കോട്ടയം:
സംസ്ഥാന സര്‍ക്കാര്‍ അപേക്ഷ നല്‍കാത്തതിനെത്തുടര്‍ന്ന്, 300 ബിരുദാനന്തര ബിരുദ മെഡിക്കല്‍ സീറ്റുകള്‍, സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്കു നഷ്ടമായി. മറ്റു സംസ്ഥാനങ്ങളും കേരളത്തിലെ സ്വകാര്യ മെഡിക്കല്‍ കോളേജുകളും കൃത്യസമയത്ത് അപേക്ഷ നല്‍കി സീറ്റുകള്‍ നേടി. മെഡിക്കല്‍ കോളേജുകളിലെ പി.ജി ഡിപ്ലോമ കോഴ്‌സുകള്‍, പി.ജി കോഴ്‌സുകളാക്കി ഉയര്‍ത്താന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു. പി.ജി ഡിപ്ലോമ കോഴ്‌സുകള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ തന്നെ, പി.ജി കോഴ്‌സുകള്‍ക്കും മതിയാകും. കോഴ്‌സുകള്‍ ആവശ്യമുള്ള മെഡിക്കല്‍ കോളേജുകളോട് അപേക്ഷ നല്‍കാന്‍ മെഡിക്കല്‍ കൗണ്‍സില്‍ നിര്‍ദ്ദേശിച്ചു.
സംസ്ഥാന ആരോഗ്യ വകുപ്പ് അനുവദിച്ചാല്‍ മാത്രമേ, സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്ക്, മെഡിക്കല്‍ കൗണ്‍സിലിന് അപേക്ഷ നല്‍കാന്‍ സാധിക്കൂ. മെഡിക്കല്‍ കോളേജുകള്‍ പലവട്ടം ആവശ്യപ്പെട്ടെങ്കിലും, സംസ്ഥാന സര്‍ക്കാര്‍, അപേക്ഷ നല്‍കാന്‍ അനുമതി നല്‍കിയില്ല. ദേശീയതലത്തില്‍ ചികിത്സാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനാണു, കേന്ദ്ര സര്‍ക്കാര്‍, മെഡിക്കല്‍ കോഴ്‌സുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നത്.