കോഴിക്കോട്:
ഐ ലീഗിൽ നിര്‍ണായക ഹോം മത്സരത്തില്‍, നെരോക്ക എഫ്‌സിക്കെതിരെ കേരള ടീമായ ഗോകുലം കേരളയ്ക്ക് ജയം. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നിലായിരുന്ന ഗോകുലം 2-1 നാണ് വിജയിച്ചത്. ഇതോടെ തരംതാഴ്ത്തപ്പെടാനുള്ള സാധ്യത ഒഴിവാക്കാൻ കേരളാ ക്ലബ്ബിനായി.
ആദ്യ പകുതിയിൽ, ഗോകുലം ഒരു ഗോളിനു പിന്നിലായിരുന്നു. നേരൊക്കക്കു വേണ്ടി 23–ാം മിനിറ്റിൽ ഫെലിക്സ് ചിഡിയാണ് ഗോൾ നേടിയത്. രണ്ടാം പകുതിയിൽ ഉണർന്നു കളിച്ച ഗോകുലം ഡാനിയേൽ അഡോയുടെയും (46) മാർക്കസ് ജോസഫിന്റെയും (82) മറുപടി ഗോളുകളിലൂടെ കളിയിലേക്ക് തിരിച്ചു വന്നു. വേഗവും കൃത്യതയും വർദ്ധിച്ച ഗോകുലത്തെയാണു, രണ്ടാംപകുതിയിൽ കണ്ടത്. കഴിഞ്ഞ സീസൺ മുതൽ, ടീമിന്റെ അടിത്തറയായിരുന്ന അഡോ വീണ്ടും വിശ്വാസ്യത തെളിയിച്ചു. 46–ാം മിനിറ്റിൽ മാർക്കസിന്റെ പാസിൽ ബോക്സിനു വെളിയിൽനിന്നുള്ള ഷോട്ടാണു വലയിലെത്തിയത്.
82 –ാം മിനിറ്റിൽ മധ്യഭാഗത്തുനിന്ന് അർജുൻ ജയരാജിന്റെ നീക്കങ്ങളാണ്, ഗോളിൽ കലാശിച്ചത്. അർജ്ജുൻ നൽകിയ നൽകിയ പന്ത് അഡോ ഏറ്റുവാങ്ങി. പിന്നീട് സുരക്ഷിതമായി മാർക്കസിനു കൈമാറി. പ്രതിരോധനിരയെ തന്ത്രപൂർവം മറികടന്ന് ഒറ്റയ്ക്കുമുന്നേറിയ ട്രിനിഡാഡ് താരം മാർക്കസ്, പന്ത് എതിരാളികളുടെ വലയിലാക്കി, ഗോകുലത്തിന്റെ വിജയ ഗോൾ നേടി.
ജയത്തോടെ, പത്തൊമ്പത് മത്സരങ്ങളിൽ നിന്ന് 17 പോയന്റുമായി, ഗോകുലം, പട്ടികയിൽ ഒരുസ്ഥാനം മെച്ചപ്പെടുത്തി ഒമ്പതാം സ്ഥാനത്തെത്തി. മിനർവ പഞ്ചാബിനെ, കൊൽക്കത്ത ഈസ്റ്റ് ബംഗാൾ 1–0നു വീഴ്ത്തിയതോടെ, ഐ ലീഗ് കിരീടപ്പോരാട്ടം ഫോട്ടോ ഫിനിഷിലേക്ക്. ഒന്നാം സ്ഥാനക്കാരായ ചെന്നൈയും, രണ്ടാം സ്ഥാനക്കാരായ ഈസ്റ്റ് ബംഗാളും തമ്മിലുള്ള വ്യത്യാസം വെറും ഒരു പോയിന്റ് ആണ്.
അവസാന മത്സരത്തിൽ, മിനർവയെ വീഴ്ത്താനായാൽ ചെന്നൈയ്ക്കു കിരീടം ഉറപ്പിക്കാം. എന്നാൽ അവസാന കളിയിൽ, ഗോകുലം ടീമിനോട്, ഈസ്റ്റ് ബംഗാൾ ജയിക്കുകയും, മിനർവയോടു ചെന്നൈ തോൽക്കുകയും ചെയ്താൽ, ഈസ്റ്റ് ബംഗാൾ കപ്പു നേടും. രണ്ടു കളികളും മാർച്ച് ഒൻപതിനാണ്.