Wed. Jan 22nd, 2025

കോഴിക്കോട്:

ഊര്‍ജ്ജ ഉപഭോഗം അനുദിനം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, പാരമ്പര്യേതര ഊര്‍ജ്ജ സോതസ്സുകള്‍, പരമാവധി പ്രയോജനപ്പെടുത്തണമെന്നും, സൗരോര്‍ജ്ജ പദ്ധതികള്‍, കേരളത്തിലെ ഊര്‍ജ്ജ ഉല്‍പാദന രംഗത്ത് മികച്ച മുന്നേറ്റം കൈവരിക്കാന്‍ കഴിയണമെന്നും, തൊഴില്‍ – എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍. ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തില്‍ നിര്‍മ്മിച്ച, ബാച്ച്‌ലേഴ്‌സ് ഹോസ്റ്റല്‍ കെട്ടിടത്തിന്റെയും, 50 കെ.ഡബ്ല്യൂ സോളാര്‍ പവര്‍ പ്ലാന്റിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ശുദ്ധജല ക്ഷാമം ഭാവിയില്‍ സമൂഹം നേരിടാന്‍ പോവുന്ന പ്രധാന വെല്ലുവിളിയാണെന്നും, ഈ പശ്ചാത്തലത്തില്‍ വെള്ളത്തിന്റെ ദുരുപയോഗവും ജലസ്രോതസ്സുകളുടെ മലിനീകരണവും, ഗൗരവമായി കാണണമെന്നും, ഇതിനെതിരെ, സാമൂഹികമായ ഇടപെടല്‍ ശക്തമാക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. എല്ലാവര്‍ക്കും വീടും, ശുദ്ധജലവും, വിഷ രഹിതമായ ഭക്ഷണവും, അന്തസ്സായ ജീവിതാന്തരീക്ഷവും ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

491 ച.മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള കെട്ടിടത്തില്‍ മൂന്നു നിലകളിലായി 12 മുറികളില്‍ 24 പേര്‍ക്ക് വരെ താമസിക്കാനുള്ള സൗകര്യമൊരുക്കിയാണ് ബാച്ച്‌ലേഴ്‌സ് ഹോസ്റ്റല്‍ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. നിര്‍മ്മാണ പ്രവൃത്തി ഏറ്റെടുത്ത് നടത്തിയത് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയാണ്. കൂടാതെ 50 കെ.ഡബ്ല്യൂ സോളാര്‍ പവര്‍ പ്ലാന്റിലൂടെ, സി.ഡബ്ല്യൂ. ആര്‍.ഡി.എമ്മിലെ ആകെ വൈദ്യുതി ഉപയോഗത്തിന്റെ ഏകദേശം 50 ശതമാനവും ഉത്പാദിപ്പിക്കാന്‍ കഴിയും. 325 ഡബ്ല്യൂ ശേഷിയുള്ള 155 പാനലുകളാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനായി പ്ലാന്റില്‍ ക്രമീകരിച്ചിട്ടുള്ളത്. കെല്‍ട്രോണ്‍ ലിമിറ്റഡാണ് ഇതിന്റെ ഇന്‍സ്റ്റലേഷന്‍ പ്രവര്‍ത്തി നടപ്പിലാക്കിയത്.

ചടങ്ങില്‍ പി.ടി.എ റഹീം എം.എല്‍.എ അധ്യക്ഷത വഹിച്ചു. കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈജ വളപ്പില്‍, കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ബോസ് ജേക്കബ്, യു.എല്‍.സി.സി.എസ് ചീഫ് എഞ്ചിനീയര്‍ പ്രമോദ് തുടങ്ങിയവര്‍ സംസാരിച്ചു. സി.ഡബ്ല്യൂ. ആര്‍.ഡി.എം എക്സിക്യൂട്ടീവ് ഡയറക്ടര്‍ എ.ബി അനിത സ്വാഗതവും രജിസ്ട്രാര്‍ പി.എസ് ഹരികുമാര്‍ നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *