Wed. Jan 22nd, 2025
ന്യൂഡൽഹി:

മൈക്രോസോഫ്റ്റ് നടത്തിയ സർവേയിൽ, ഇന്ത്യയിലെ 64% ആളുകളും വ്യാജ വാർത്തകളെ നേരിടേണ്ടി വന്നവരാണെന്ന് കണ്ടെത്തി. ആഗോള ശരാശരിയിൽ ഇതു വെറും 57 ശതമാനം മാത്രമാണ്. ഇന്ത്യയിൽ, ഇന്റർനെറ്റിലൂടെ പ്രചരിക്കുന്ന വ്യാജ വാർത്തകൾ മൂലം കബളിപ്പിക്കപ്പെടുന്നവരും ചില്ലറയല്ല. ആഗോള ശരാശരി 50 ശതമാനമാണെങ്കിൽ ഇന്ത്യയിൽ അത് 54 ശതമാനം ആണ്. ഇന്റർനെറ്റിലൂടെയുള്ള വ്യാജ പ്രചാരണം കാരണം നാല്പതോളം ആളുകളാണ് ഇന്ത്യയിൽ കഴിഞ്ഞ വർഷം കൊല്ലപ്പെട്ടത്.

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന ആളുകൾ എന്ന രീതിയിൽ, വാട്‌സാപ്പിൽ പ്രചരിച്ച ഫോട്ടോകൾ കണ്ട്, കഴിഞ്ഞ വർഷം, ഇന്ത്യയിൽ പല ഭാഗങ്ങളിലും ആൾക്കൂട്ട വിചാരണയ്ക്കിടയാക്കുകയും മരണങ്ങൾ സംഭവിക്കുകയും ചെയ്ത കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതുകാരണം ഒരു മെസ്സേജ് ഫോർവേഡ് ചെയ്യുന്നതിനു വാട്‌സാപ്പ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയിൽ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ, പുറത്തു വരുന്ന ഇത്തരം വാർത്തകൾ വൻ പ്രതിസന്ധികൾ സൃഷ്ടിച്ചേക്കാം. മറ്റെല്ലാ ദൃശ്യ- ശ്രവണ മാദ്ധ്യമങ്ങളെയും പോലെ, സാമൂഹികമാദ്ധ്യമങ്ങളും ഇന്റർനെറ്റും ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രചാരണ മേഖലകളാണ്.

തിരഞ്ഞെടുപ്പ് പ്രചാരണം കുറ്റമറ്റതാക്കുവാനും ഇത്തരം വ്യാജ വാർത്തകളെ ഇല്ലാതാക്കുന്നതിനും വാട്‌സാപ്പും തയ്യാറായിക്കഴിഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമ്മിത സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് വാട്‌സാപ്പ് പുതിയ സംവിധാനങ്ങൾ തയ്യാറാക്കുന്നത്. കൂടാതെ, എല്ലാ രാഷ്ട്രീയപ്പാർട്ടികൾക്കും, വിദ്വേഷജനകമായതോ, തെറ്റായതോ ആയ വിവരങ്ങൾ നൽകരുതെന്ന് ശക്തമായ താക്കീതും നൽകിയിട്ടുണ്ട്. ഇത്തരത്തിൽ പ്രശ്നങ്ങളുള്ള അക്കൗണ്ടുകൾ കണ്ടുപിടിച്ചാൽ ഓട്ടോമാറ്റിക് ആയി അത്തരം അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യപ്പെടും. കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ ആറു ദശലക്ഷത്തിലധികം അക്കൗണ്ടുകളാണ് വാട്‌സാപ്പ് നിരോധിച്ചത്.

സാമൂഹികമാദ്ധ്യമങ്ങൾക്ക് ശക്തമായ സ്വാധീനമുള്ള ഈ തിരഞ്ഞെടുപ്പിൽ വാട്‌സാപ്പിന്റെ ഇത്തരമൊരു നീക്കം സ്വാഗതാർഹമാണ്. ഇത്തരത്തിൽ വ്യാജ വാർത്തകളെ പ്രതിരോധിക്കുമ്പോൾ, ജനങ്ങൾക്ക് അവരുടെ പ്രതിനിധിയെ കുറ്റമറ്റ രീതിയിൽ തിരഞ്ഞെടുക്കാൻ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *