Sat. Dec 28th, 2024

കോട്ടയം:
കെവിന്‍ പി. ജോസഫിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കുറ്റം ചുമത്തുന്നതു സംബന്ധിച്ചു 13-നു ജില്ലാ അഡീഷണല്‍ സെഷന്‍സ് നാലാം കോടതി വിധി പറയും. അന്നു തന്നെ പ്രതികളെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കും. കൊലക്കുറ്റമടക്കം 11 വകുപ്പുകളാണു പ്രതികള്‍ക്കെതിരെ ചുമത്തിയത്. കെവിന്റേത് മുങ്ങി മരണമായി പരിഗണിച്ച് കൊലപാതകക്കുറ്റം ഒഴിവാക്കണമെന്ന പ്രതിഭാഗം വാദത്തെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. അരയ്‌ക്കൊപ്പം വെള്ളത്തില്‍ മുങ്ങി മരിക്കാനാകില്ലെന്നും, അതിനാല്‍ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ഒഴിവാക്കാനാകില്ലെന്നുമാണ് പ്രോസിക്യൂഷന്‍ വാദം.

തെന്മല ചാലിയക്കര സ്വദേശി നീനു ചാക്കോയെ വിവാഹം കഴിച്ചതിലുള്ള വിരോധം മൂലം നട്ടാശേരി സ്വദേശി കെവിന്‍ പി. ജോസഫിനെ നീനുവിന്റെ സഹോദരന്റെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടു പോകുകയായിരുന്നു. തുടര്‍ന്ന് ചാലിയക്കരയില്‍ വച്ചു സംഘത്തിന്റെ കാറില്‍ നിന്നു ഇറങ്ങിയോടിയ കെവിനെ ആറ്റില്‍ വീഴ്ത്തി കൊലപ്പെടുത്തിയെന്നാണു കേസ്.

ദുരഭിമാനക്കൊലയുടെ ഗണത്തില്‍ പെടുത്തിയാണു വിചാരണ. ഇറങ്ങിയോടിയ കെവിന്‍, മുങ്ങി മരിച്ചതാണെന്നും കൊലപാതകം ആരും കണ്ടിട്ടില്ലെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. അരയ്‌ക്കൊപ്പം വെള്ളത്തില്‍ നീന്തല്‍ അറിയാവുന്ന കെവിന്‍ മുങ്ങി മരിക്കില്ല. കെവിന്റെ മുണ്ട് മൂന്ന് കിലോമീറ്റര്‍ അകലെ നിന്നു പ്രതികളാണു കണ്ടെടുത്തത്. കൂടാതെ 26-ാം പ്രതി ലിജോയെ കെവിന്‍ മരിച്ചുവെന്നു ഒന്നാം പ്രതി സാനു ചാക്കോ വിളിച്ചു പറഞ്ഞിട്ടുമുണ്ട്. അന്വേഷണത്തോടു പ്രതികള്‍ സഹകരിച്ചില്ലെന്നും പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *