Sun. Dec 22nd, 2024
തിരുവനന്തപുരം:

ആവശ്യത്തിന് ഡ്രൈവര്‍മാരില്ലാതെ വലഞ്ഞ് അഗ്നിരക്ഷാസേന. സംസ്ഥാനത്തെ 128-സ്റ്റേഷനുകളിലായി 800-ലധികം വാഹനങ്ങളും 1000-ല്‍ അധികം ജീവന്‍രക്ഷാ ഉപകരണങ്ങളും സേനയുടെ ഭാഗമായുണ്ട്. എന്നാല്‍, ഇവയെല്ലാം പ്രവര്‍ത്തിപ്പിക്കേണ്ട ‘ഫയര്‍മാന്‍ ഡ്രൈവര്‍ കം പമ്പ് ഓപ്പറേറ്റര്‍'(എഫ്.ഡി.സി.പി.ഒ) തസ്തികയില്‍ ആവശ്യത്തിനു ജീവനക്കാരില്ല. ജീവനക്കാരില്‍ ഒരു വിഭാഗം അവധിയില്‍ പ്രവേശിച്ചാല്‍, ഒരു ദിവസം ഡ്യൂട്ടിയില് 300-ല്‍ത്താഴെ പേര്‍ മാത്രമാണുണ്ടാകുന്നത്. ഇവരാണ് വാഹനങ്ങളും ഉപകരണങ്ങളും കൈകാര്യം ചെയ്യേണ്ടത്.

എഫ്.ഡി.സി.പി.ഒ തസ്തികയിൽ ജോലിചെയ്യുന്ന ജീവനക്കാരന് ഒരേ സമയം മൂന്നോ നാലോ വാഹനങ്ങളുടെയും, ഉപകരണങ്ങളുടെയും അധികച്ചുമതല വഹിക്കേണ്ടി വരുന്ന അവസ്ഥയാണിപ്പോൾ. ബാക്കിയുള്ള വാഹനങ്ങള്‍, അത്യാഹിതമുണ്ടായാല്‍, ആ സ്ഥലത്ത് എത്തിക്കാന്‍ കഴിയാത്ത സ്ഥിതിയുമുണ്ട്. ഒരു സ്റ്റേഷനില്‍ നാലില്‍ അധികം വാഹനങ്ങളുണ്ട്. മിക്കപ്പോഴും ഇത് കൈകാര്യം ചെയ്യാന്‍ ഒരാള്‍ മാത്രമാണു സ്റ്റേഷനിലുണ്ടാകുന്നത്. 2013-മുതല്‍ ഫയർമാൻ‌മാർക്കു ട്രെയിനിങ് സമയത്ത് ലൈസന്‍സ് എടുത്തു നല്‍കുന്നുണ്ട്.

എന്നാല്‍, ഇവര്‍ക്ക് വാഹനം കൈകാര്യം ചെയ്യാന്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ല. ഇവര്‍ക്കു ചെറുവാഹനങ്ങള്‍ ഓടിക്കാന്‍ അനുമതി നല്‍കണം, സര്‍ക്കാര്‍ ചെലവില്‍ ഹെവി ഡ്രൈവിങ് ലൈസന്‍സ് എടുക്കാന്‍ അനുവദിക്കണം, എല്ലാ ജീവനക്കാര്‍ക്കും, എല്ലാ ജോലികളും ചെയ്യുന്ന രീതിയിലുള്ള ‘ഒറ്റ കാറ്റഗറി’ നിയമനം നടത്തണം എന്നീ കാര്യങ്ങൾ കേരള ഫയര്‍സര്‍വീസ് ഡ്രൈവേഴ്‌സ് ആന്‍ഡ് മെക്കാനിക് അസോസിയേഷന്‍ ആവശ്യപ്പെട്ടു. തമിഴ്‌നാട്ടില്‍ 2017-മുതല്‍ എല്ലാ ഫയര്‍മാൻ‌മാര്‍ക്കും, വാഹനങ്ങളും ഉപകരണങ്ങളും കൈകാര്യം ചെയ്യാനുള്ള അനുമതി നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *