ടൊറന്റോ:
കാനഡയിൽ അറസ്റ്റിലായ, ചൈനീസ് ടെലികോം ഭീമൻ, വാവേ (Huawe) കമ്പനിയുടെ സ്ഥാപകന്റെ മകളും, കമ്പനിയുടെ സാമ്പത്തികകാര്യ മേധാവി മെംഗ് വാങ്ഷുവിനെ, അമേരിക്കയ്ക്കു കൈമാറണമെന്ന അഭ്യർത്ഥന, കാനഡ പരിഗണിക്കും. ഇറാനെതിരായ ഉപരോധങ്ങൾ ലംഘിച്ചു എന്ന് ആരോപിച്ചാണ് മെംഗിനെ അമേരിക്കയിലെത്തിച്ചു വിചാരണ ചെയ്യാനാൻ നീക്കം നടക്കുന്നത്. ചൈനയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കുന്നതാണ് ഈ നടപടി.
ഡിസംബർ ഒന്നിനു, വാൻകൂവറിലെ വിമാനത്താവളത്തിൽവച്ചാണ് കനേഡിയൻ പോലീസ്, മെംഗ് വാങ്ഷുവിനെ അറസ്റ്റ് ചെയ്തത്. വാവേ കമ്പനി ഉപരോധങ്ങൾ ലംഘിച്ച് ഇറാനുമായി നടത്തിയ ഇടപാടുകൾ മെംഗ്, ബാങ്ക് അധികൃതരിൽനിന്നു മറച്ചുവച്ചുവെന്നാണ് ആരോപണം.
ചൈനയ്ക്കു വേണ്ടി ചാരപ്രവര്‍ത്തനം നടത്തുന്നുവെന്നു വിവിധ രാജ്യങ്ങളിൽ നിന്നും, വാവേ കമ്പനി വർഷങ്ങളായി ആരോപണം നേരിട്ട് കൊണ്ടിരിക്കുകയാണ്. പൗരന്മാരുടെ വിവരങ്ങള്‍ ചോര്‍ത്തി ചൈനയ്ക്ക് നല്‍കാനുള്ള സാധ്യതയാണ് രാജ്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഇതിനു കാരണമായി ചൂണ്ടിക്കാട്ടുന്നത് വാവേ ഫോണുകളുടെ സാങ്കേതികവിദ്യയാണ്.
ജപ്പാന്, ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയ തുടങ്ങി പ്രമുഖ രാജ്യങ്ങൾ എല്ലാം വാവേ കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ഇതിനു പ്രധാനമായും കാരണം, വാവേ കമ്പനിയുടെ പശ്ചാത്തലം തന്നെയാണ്. സ്ഥാപകനായ റെന്‍ സെഗ്ഫി എണ്‍പതുകളില്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ എന്‍ജിനിയര്‍ ആയിരുന്നു. കമ്പനി മാനേജ്മെന്റ് തന്നെ സൈനിക ശൈലിയിലാണ് പ്രവര്‍ത്തനം നടത്തുന്നത്.
കമ്പനി നിര്‍മ്മിക്കുന്ന ഫോണുകളില്‍ വിവരങ്ങള്‍ ചോര്‍ത്താനുള്ള സാങ്കേതിക വിദ്യ ഉള്‍പ്പെട്ടിട്ടുണ്ടെന്ന ആരോപണവുമായി ആദ്യം എത്തിയത് അമേരിക്കയാണ്. 2012 ല്‍ അഭ്യന്തര രഹസ്യാന്വേഷണ സമിതി വാവേയ്ക്ക് എതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചതോടെ അമേരിക്കയില്‍ വിലക്കും നേരിടുകയായിരുന്നു. വാവേയുടെ ഉപകരണങ്ങള്‍ രാജ്യത്തെ പൗരന്മാരുടെ വിവരങ്ങള്‍ ചോര്‍ത്തുന്നതായും, ഇതു രാജ്യ സുരക്ഷയ്ക്ക് തന്നെ വന്‍ വെല്ലുവിളിയാണ് എന്നുമായിരുന്നു സമിതി നല്കിയ റിപ്പോര്‍ട്ട്. ഇതിനു പുറകെ, വ്യക്തികളും, സ്ഥാപനങ്ങളും വാവേ ഉപേക്ഷിച്ചു.
അമേരിക്കയുടെ സമ്മർദ്ദത്തിന്റെ ഫലമായാണു, മെംഗ് വാങ്ഷൂവിനെ, കാനഡ അറസ്റ്റ് ചെയ്തതെന്ന് സൂചനയുണ്ട്. ഇതിനെത്തുടര്‍ന്ന് ചൈനയും കാനഡയും തമ്മിലുള്ള ബന്ധം വഷളാവുകയും, നിരവധി കനേഡിയന്‍ പൗരന്മാര് ചൈനയില്‍ വ്യാപകമായി അറസ്റ്റു ചെയ്യപ്പെടുകയും ചെയ്തു. കാനഡക്കാരായ മുൻ നയതന്ത്രജ്ഞൻ മൈക്കിൾ കോവ്റിഗ്, വ്യവസായി മൈക്കൾ സ്പേവർ എന്നിവർ ചൈനയിൽ കസ്റ്റഡിയിലായി. ഇവർക്ക് അഭിഭാഷകരുടെ സേവനം പോലും ലഭ്യമാക്കിയിട്ടില്ല.
അറസ്റ്റിനു പിന്നാലെ ജാമ്യം ലഭിച്ച മെംഗിനെ കാനഡ വിടാൻ അനുവദിച്ചില്ല. ബുധനാഴ്ച ഇവരെ വീണ്ടും കോടതിയിൽ ഹാജരാക്കും. അമേരിക്കയ്ക്കു വിട്ടുകൊടുക്കണമെന്ന അഭ്യർത്ഥനയുടെ വാദം ആരംഭിക്കുന്ന തീയതിയും അന്നു നിശ്ചയിച്ചേക്കും.
അതേസമയം, മെംഗിനെതിരായ കേസ് രാഷ്ട്രീയപ്രേരിതമാണെന്നു ചൈന ആരോപിക്കുന്നു. അമേരിക്കയ്ക്കു കൈമാറാനുള്ള അഭ്യർത്ഥന പരിഗണിക്കുന്നതു മെംഗിന്റെ അവകാശങ്ങൾക്കു മേലുള്ള കടന്നുകയറ്റമാണെന്ന് ഇന്നലെ ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. അതേസമയം, ജാമ്യത്തിലിറങ്ങിയ മെംഗ്, വാൻകൂവറിലുള്ള അവരുടെ രണ്ട് ആഡംബര വസതികളിൽ ഒന്നിലാണു താമസിക്കുന്നത്.
170 രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുകയാണ് തങ്ങളുടെ വിപണി എന്നാണു കമ്പനിയുടെ അവകാശവാദം. അതാതു രാജ്യങ്ങളുടെ നിയമം അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും, നിയമവിരുദ്ധമായി ഒന്നും തന്നെ ചെയ്യുന്നില്ലെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.