തിരുവനന്തപുരം:
കേരളത്തില്‍ ചൂട് കൂടുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാവകുപ്പ്. 4 ഡിഗ്രി വരെ കൂടും. അതേസമയം, പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, മേഖലകളില്‍ ശരാശരിയില്‍ നിന്നും എട്ടു ഡിഗ്രിയിലധികം വര്‍ധിക്കും. കാലാവസ്ഥ വകുപ്പിന്റെ
മുന്നറിയിപ്പിനെത്തുടര്‍ന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാനിര്‍ദേശം നല്‍കി.
കോഴിക്കോട്ട് ശനിയാഴ്ച 36.5 ഡിഗ്രി വരെ ചൂടുയര്‍ന്നു. ശരാശരിയില്‍ നിന്ന് 3.4 ഡിഗ്രി അധികമാണിത്. പാലക്കാട്ട് 37.7 ഡിഗ്രിയാണ് ഉയര്‍ന്ന ചൂടെങ്കിലും ശരാശരിയില്‍ നിന്ന് 1 ഡിഗ്രി മാത്രമേ കൂടിയിട്ടുള്ളൂ. പാലക്കാടില്‍ നേരത്തെ 39 ഡിഗ്രി കടന്നിരുന്നു.
ഈ സാഹചര്യത്തില്‍, രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് 3 വരെ നേരിട്ടു വെയിലേല്‍ക്കുന്ന ജോലികള്‍ ഒഴിവാക്കണമെന്നും, നിര്‍ജലീകരണം ഒഴിവാക്കാന്‍ നിരന്തരം വെള്ളം കുടിക്കണമെന്നും, ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കുട്ടികളെ ഉച്ചവെയിലത്ത് കളിക്കാന്‍ വിടരുത്, കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കണമെന്നും അതോറിറ്റി അറിയിച്ചു.