ലണ്ടൻ:
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിന്റെ കിരീടമോഹങ്ങൾക്കു തിരിച്ചടി. ഞായറാഴ്ച നടന്ന മത്സരത്തിൽ എവർട്ടനെതിരെ സമനില വഴങ്ങിയതാണ് ലിവർപൂളിനു തിരിച്ചടിയായത്. സൂപ്പർതാരം മുഹമ്മദ് സലാ രണ്ടു സുവർണാവസരങ്ങൾ പാഴാക്കിയ മൽസരത്തിൽ, എവർട്ടൻ ലിവർപൂളിനെ ഗോൾരഹിത സമനിലയിൽ തളയ്ക്കുകയായിരുന്നു. സീസണിൽ ലിവർപൂളിന്റെ ഏഴാം സമനിലയാണിത്.
എന്നാൽ ഈ സമനിലക്കു രസകരമായ കാരണം കണ്ടെത്തിയിരിക്കുകയാണ് ലിവർപൂൾ പരിശീലകൻ ക്ലോപ്പ്. എവർട്ടണെതിരെ ജയിക്കാതിരിക്കാൻ കാരണം കാറ്റ് ആണെന്നാണ് ക്ലോപ്പിന്റെ കണ്ടെത്തൽ. നാലു വശത്തു നിന്നും കാറ്റ് വീശുകയായിരുന്നു. ഗുഡിസൺ പാർക്കിൽ ഒരു തരത്തിലും കളിക്കാൻ പറ്റാത്ത അവസ്ഥയായിരുന്നുവെന്നു ക്ലോപ്പ് വ്യക്തമാക്കി.
മത്സരം ജയിക്കാതിരുന്നാൽ ഇതുപോലെയുള്ള കാരണം കണ്ടെത്തൽ ക്ലോപ്പിന്റെ സ്ഥിരം പരിപാടിയാണെന്നാണ് ആരാധകർ പറയുന്നത്. മുമ്പും നിരവധി തവണ ക്ലോപ്പ് കാറ്റിനെ പഴിചാരിയിട്ടുണ്ടെന്നും ആരാധകർ പറയുന്നു. ഇതിന് പിന്നാലെ ക്ലോപ്പിനെ പരിഹസിച്ച് നിരവധി ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്.
നിലവിൽ 29 മൽസരങ്ങളിൽനിന്ന് 21 ജയവും ഏഴു സമനിലയും ഒരു തോൽവിയും സഹിതം 70 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ലിവർപൂൾ. ഇത്രയും മൽസരങ്ങളിൽനിന്ന് 23 ജയവും രണ്ടു സമനിലയും നാലു തോൽവിയും സഹിതം 71 പോയിന്റുമായാണ് സിറ്റി ഒന്നാം സ്ഥാനം നിലനിർത്തിയത്. ടോട്ടനം (61), മാഞ്ചസ്റ്റർ യുണൈറ്റഡ് (58), ആർസനൽ (57), ചെൽസി (56) എന്നിവരാണ് ആദ്യ ആറു സ്ഥാനങ്ങളിൽ.