കാസര്‍കോട്:
ഹയര്‍ സെക്കന്‍ഡറി പൊതുപരീക്ഷാരംഗത്ത് കൊണ്ടുവന്ന സോഫ്റ്റ്‌വെയർ പരിഷ്‌കരണം പരാജയമാണെന്ന് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍. സോഫ്റ്റ്‌വെയർ പ്രശ്‌നം ചൂണ്ടിക്കാണിച്ചിട്ടും, പരീക്ഷാവിഭാഗത്തിന്റെ തികഞ്ഞ അലംഭാവമാണുള്ളത്. ഇതു കാരണം ഹയര്‍ സെക്കന്‍ഡറി പൊതുപരീക്ഷയ്ക്കുള്ള ഒരുക്കങ്ങള്‍ അവതാളത്തിലായെന്നും, അസോസിയേഷന്‍ അഭിപ്രായപ്പെട്ടു.
എച്ച്.എസ്.ഇ. മാനേജര്‍ എന്ന സോഫ്റ്റ്‌വെയർ ആയിരുന്നു നേരത്തെ ഉപയോഗിച്ചിരുന്നത്. എന്നാല്‍, ഈ വര്‍ഷം മുതല്‍ ഐ-എക്‌സാം എന്ന പുതിയ ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയറിലേക്ക് മാറി. തുടക്കംമുതലേ ഈ സോഫ്റ്റ് വെയര്‍ സാങ്കേതികത്തകരാര്‍ കാരണം ഉപയോഗിക്കാനായില്ലെന്നും അസോസിയേഷന്‍ അഭിപ്രായപ്പെട്ടു. മാര്‍ച്ച് ആറിന് ഹയര്‍ സെക്കന്‍ഡറി പരീക്ഷ ആരംഭിക്കേണ്ടതാണെങ്കിലും, സോഫ്റ്റ് വെയര്‍ പ്രശ്‌നം കാരണം കുട്ടികളുടെ ഇരിപ്പിട ക്രമീകരണം, ക്ലാസ് മുറികളുടെ ക്രമീകരണം, ഓരോ ക്ലാസിലേക്കുമുള്ള അധ്യാപകരെ നിയോഗിക്കല്‍ തുടങ്ങിയവ ഒന്നുംതന്നെ നടത്തിയിട്ടില്ല.
ബുധനാഴ്ച ആരംഭിക്കുന്ന, ഒന്നും രണ്ടും വര്‍ഷ പൊതുപരീക്ഷക്കുള്ള ചോദ്യപ്പേപ്പറുകള്‍ പല സ്‌കൂളുകളിലും എത്തിയിട്ടില്ല. എത്തിയ സ്ഥലങ്ങളില്‍ രണ്ടാംവര്‍ഷ ചോദ്യപേപ്പറുകള്‍ മാത്രമാണ് കിട്ടിയിരിക്കുന്നത്. സയന്‍സ് വിഷയങ്ങളുടെ ബാര്‍കോഡുള്ള ഉത്തരക്കടലാസുകളും, പലയിടത്തും ലഭിച്ചിട്ടില്ലെന്നും, അസോസിയേഷന്‍ അറിയിച്ചു. പൊതുപരീക്ഷയ്ക്കു മുന്‍പ് ഒരു പ്രവൃത്തിദിനം മാത്രം ബാക്കിനില്‍ക്കേ പരീക്ഷാജോലിക്കുള്ള അധ്യാപകരെ നിയമിക്കാതെയും, പരീക്ഷാഹാള്‍ ക്രമീകരണങ്ങള്‍ക്കുള്ള വിവരങ്ങള്‍ നല്‍കാതെയും, സ്‌കൂള്‍ അധികൃതരെ ബുദ്ധിമുട്ടിക്കുന്ന ഇത്തരം നടപടി പ്രതിഷേധാര്‍ഹമാണെന്നും ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എം.രാധാകൃഷ്ണന്‍, ഡോ. സാബുജി വര്‍ഗീസ് എന്നിവര്‍ പറഞ്ഞു.