കോഴിക്കോട്:
കോഴിക്കോട് കോര്‍പ്പറേഷന്‍ കുടുംബശ്രീ സി.ഡി.എസിന്റെ ജെന്റര്‍ റിസോഴ്‌സ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. പഴയ കോര്‍പ്പറേഷന്‍ ഓഫീസ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സെന്ററിന്റെ ഉദ്ഘാടനം, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ നിര്‍വഹിച്ചു. സ്ത്രീകള്‍ക്കുള്ള താത്കാലിക പകല്‍ സമയ അഭയകേന്ദ്രമായും കൗണ്‍സിലിംഗ് സെന്ററായുമാണ് റിസോഴ്‌സ് സെന്റര്‍ പ്രവര്‍ത്തിക്കുക. സ്ത്രീകള്‍ക്കെതിരേയുള്ള ശാരീരിക, മാനസിക, സാമ്പത്തിക, ലൈംഗിക പീഡനങ്ങള്‍ നേരിടുന്നവര്‍ക്ക് പരാതികള്‍ നല്‍കാനുള്ള സംവിധാനവും ഇവിടെയുണ്ടാവും. ഇതിനു പുറമേ മിനി ലൈബ്രറി ആന്റ് റീഡിംഗ് റൂം, പ്രാദേശിക തൊഴില്‍ശേഷി വിഭവകേന്ദ്രം, നിയമസഹായകേന്ദ്രം, കാര്യശേഷി പരിശീലന കേന്ദ്രം, പ്രാദേശിക വനിതാ കലാസാംസ്‌കാരിക കേന്ദ്രം, കായിക വിഭവകേന്ദ്രം തുടങ്ങിയ സേവനങ്ങളും റിസോഴ്‌സ് സെന്ററില്‍ നിന്ന് ലഭിക്കും.
ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ രാവിലെ 10.30 മുതല്‍ ഒന്നുവരെയാണ് സെന്ററിന്റെ പ്രവര്‍ത്തനം. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ അനിതാ രാജന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗവ.പ്ലീഡറും പബ്ലിക് പ്രോസിക്യുട്ടറുമായ കെ.എന്‍. ജയകുമാര്‍ ലൈബ്രറി ഉദ്ഘാടനം നിര്‍വഹിച്ചു. കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.സി.കവിത, കോര്‍പ്പറേഷന്‍ സെക്രട്ടറി ബിനു ഫ്രാന്‍സിസ്, വനിതാസെല്‍ ഇന്‍സ്പക്ടര്‍ എം.കെ. ലീല, കുടുംബശ്രീ മിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍സിനേറ്റര്‍ ടി. ഗിരീഷ്‌കുമാര്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാരായ ടി.കെ.ഗീത, ഒ.രജിത, എന്‍.ജയശീല, കുടുംബശ്രീ പ്രൊജക്ട് ഓഫീസര്‍ എം.വി.റംസി ഇസ്മായില്‍ എന്നിവര്‍ സംസാരിച്ചു. കൗണ്‍സിലിങ് സെന്ററിന്റെ സേവനം ആവശ്യമുള്ളവര്‍ 0495- 2360095 എന്ന നമ്പറില്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം.