തേഞ്ഞിപ്പലം:
സി-സോണ്‍ കലോത്സവവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ – എം.എസ്.എഫ് തര്‍ക്കത്തെ തുടര്‍ന്ന് എം.എസ്.എഫ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കാലിക്കറ്റ് സര്‍വകലാശാലയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സംഘർഷത്തിനിടെ പ്രതിഷേധക്കാർ പോലീസിന് നേരെ കല്ലെറിഞ്ഞതിനെത്തുടർന്നു പൊലീസ് ലാത്തിച്ചാര്‍ജ്ജു നടത്തി. പോലീസുകാർക്കും, മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കും പരിക്കുണ്ട്. സംഭവത്തിൽ 500 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു . സംഘര്‍ഷം ദേശീയപാതയിലേക്കു വ്യാപിച്ചതോടെ ഗതാഗതവും തടസ്സപ്പെട്ടു. രാവിലെ 11.15 മുതല്‍ ഒരുമണിക്കൂറോളം സംഘര്‍ഷാവസ്ഥ തുടര്‍ന്നു.
എം.എസ്.എഫ് യൂണിയനുകളുള്ള മൂന്നു കോളജുകളിലെ 166 വിദ്യാര്‍ത്ഥികള്‍ക്ക്, കലോത്സവത്തില്‍ പങ്കെടുക്കാന്‍ എസ്.എഫ് .ഐയുടെ നേതൃത്വത്തിലുള്ള സര്‍വകലാശാല യൂണിയന്‍ അവസരം നിഷേധിച്ചെന്നാണ് എം.എസ്.എഫിന്റെ പരാതി. വിദ്യാര്‍ത്ഥികളെ കലോത്സവത്തില്‍ പങ്കെടുപ്പിക്കുന്നതിനായി എം.എസ്.എഫ് നേരത്തെ തന്നെ ഹൈക്കോടതിയില്‍ നിന്നും ഓര്‍ഡര്‍ കൈപ്പറ്റുകയുണ്ടായി. 166 പേരെയും പങ്കെടുപ്പിക്കണമെന്ന ഹൈക്കോടതി ഉത്തരവുമായി വി.സിയെ കാണാനെത്തിയ 5 പ്രവര്‍ത്തകരെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം മര്‍ദ്ദിച്ചതായി എം.എസ്.എഫ് ആരോപിക്കുന്നു. ഇതിനെ തുടര്‍ന്നു കഴിഞ്ഞ ദിവസം കലോത്സവ വേദിയുടെ പരിസരത്തു എം.എസ്.എഫിന്റെ കുത്തിയിരിപ്പു സമരവുമുണ്ടായിരുന്നു. 3 ദിവസമായി സി- സോണ്‍ കലോത്സവത്തെ ചൊല്ലി കാലിക്കറ്റ് സര്‍വകലാശാലയില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. കഴിഞ്ഞ ദിവസം പൊലീസിനെയും എം.എസ്.എഫ് പ്രവര്‍ത്തകരെയും മര്‍ദ്ദിച്ചെന്ന പരാതിയില്‍ 2 എസ്.എഫ്.ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു.
വിദ്യാര്‍ത്ഥികളെ കലോത്സവത്തില്‍ പങ്കെടുപ്പിക്കാത്തതില്‍ പ്രതിഷേധിച്ചു എം.എസ്.എഫ്- യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ സര്‍വകലാശാലയിലേക്കു നടത്തിയ മാര്‍ച്ചിലാണ് സംഘർഷമുണ്ടായത്. പ്രശ്‌നം പരിഹരിക്കാന്‍ ഡി.വൈ.എസ്.പി ജലീല്‍ തോട്ടത്തിലിന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തുന്നതിനിടെയാണ് മാര്‍ച്ചും സംഘര്‍ഷവും ഉണ്ടായത്.