Sun. Nov 17th, 2024
ന്യൂഡൽഹി:

കേന്ദ്ര സർക്കാരിന്റെ തുടർച്ചയായുള്ള അവഗണനകൾക്കെതിരെ ജീവൻ പോലും പണയം വെച്ച് അഴുക്കു ചാലുകൾ വൃത്തിയാക്കുന്ന നൂറിലധികം തൊഴിലാളികൾ ജന്തർ മന്തറിൽ തിങ്കളാഴ്ച ഒത്തുചേർന്നു. പ്രയാഗ് രാജിലെ കുംഭമേളയിൽ ശുചീകരണ പ്രവർത്തനങ്ങളിലേർപ്പെട്ട തൊഴിലാളികളുടെ കാലുകൾ മോദി കഴുകിയതിനു പിന്നാലെയാണ് ഇവരുടെ സമരം. കുംഭമേളയിൽ ശുചീകരണപ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്ക് ‘സ്വച്ഛ് കുംഭ് സ്വച്ഛ് ആഭാർ’ പുരസ്കാരവും മോദി നൽകിയിരുന്നു.

“സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന എല്ലാവരോടും ഞാൻ ആദരവ് പ്രകടിപ്പിക്കുന്നു” മോദി ട്വിറ്ററിൽ കുറിച്ചു.

“ഞങ്ങളുടെ കാലുകൾ അല്ല കഴുകേണ്ടത്, ഞങ്ങൾക്ക് നീതി വേണം.” ജന്തർ മന്തറിൽ തൊഴിലാളികൾ ആവശ്യപ്പെട്ടു. “കുംഭമേളയിൽ ഉണ്ടായത് ഇലക്ഷനെ മുൻനിർത്തിയുള്ള പ്രകടനങ്ങൾ മാത്രമാണ്,” പല തൊഴിലാളികളുടെയും രോഷം അണപൊട്ടി ഒഴുകി.

“മോദി ഞങ്ങളുടെ പാദങ്ങളല്ല കഴുകേണ്ടണ്ടത്, ഞങ്ങളുടെ കണ്ണുനീരാണ്. ഞങ്ങളുടെ പാദങ്ങൾ കഴുകുമ്പോൾ ഒരിക്കലും ഞങ്ങളുടെ പട്ടിണിയും ദാരിദ്ര്യവും തുടച്ചുനീക്കാൻ സാധിക്കില്ല.” ചണ്ഡീഗഢിലെ ഗവണ്മെന്റിന്റെ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്യുന്ന സത്യപ്രകാശ് പറയുന്നു.

1993 ൽ തോട്ടിപ്പണി ഇന്ത്യയിൽ നിയമപരമായി നിരോധിച്ചതാണ്. 2013 ൽ തോട്ടിപ്പണിക്കാരെ പുനധിവസിപ്പിക്കാനുള്ള നിയമവും വന്നിട്ടുണ്ട്. എങ്കിലും 2018 വരെയുള്ള കണക്കു പ്രകാരം ഇന്ത്യയിൽ 53000ത്തിലധികം ആളുകൾ ഈ മേഖലയിൽ ജോലി ചെയ്യുന്നുണ്ട്. എങ്കിലും ഇവരുടെ സുരക്ഷയ്ക്കായി ഒന്നും തന്നെ സ്വച്ഛ് ഭാരതിനായി മുറവിളി കൂട്ടുന്ന സർക്കാർ ചെയ്തിട്ടില്ല. സെപ്റ്റിക് ടാങ്കുകൾ വൃത്തിയാക്കുമ്പോൾ ഉണ്ടാവുന്ന അപകടകരമായ വാതകങ്ങളെ പ്രതിരോധിക്കാൻ സുരക്ഷാ മാർഗങ്ങൾ ഉണ്ടാവാത്തത് അവരുടെ ജീവൻ കൂടുതൽ അപകടത്തിലാക്കുന്നു. 2017 ജനുവരി ഒന്നു മുതൽ 2018 സെപ്തംബർ വരെയുള്ള കണക്കുകൾ പ്രകാരം നൂറ്റിഇരുപത്തിമൂന്നിലധികം ആളുകളാണ് ശുചീകരണത്തിനിടെ അതി ദാരുണമായി മരണപ്പെട്ടത്. ദി വയർ നൽകിയ ആർ.ടി. ഐ. പ്രകാരം മോദി സർക്കാർ തോട്ടിത്തൊഴിലാളികളുടെ പുനരധിവാസത്തിനായി യാതൊരു ഫണ്ടും നൽകിയിട്ടില്ല.

2008 മുതൽ 2014 വരെ തോട്ടി തൊഴിലാളിയായിരുന്ന സുന്ദർ ലാൽ തനിക്കുണ്ടായ അനുഭവം വിശദീകരിച്ചു. ഡൽഹി സർക്കാർ കൃത്യമായി വേതനം നൽകാത്തതിൽ പ്രതിഷേധിച്ചാണ് ഇദ്ദേഹം ആ കോൺട്രാക്ട് അവസാനിപ്പിച്ചത്. “ഒരിക്കൽ ഞാൻ വൃത്തിയാക്കിക്കൊണ്ടിരിക്കുമ്പോൾ തലകറക്കം അനുഭവപ്പെട്ടു വീണു. അവിടെ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന ഡ്രൈവർ ആണ് അന്നെന്നെ രക്ഷപ്പെടുത്തിയത്. അദ്ദേഹം ഇല്ലായിരുന്നെങ്കിലുള്ള അവസ്ഥ ചിന്തിക്കാൻ സാധിക്കുന്നില്ല. മൂന്നു വർഷം മുൻപും ഒരാൾ ഇതേ ഗട്ടറിൽ വീണു മരണപ്പെട്ടിട്ടുണ്ട്, അദ്ദേഹത്തിന് മൂന്നു മക്കളും ഭാര്യയുമടങ്ങുന്നൊരു കുടുംബമുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിന് ഇതുവരെ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല.” ലാൽ പറയുന്നു.

ലാലിനെ പോലെയുള്ള നിരവധിപേർ തിങ്കളാഴ്ച ജന്തർ മന്തറിൽ പ്രതിഷേധിച്ചു. അടിച്ചമർത്തപ്പെട്ട ശുചീകരണ തൊഴിലാളികളുടെ സംഘടനയായ ആദി ധരം സമാജിന്റെ പ്രവർത്തകരും ഉണ്ടായിരുന്നു. “പാദങ്ങൾ കഴുകുന്നത് കൊണ്ട് ഞങ്ങളുടെ ജോലി, ജീവനു തന്നെ ഭീഷണി അല്ലാതാവുന്നുണ്ടോ? ഞങ്ങൾക്കാർക്കും തന്നെ ഈ ജോലി ചെയ്യാൻ താല്പര്യമില്ല” ആദി ധരം സമാജിന്റെ മുഖ്യ നേതാവ്, ഗുരു എന്നറിയപ്പെടുന്ന ദർശൻ രത്ന രാവൺ പ്രതികരിച്ചു.

അടിക്കടിയുണ്ടാവുന്ന അപകടങ്ങളും ദുരിതങ്ങളും ഒഴിവാക്കാൻ ഇത്തരം ജോലിയിലേർപ്പെടുന്നവർക്ക് കൃത്യമായ പരിശീലനങ്ങളും സുരക്ഷ ഉപകരണങ്ങളും നൽകുക, അപകടങ്ങൾ ഉണ്ടായാൽ ഉടനടി റിപ്പോർട്ട് ചെയ്യപ്പെടുകയും, അതിനെ പറ്റി അന്വേഷിക്കാൻ പ്രാദേശിക തലത്തിൽ സംവിധാനങ്ങളും ഏർപ്പെടുത്തുക തുടങ്ങിയവയാണ് ഈ സംഘടന മുന്നോട്ട് വെയ്ക്കുന്ന നിർദ്ദേശങ്ങൾ. കൂടാതെ എസ്.സി, എസ്.ടി. സംവരണങ്ങൾക്കു പുറമെ ഈ ജോലികളിലേർപ്പെടുന്നവർക്ക് പ്രത്യേക സംവരണം വേണമെന്നും ഇവർ ആവശ്യപ്പെടുന്നു.

“ഞങ്ങളുടെ ആവശ്യങ്ങൾ മുഖവിലയ്‌ക്കെടുക്കുന്ന പാർട്ടിക്കു മാത്രമേ ഞങ്ങൾ വോട്ട് ചെയ്യുകയുള്ളൂ,” രാവൺ നിലപാട് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *