#ദിനസരികള് 686
ഞാനുമെന്‍ പ്രേമവും മണ്ണടിയും
ഗാനമേ നീയും പിരിഞ്ഞുപോകും
അന്നു നാം മൂവരുമൊന്നു പോലീ
മന്നിനൊരോമന സ്വപ്നമാകും – ചങ്ങമ്പുഴ. മലയാളികള്‍ തങ്ങളുടെ ജീവിതത്തിന്റെ ഏതേതൊക്കെയോ പടവുകളില്‍ വീണ്ടും വീണ്ടും കണ്ടുമുട്ടുന്ന, കണ്ടുമുട്ടാന്‍ ആഗ്രഹിക്കുന്ന, പ്രിയപ്പെട്ട കവി. കാവ്യഗന്ധര്‍വ്വനായ നായകനായും, പാടുന്ന പിശാചായ പ്രതിനായകനായും, അദ്ദേഹം അരങ്ങത്താടിത്തീര്‍ത്ത വേഷങ്ങള്‍ ഒരു കാലത്തും മലയാളികള്‍ക്ക് മറക്കുക വയ്യ.
പാടും പിശാചിനെ പൂമാല ചാര്‍ത്തുന്നു
മൂഢപ്രപഞ്ചമേ സാദരം നീ
ഗന്ധര്‍വ്വന്‍, ഗന്ധര്‍വ്വന്‍ കീര്‍ത്തിക്കയാണു – നി
ന്നന്ധതയ്ക്കിന്നുമറുതിയില്ലേ? എന്നു നിശിതമായി സ്വയം നിഷേധിച്ച മറ്റൊരു കവി നമുക്കില്ല.
കിന്നരനായി ജനിച്ചവനാണു ഞാനെന്നെ പിശാചാക്കി മാറ്റി ലോകം – കവി പിഴച്ച് പിശാചായതിന്റെ കാരണം ഈ ലോകമാണെന്ന് അദ്ദേഹം ആരോപിക്കുന്നുണ്ടെങ്കിലും നാം പരിഭവപ്പെട്ടില്ല. കാരണം അവാച്യമായ ഒരനുഭുതിയെ നമുക്ക് അനുഭവിപ്പിച്ചു തന്ന ഇക്കവി അന്നും ഇന്നും എന്നും നമുക്ക് പ്രിയപ്പെട്ടവനായിരുന്നു. എന്നു മാത്രവുമല്ല, അദ്ദേഹത്തിന്റെ വിഷമസ്ഥിതികളില്‍, നാം വെറുതെ കാഴ്ചക്കാരായി നോക്കിനിന്നതുമില്ല.
അദ്ദേഹത്തെ സന്ദര്‍ശിച്ച ഇ.എം കോവൂര്‍, കവിക്ക് ചികിത്സ വേണമെന്നും എന്നാല്‍ സാമ്പത്തിക പ്രയാസമുണ്ടെന്നും കേരളം അദ്ദേഹത്തെ കൈവിടില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പത്രമാദ്ധ്യമങ്ങളില്‍ കുറിച്ചു. ആ കുറിപ്പ് അദ്ദേഹം അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്. “തിരിച്ചു പോരുമ്പോള്‍ ഞാന്‍ കാറിലിരുന്ന് പലതും ചിന്തിച്ചു. സ്വര്‍ഗ്ഗീയ സംഗീതം കൊണ്ട് കേരളക്കരയെ അനുഗ്രഹിച്ച, ഈ പൂങ്കോകിലം ഇങ്ങനെ കടന്നു പോകാന്‍ സംസ്കാരവും കൃതജ്ഞതയും നിറഞ്ഞ കേരള ജനത അനുവദിക്കുമോ? മരുന്നും പാലും വാങ്ങുവാന്‍ വകയില്ലാതെ മലായാളക്കരയില്‍ അദ്ദേഹത്തിന് ഒരു ദിവസമെങ്കിലും കഴിയേണ്ടി വരുമെന്നോ? ഉടനെ പടിഞ്ഞാറന്‍ കാറ്റ് പറയുന്നതായി എനിക്കു തോന്നി. ഇല്ല, ഇല്ല, രമണനും വാഴക്കുലയും എഴുതിയ ചങ്ങമ്പുഴയെ, കേരളം മറക്കില്ല. ഒരിക്കലും മറക്കില്ല. ആയിരം സഹായഹസ്തങ്ങള്‍ ഉടനെ നീളും. ഉടനെ ഉടനെ.”
കോവൂര്‍ പ്രതീക്ഷിച്ചതുപോലെ ധാരാളം സഹായഹസ്തങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. വികാരജീവിയായ ചങ്ങമ്പുഴയില്‍ ആ സ്നേഹം ആന്ദോളനങ്ങള്‍ സൃഷ്ടിച്ചു. നന്ദിയും സ്നേഹവും സ്വാഭാവികമായും ഒരു കവിതയായി കേരളത്തിന് സമര്‍പ്പിച്ചു.
ആയുരാരോഗ്യങ്ങളാശിര്‍വദിച്ചുകൊ –
ണ്ടായിരമായിരമെത്തുന്നു കത്തുകള്‍
ഓരോ സുഹൃത്തുക്കളജ്ഞാതര്‍ കൂടിയു
മീ രോഗ ശയ്യയിലെത്തിപ്പൂ സംഖ്യകള്‍
………………………………………………….
നിന്നെയെമ്മട്ടിലപഗ്രഥിക്കും കഷ്ട-
മെന്നിലുള്ളെന്നെ ശരിക്കറിയാത്ത ഞാന്‍?
നന്മ നേരുന്ന നിനക്കു ഞാന്‍ – നീയെന്റെ
നന്ദിയും സ്നേഹവും സ്വീകരിക്കേണമേ!
കവിയെ ഏറ്റവും വിവശനാക്കിയ ഒരു സംഭവത്തെക്കുറിച്ച്, ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ ജിവചരിത്രകാരനായ എം.കെ സാനു എഴുതുന്നുണ്ട്. “ഈ ആര്‍ദ്രാനുഭവത്തിന് തൊടുകുറിയായി ഇടപ്പള്ളിയില്‍ നിന്നുതന്നെ അദ്ദേഹത്തിന്റെ നേര്‍ക്കു പ്രകടിതമായ ഔദാര്യമാണ്. കമ്മ്യൂണിസ്റ്റു പാര്‍ട്ടി പ്രവര്‍ത്തകനായിരുന്ന പോട്ടയില്‍ എന്‍.ജി നായര്‍ ആ നാട്ടിന്‍ പുറത്തു വെച്ചു തന്നെ പിരിച്ചെടുത്ത അഞ്ഞൂറുറുപ്പികയുടെ പണക്കിഴിയുമായി കവിയുടെ വീട്ടിലെത്തി. ആ യുവപ്രവര്‍ത്തകര്‍ സ്നേഹാദരങ്ങളോടെ കവിക്ക് ആ തുക സമര്‍പ്പിക്കുകയും ചെയ്തു. 1942 കളിലെ അഞ്ഞൂറു രൂപയാണെന്ന് ഓര്‍ക്കണം. അതു നല്കിയവരോ നിത്യ ജീവിതത്തിനായി ബുദ്ധിമുട്ടുന്നവരും. വികാരഭരിതനായി വിറയ്ക്കുന്ന കൈകളോടെ അദ്ദേഹം അതു സ്വീകരിച്ചു. അങ്ങനെ വികാരഭരിതനാകുവാന്‍ വിശേഷാല്‍ കാരണവുമുണ്ട്. കമ്മ്യൂണിസ്റ്റുകാരെ ഏറ്റവും തന്റെ ഏറ്റവും വലിയ ശത്രുക്കളായി അദ്ദേഹം ആ ഘട്ടത്തില്‍ എങ്ങനെയോ കരുതിപ്പോന്നു. ആ അടിസ്ഥാനത്തില്‍ അവരെ അദ്ദേഹം പരസ്യമായി ശാസിച്ചും ശകാരിച്ചും പോന്നു. എന്നാല്‍ എന്തൊരത്ഭുതം. ശത്രുക്കളെന്ന് താന്‍ കരുതിയിരുന്നവര്‍തന്നെയിതാ, ധാരാളം ക്ലേശിച്ചുണ്ടാക്കിയ പണവുമായി തന്റെ ഈ ആപത്തില്‍ സഹായിക്കാന്‍ എത്തിയിരിക്കുന്നു.”
ഒരു പുതിയ ദര്‍ശനത്തെ തന്റെ ജീവിതത്തിലേക്ക് ആവാഹിക്കാന്‍ ഈ സംഭവങ്ങള്‍ അദ്ദേഹത്തെ സഹായിച്ചു. താഴെയുള്ളവന്റെ വേദനകളോടും യാതനകളോടും ഐക്യപ്പെടുന്ന ഒരു കവി അങ്ങനെ മലയാളത്തില്‍ ജന്മംകൊണ്ടു.
ദാരിദ്ര്യത്തിന്‍ നിലവിളികള്‍
താരാപഥത്തോളമെത്തിയിട്ടും
നിര്‍ദ്ദയലോകമേ നീയനിയും
മര്‍ദ്ദനം നിര്‍ത്തുവാനല്ല ഭാവം.
ഒട്ടിത്തളര്‍ന്ന വയറ്റില്‍ നിന്നും
പൊട്ടിത്തെറിക്കുന്ന തീപ്പൊരികള്‍
അന്തരീക്ഷത്തില്‍ പടര്‍ന്നുയര്‍ന്ന
തെന്തയ്യോ കണ്ടില്ലേ നിങ്ങളാരും?
വിത്തേശരേ, നിങ്ങള്‍ കേള്‍പ്പതില്ലേ
വിപ്ലവത്തിന്റ മണിമുഴക്കം – എന്ന് ആ മാറ്റത്തെ കവി അടയാളപ്പെടുത്തുകയും ചെയ്തു.
ഒരു കാലത്ത് മലയാളികളെ കവിതയുടെ ആനന്ദമെന്തെന്ന് അനുഭവിപ്പിച്ച ചങ്ങമ്പുഴയ്ക്ക് നാം ഒരു സിംഹാസനം പണിതു നല്കിയിരുന്നു. ഇന്നും ഒരു കോട്ടവുമില്ലാതെ അദ്ദേഹം അതേ രജതസിംഹാസനത്തില്‍ ഇരുന്നരുളുന്നു.
മനോജ് പട്ടേട്ട്, വയനാട്ടുകാരന്‍, മാനന്തവാടി സ്വദേശി.