മം വഹിച്ചുകൊണ്ടുള്ള ധീര സ്മൃതിയാത്രയ്ക്ക്, മുതലക്കുളത്ത് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.എം സെക്രട്ടറിയുടെയും, മറ്റു നേതാക്കളുടെയും പ്രതികരണങ്ങള്‍ സത്യമായിരുന്നെങ്കില്‍, യാഥാര്‍ത്ഥ പ്രതികളെ അറസ്ററു ചെയ്യുകയാണ് വേണ്ടത്. പകരം, കേസ്സ് അന്വേഷിക്കുന്ന സംഘങ്ങളെ മുഴുവനായും മാറ്റുകയാണ് സര്‍ക്കാര്‍ ചെയ്തത്. കാസര്‍കോടില്‍ കൊലവിളി പ്രസംഗം നടത്തിയ വി.പി.പി. മുസ്തഫയെ, ചോദ്യം ചെയ്യാന്‍ പോലും തയ്യാറാകാത്ത പോലീസ്, കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ പങ്കെടുത്തവരെ സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എമ്മിന്റെ അക്രമ ഫാസിസ്റ്റ് രാഷ്ട്രീയം വെച്ചുപുറപ്പിക്കാനാവില്ല. പശ്ചിമ ബംഗാളിലും തൃപുരയിലും എങ്ങനെയാണോ കമ്മ്യൂണിസ്റ്റുകാർ വെറുക്കപ്പെട്ടത്, അതേ സാഹചര്യമാണ് സംസ്ഥാനത്തും ഉയര്‍ന്നു വരുന്നത്. കടക്കു പുറത്തെന്ന് പറയുന്ന മുഖ്യമന്ത്രിയുടെ അണികളോടും, പെരിയയിലെ അമ്മമാര്‍ അതു തന്നെയാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്മൃതി യാത്രയുടെ ഭാഗമായി നടന്ന സ്മൃതി സംഗമം ചരിത്രകാരന്‍ എം.ജി.എസ് നാരായണന്‍ ഉദ്ഘാാടനം ചെയ്തു. കോഴിക്കോട് പാര്‍ലമെന്റ് കമ്മിറ്റി പ്രസിഡന്റ് പി.പി. നൗഷിര്‍ അധ്യക്ഷനായി. എം.കെ രാഘവന്‍ എം.പി, ടി.പി രാജീവന്‍, യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ സി.ആര്‍ മഹേഷ്, ആദം മുല്‍സി, എം.ഷിബു, വിദ്യാബാലകൃഷ്ണന്‍, സി.വി. ജിതേഷ് തുടങ്ങിയവര്‍ പങ്കെടുത്തു. യാത്ര മാര്‍ച്ച് അഞ്ചിന് തിരുവനന്തപുരത്തെ തിരുവല്ലത്ത് അവസാനിക്കും.