Thu. Jan 23rd, 2025
ന്യൂഡൽഹി:

രാജ്യത്തെ വ്യോമഗതാഗത നിയന്ത്രണ ഏജൻസിയായ ഡയറക്ടർ ജനറൽ‌ ഓഫ് സിവിൽ ഏവിയേഷൻ(ഡി.ജി.സി.എ) പുറത്തിറക്കിയ ജനുവരിയിലെ കണക്കുകൾ പ്രകാരം “ഇൻഡിഗോ എയർലൈൻസ്” ഇന്ത്യയിലെ ആഭ്യന്തര വിമാന സർവീസുകളിൽ ഒന്നാമതെത്തി. 53.22 ലക്ഷം യാത്രക്കാരുമായി 42.5 ശതമാനം വിപണി വിഹിതം നേടി ഇൻഡിഗോ, മറ്റു സർവീസുകളെക്കാൾ ബഹുദൂരം മുന്നിലെത്തി. 13.3% വിപണി പങ്കാളിത്തമുള്ള സ്‌പൈസ് ജെറ്റ് ആണ് രണ്ടാമത്. എയർഇന്ത്യ 12.2 ശതമാനം വിപണി വിഹിതവും 15.3 ലക്ഷം യാത്രക്കാരുമായി മൂന്നാം സ്ഥാനത്താണ്.

ഒരു കാലഘട്ടത്തിൽ, ഇന്ത്യൻ ആഭ്യന്തര സർവീസുകളിൽ തലയുയർത്തി നിന്നിരുന്ന ജെറ്റ് എയർവേയ്‌സ്, നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ജെറ്റ് എയർവേയ്‌സ് ലീസിനെടുത്ത വിമാനങ്ങൾ തിരികെ നൽകുകയും ജീവനക്കാർ ഇല്ലാതെയും ഒട്ടേറെ സർവീസുകൾ നിർത്തേണ്ടിവന്നതോടെയാണ് വിപണിയിൽ പിന്നോക്കം പോയത്. നിലവിൽ, ഏതാണ്ട് 8500 കോടിയുടെ ബാധ്യതകളാണ് കമ്പനിക്കുള്ളത്.

കമ്പനി പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി, മുഖ്യപങ്കാളിയായ ഇത്തിഹാദ് എയർലൈൻസ് കൂടുതൽ ഓഹരികൾ വാങ്ങുന്നതിനും, വായ്പ നൽകിയിട്ടുളള ബാങ്കുകൾ അവ ഓഹരികളാക്കി മാറ്റുന്നതിനുമുള്ള ചർച്ചകൾ നടക്കുന്നുണ്ട്. കമ്പനി ചെയർമാൻ നരേഷ് ഗോയൽ, കമ്പനിയുടെ ചെയർമാൻ സ്ഥാനം ഒഴിയാൻ ആദ്യം തയ്യാറായില്ലെങ്കിലും പിന്നീട് സന്നദ്ധത പ്രകടിപ്പിച്ചതും ജെറ്റിന് പുതുജീവൻ നൽകുമെന്ന് വിദഗ്ദ്ധർ വിലയിരുത്തുന്നു.

ഗോ എയർ: 8.7% (10.88 ലക്ഷം യാത്രക്കാർ), എയർ ഏഷ്യ: 5.3 % (6.67 ലക്ഷം യാത്രക്കാർ), വിസ്താര: 3.8 % (4.7 ലക്ഷം യാത്രക്കാർ), ജെറ്റ് ലൈറ്റ്: 1.7 % (2.15 ലക്ഷം യാത്രക്കാർ), ട്രുജെറ്റ്: 0.5 % (0.01 ലക്ഷം യാത്രക്കാർ) എന്നിങ്ങനെയാണ് മറ്റു സർവീസുകളുടെ വിപണി പങ്കാളിത്തം.

ഡി.ജി.സി.എ പുറത്തിറക്കിയ, ജനുവരിയിലെ കണക്കുകൾ പ്രകാരം, 125.08 ലക്ഷം യാത്രക്കാരാണ് ജനുവരിയിൽ ആഭ്യന്തരയാത്ര നടത്തിയത്. കഴിഞ്ഞ ജനുവരിയിൽ ഇത് 114.65 ലക്ഷം ആയിരുന്നു. വർദ്ധന 9.1ശതമാനം മാത്രമാണ്. രാജ്യത്ത് ശരാശരി 18 ശതമാനം വളർച്ച ആഭ്യന്തര മേഖലയിൽ ഉണ്ടാകാറുണ്ടെങ്കിലും, വിനോദസഞ്ചാര സീസൺ അവസാനിച്ചതിനെത്തുടർന്നാണ് വളർച്ചനിരക്കിൽ കുറവ് അനുഭവപ്പെട്ടതെന്ന് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *