ഇസ്ലാമാബാദ്:
ജയ്ഷെ മുഹമ്മദ് ഭീകരൻ, മസൂദ് അസ്ഹർ മരിച്ചിട്ടില്ലെന്ന് പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ മന്ത്രി ഫയാസ് ഉൾ ഹസൻ ചൗഹാൻ വെളിപ്പെടുത്തി. മസൂദ് അസ്ഹർ മരിച്ചതായുള്ള വിവരങ്ങളൊന്നും തങ്ങൾക്ക് ലഭിച്ചിട്ടില്ല, ജീവനോടെയുണ്ടെന്നാണ് വിവരമെന്നും, മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. മസൂദ് അസ്ഹർ മരിച്ചതായുള്ള വാർത്തകൾ തള്ളി പാക് മാധ്യമങ്ങളും നേരത്തേ, രംഗത്തെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നു ജയ്ഷെ മുഹമ്മദിന്റെ പേരിൽ പുറത്തിറങ്ങിയ പ്രസ്താവനയിൽ പറയുന്നു. അര്‍ബുദബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന മസൂദ് അസ്ഹർ ശനിയാഴ്ച ഉച്ചയ്ക്ക് മരിച്ചെന്നാണ് നേരത്തേ വാർത്തകൾ പുറത്തുവന്നിരുന്നത്.
എന്നാൽ, ഇന്ത്യൻ അതിർത്തിയിൽ പ്രകോപനം സൃഷ്ടിക്കാനുള്ള പാക്കിസ്ഥാന്റെ ശ്രമങ്ങൾ തുടരുകയാണ്. രാജസ്ഥാനിലെ ബിക്കാനീർ നാൽ സെക്ടറിലാണ് പാക്കിസ്ഥാൻ വീണ്ടും വ്യോമാതിർത്തി ലംഘിക്കാൻ ശ്രമിച്ചത്. തിങ്കളാഴ്ച രാവിലെ 11.30 നാണ് ഡ്രോണുകൾ ഉപയോഗിച്ച് അതിർത്തി ലംഘനത്തിനു പാക് ശ്രമം ഉണ്ടായത്. സുഖോയ് 30 എം.കെ.ഐ യുദ്ധവിമാനമുപയോഗിച്ചായിരുന്നു ഇന്ത്യൻ പ്രതിരോധം. റഡാറില്‍ പാകിസ്ഥാന്റെ ഭാഗത്തുനിന്ന് പൈലറ്റില്ലാ വിമാനം വരുന്നത് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു പ്രത്യാക്രമണം. ഇന്ത്യൻ മിസൈല്‍ ഏറ്റ, ഡ്രോണ്‍ പാക് അതിര്‍ത്തിക്കുള്ളിലെ ഫോർട്ട് അബ്ബാസിലാണ് തകര്‍ന്നുവീണത്.
അതിനിടെ ജമാ അത്- ഉൽ ദുവാ, ഫലാ- ഈ ഇൻസാനിയാത് തുടങ്ങിയ സംഘടകൾക്കെതിരെയും, മറ്റു ഭീകര സംഘടനകൾക്കെതിരെയും നടപടികളൊന്നും ഉണ്ടാകില്ലെന്നും, ഈ സംഘടനളെല്ലാം തന്നെ നിരീക്ഷണത്തിലായിരിക്കുമെന്നും പാക് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. വാർത്താ ഏജൻസിയായ എ.എൻ.ഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ലഷ്കർ ഇ-തൊയ്ബയോട് ചേർന്നു പ്രവർത്തിക്കുന്ന സംഘടനകളാണ് ഇവയെല്ലാം.
പാക്കിസ്ഥാൻ പിടിയിലായിരുന്ന വിംഗ് കമാൻഡർ അഭിനന്ദൻ വർത്തമാനെ മോചിപ്പിച്ചതിനു പിന്നാലെ ഇമ്രാന് ഖാന്റെ പേര് സമാധാനത്തിനുളള നൊബേല്‍ സമ്മാനത്തിന് നിര്‍ദ്ദേശിക്കണമെന്ന് രീതിയില്‍ സാമൂഹികമാധ്യമങ്ങളിൽ വന്ന ആവശ്യം ഇമ്രാൻ തള്ളിക്കളഞ്ഞു. “നൊബേല്‍ പുരസ്കാരം കിട്ടാന്‍ താന്‍ യോഗ്യനല്ല. കാഷ്മീർ തര്‍ക്കം പരിഹരിക്കുന്നവര്‍ക്കും, അവിടെ സമാധാനത്തിനു വഴിയൊരുക്കുന്നവർക്കുമാണ് അതിന് അർഹതയെന്നും” ഇമ്രാൻ ട്വീറ്റ് ചെയ്തു.