കൊല്ലം:
ചിതറയിലെ ബഷീറിന്റെ കൊലപാതകം, പകരം വീട്ടാനെന്ന് പ്രതി ഷാജഹാന്റെ മൊഴി. തെളിവെടുപ്പിനിടെയാണ് ഷാജഹാന്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്. താന്‍ എത്തിയ സമയത്ത് ബഷീര്‍ കുളിച്ചുകൊണ്ടു നില്‍ക്കുകയായിരുന്നെന്നും കൊല്ലാന്‍ വേണ്ടിത്തന്നെയാണ് ബഷീറിനെ കുത്തിയതെന്നും, കപ്പ വില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍, ബഷീര്‍, മര്‍ദ്ദിച്ചതിന്റെ പ്രതികാരമായാണ് കൊലപ്പെടുത്തിയതെന്നും ഷാജഹാന്‍ പറഞ്ഞു.
പ്രതിയെ ബഷീറിന്റെ വീട്ടിലെത്തിച്ച് തെളിവെടുക്കുമ്പോഴാണ്, ഷാജഹാന്‍ വെളിപ്പെടുത്തല്‍ നടത്തിയത്. ഷാജഹാനെ കസ്റ്റഡിയില്‍ വിട്ടു കിട്ടുന്നതിനായി പൊലീസ് ഇന്ന് അപേക്ഷ നല്‍കും. കൊലപാതകം, രാഷ്ട്രീയ പ്രേരിതമാണോ എന്നുള്ളതിനെക്കുറിച്ചും പൊലീസ് അന്വേഷിക്കും. സി.പി.എം-കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.
ബഷീറിനെ കുത്തിക്കൊന്ന ഷാജഹാന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്ന് സി.പി.എമ്മും, ഷാജഹാനു കോണ്‍ഗ്രസുമായി ബന്ധമില്ലെന്ന് കോണ്‍ഗ്രസ്സും ആവര്‍ത്തിക്കുന്നു. എന്നാല്‍, രാഷ്ട്രീയ കൊലപാതകമെന്ന സി.പി.എമ്മിന്റെ ആരോപണം കൊല്ലപ്പെട്ട ബഷീറിന്റെ സഹോദരി അഫ്താ ബീവി നിഷേധിച്ചിരുന്നു. നേരത്തെ, ഇരട്ടപ്പേര് വിളിച്ചതുമായി ബന്ധപ്പെട്ട് ഇവര്‍ക്കിടയില്‍ തര്‍ക്കമുണ്ടായിരുന്നു. ഇന്നലെ വൈകീട്ട്, മരച്ചീനി കച്ചവടവുമായി ബന്ധപ്പെട്ട് വാക്കേറ്റമുണ്ടായിതിനെ തുടര്‍ന്ന്, മൂന്നര മണിയോടെ വീട്ടിലെത്തിയ ഷാജഹാന്‍ ബഷീറിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു.
ബഷീറിന്റെ ശരീരത്തില്‍ ഒമ്പത് മുറിവുകളാണ് ഉള്ളത്. നെഞ്ചിലേറ്റ രണ്ടു കുത്തുകളാണ് മരണകാരണമായത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് കൊലപാതകത്തിന് പിന്നിലെന്ന സി.പി.എമ്മിന്റെ ആരോപണത്തിനെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഡി.ജി.പിക്ക് പരാതി നല്‍കിയിട്ടുണ്ട്. ബഷീറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കൊല്ലം, കടയ്ക്കലില്‍ സി.പി.എം പ്രതിഷേധ പ്രകടനം നടത്തിയിരുന്നു