ന്യൂഡൽഹി:
ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ കശ്മീരിലെ അതിര്‍ത്തിയില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയുള്ള പാക് പട്ടണമായ ബാലാക്കോട്ടിനു സമീപത്തെ വനപ്രദേശത്ത് ബോംബാക്രമണം നടത്തി, വനപ്രദേശത്തെ പൈൻ മരങ്ങൾ നശിപ്പിച്ചു എന്ന് ആരോപിച്ചു പാക്കിസ്ഥാൻ, ഐക്യരാഷ്ട്ര സഭയിൽ കേസു കൊടുക്കാൻ ഒരുങ്ങുന്നതായി വാർത്ത ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
പാക്കിസ്ഥാന്റെ കാലാവസ്ഥ വ്യതിയാനകാര്യ മന്ത്രി മാലിക് അമീന്‍ അസ്ലമിനെ ഉദ്ധരിച്ചാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇന്ത്യ, ബോംബാക്രമണം നടത്തി പ്രകൃതിയെ നശിപ്പിച്ചെന്ന് പാക്ക് മന്ത്രി ആരോപിച്ചു. നിരവധി പൈന്‍ മരങ്ങളാണ് നശിച്ചതെന്നും, വളരെ ഗുരുതരമായ പ്രകൃതി ഭീകരാക്രമണമാണ് നടന്നതെന്നും മന്ത്രി റോയിട്ടേഴ്‌സിനോട് പറഞ്ഞു.
റോയിട്ടേഴ്‌സ് ഏജൻസി ബാലാക്കോട്ടിലെ താമസക്കാരില്‍ നിന്നും വിവരങ്ങള്‍ തേടി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത് ഇന്ത്യയുടെ അവകാശ വാദങ്ങള്‍ക്ക് വിരുദ്ധമായ കാര്യങ്ങളാണ്. ബാലാക്കോട്ടിലുളള ജബ എന്ന ഗ്രാമത്തിലെ താമസക്കാരനായ നൂറിന്‍ ഷാ അടക്കം 15 പേരോട് സംസാരിച്ചാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ആ റിപ്പോര്‍ട്ടില്‍ പ്രദേശത്തുളളവര്‍ പറയുന്നത് ഇന്ത്യയുടെ ബോംബ് വീണത് ആളൊഴിഞ്ഞ പ്രദേശത്താണ് എന്നാണ്. ജബയിലെ പൈന്‍മരങ്ങള്‍ നിറഞ്ഞ പ്രദേശത്താണ് ബോംബ് വീണത്. ഈ സ്ഥലത്ത് പൈന്‍ മരങ്ങള്‍ കത്തിപ്പോയിട്ടുണ്ട്. വലിയ കുഴികളും രൂപം കൊണ്ടിരിക്കുന്നു. പ്രദേശത്തുളളവര്‍ക്ക് ആര്‍ക്കും സ്‌ഫോടനത്തില്‍ ആരെങ്കിലും മരിച്ചതായി ഒരു വിവരവും ഇല്ല. മാത്രമല്ല ആരും ശവശരീരങ്ങള്‍ കണ്ടിട്ടുമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇക്കഴിഞ്ഞ ഫെബ്രുവരി 14 ന് പുൽവാമയിൽ സി.ആർ.പി.എഫ് വാഹനവ്യൂഹത്തിനെതിരെ, പാകിസ്ഥാനിൽനിന്നുള്ള ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് ആക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തിൽ 40 സൈനികരാണ് കൊല്ലപ്പെട്ടത്. ഇതേത്തുടർന്നാണ് ചൊവ്വാഴ്ച, ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍, ബാലാക്കോട്ടിന് സമീപത്തെ വനപ്രദേശത്ത് ബോംബാക്രമണം നടത്തിയത്. ജെയ്‌ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസറിന്റെ ബന്ധു, മൗലാന യൂസഫ് അസര്‍ നടത്തിയിരുന്ന ഭീകരകേന്ദ്രങ്ങള്‍ ആക്രമിച്ചെന്നും, 350 ലധികം ഭീകരരെ വധിച്ചെന്നുമായിരുന്നു ഇന്ത്യയുടെ വിശദീകരണം.
‘സൈനീക ആവശ്യത്താല്‍ നീതീകരിക്കാനാകാത്ത രീതിയിലും, അതിക്രമപരമായും, പരിസ്ഥിതിയെ നശിപ്പിക്കുന്നത് നിലനില്‍ക്കുന്ന അന്താരാഷ്ട്രനിയമങ്ങള്‍ക്ക് വിരുദ്ധമാണ്’ എന്ന് ഐക്യരാഷ്ട്ര സംഘടന യു.എന്‍ അസംബ്ലി റെസലൂഷന്‍ 47/37ല്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇതിനു ചുവടുപിടിച്ചാണ് പാക്കിസ്ഥാന്റെ പുതിയ നീക്കം.