കൊച്ചി:
കേരളത്തിന്റെ വിനോദ സഞ്ചാര ചരിത്രത്തില്‍ പുതിയൊരു തരംഗം സൃഷ്ടിച്ചിരിക്കുകയാണ് ഈജിപ്ഷ്യന്‍ മാതൃകയില്‍ തയാറാക്കിയ കേരള സംസ്ഥാന ഉള്‍നാടന്‍ ജലഗതാഗത കോര്‍പ്പറേഷന്റെ ആഡംബരക്കപ്പൽ “നെഫർറ്റിറ്റി”.
പൂര്‍ണ്ണമായും ശീതീകരിച്ചിട്ടുള്ള ഈ കപ്പലിൽ, ഓഡിറ്റോറിയം, ബാൻക്വിറ്റ് ഹാൾ, ബാര്‍, ത്രീ ഡി തിയേറ്റർ, റെസ്‌റ്റോറന്റ്, കുട്ടികളുടെ കളിസ്ഥലം, സൂര്യാസ്തമയം കാണാൻ സൗകര്യപ്രദമായ രീതിയിൽ സജ്ജീകരിച്ചിട്ടുള്ള ഡെക്ക് തുടങ്ങിയവയാണ് പ്രധാന ആകർഷണങ്ങൾ. എല്ലാ സുരക്ഷാ സംവിധാനങ്ങളോടെയും കൂടിയാണ് അറബിക്കടലിന്റെ സൗന്ദര്യം ആസ്വദിക്കാൻ കപ്പലിൽ അവസരമൊരുക്കിയിട്ടുള്ളത്.
ബിസിനസ് മീറ്റിംഗുകൾ, ഇവന്റുറുകൾ, കുടുംബസംഗമങ്ങൾ എന്നിവയ്‌ക്കെല്ലാം ഈ കപ്പൽ ഉപയോഗിക്കാം.
125 പേരടങ്ങുന്ന ഒരു സംഘത്തിന് 4.5 ലക്ഷം രൂപയാണ് ബുക്കിങ് നിരക്ക്. 200 പേരാണ് കപ്പലിന്റെ കപ്പാസിറ്റി. അതിനാൽ 125-ന് മുകളിൽ വരുന്ന ഓരോരുത്തർക്കും 1,000 രൂപ വീതം അധിക നിരക്ക് നൽകിയാൽ മതിയാകും. അഞ്ചു മണിക്കൂർ സമയമാണ് ഇപ്പോൾ ഒരു കപ്പൽ യാത്ര നിശ്ചയിച്ചിരിക്കുന്നത്. അഞ്ചു മണിക്കൂർ കഴിഞ്ഞുള്ള ഓരോ മണിക്കൂറിനും 20,000 രൂപ അധികം നൽകണം. ഭക്ഷണവും കലാപരിപാടികളും ഉൾപ്പെടെയാണിത്.
കുടുംബസമേതമാണ് കടൽ യാത്ര ആഗ്രഹിക്കുന്നതെങ്കിൽ അതിനും ഇപ്പോള്‍ അവസരമുണ്ട്. മാർച്ച് 10, 17, 23, 30 തിയതികളിൽ അഞ്ചു മണിക്കൂർ സമയം വ്യക്തിഗത ടിക്കറ്റെടുത്ത് യാത്ര ചെയ്യാനുള്ള അവസരമാണ് കോര്‍പ്പറേഷന്‍ ഒരുക്കിയിട്ടുള്ളത്. ഈ ദിവസങ്ങളില്‍ വൈകിട്ട് അഞ്ചിന് വെല്ലിംഗ്ടൺ ഐലൻഡിലെ വാർഫിൽ നിന്നാണ് കപ്പല്‍, യാത്ര പുറപ്പെടുക. രാത്രി എട്ടു മണിക്ക് തിരിച്ചെത്തും. യാത്രയില്‍ ചെറിയ തോതിലുള്ള ചായയും ലഘുഭക്ഷണവും, രാത്രി രണ്ട് നോൺ വെജിറ്റേറിയന്‍ വിഭവങ്ങളോടു കൂടിയ അത്താഴവും കപ്പലിനുള്ളിൽ നിന്നുതന്നെ ലഭിക്കും. ഒപ്പം വിനോദ പരിപാടികളും സംഗീതവും ആസ്വദിക്കുകയും ചെയ്യാം. മുതിർന്ന ഒരാൾക്ക് 3000 രൂപയും അഞ്ചിനും 12 നുമിടയിൽ പ്രായമുള്ള കുട്ടികൾക്ക് 2000 രൂപയുമാണ് ടിക്കറ്റ് നിരക്ക്. കപ്പലിൽ സജ്ജീകരിച്ചിരിക്കുന്ന ലോഞ്ച് ബാറിൽ നിന്ന് മദ്യവും സ്‌നാക്‌സ് ബാറിൽ നിന്ന് സ്‌നാക്‌സും പാക്കേജിനു വെളിയിൽ വേറേ പണം നൽകി വാങ്ങാം.
കപ്പലിൽ എത്തുന്ന വിനോദസഞ്ചാരികളെ കേരള കലാരൂപങ്ങൾ പരിചയപ്പെടുത്താനുള്ള തയ്യാറെടുപ്പുകളും അധികൃതർ നടത്തിയിട്ടുണ്ട്. കഥകളി, കൂടിയാട്ടം, തിരുവാതിരകളി തുടങ്ങിയ കേരളീയ കലാരൂപങ്ങളാണ് കലാപരിപാടികളുടെ പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. മെഡിറ്ററേനിയൻ വിഭവങ്ങളാണ് കപ്പലിന്റെ മറ്റൊരു പ്രത്യേകത. അബാദ് ഗ്രൂപ്പാണ് കപ്പലിലെ ഭക്ഷണം ഒരുക്കുന്നത്.
കേരള സംസ്ഥാന ഉള്‍നാടന്‍ ജലഗതാഗത കോര്‍പ്പറേഷന്റെ ഉടമസ്ഥതയിൽ, ഗോവയിലാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 16.42 കോടി രൂപയാണ് നിര്‍മ്മാണച്ചിലവ്. ഈജിപ്ഷ്യൻ രാജ്ഞിയുടെ പേരായ നെഫര്‍റ്റിറ്റി എന്ന് പേരിട്ടിരിക്കുന്ന കപ്പിലിന്‍റെ മുഴുവൻ തീമും ഈജിപ്ഷ്യൻ രീതിയിലാണ്. മൂന്നു നിലകളുള്ള കപ്പലിനു 48.5 മീറ്റര്‍ നീളവും 15.5 മീറ്റര്‍ വീതിയുമാണ് ഉള്ളത്.
കടല്‍ യാത്രയിലുപരിയായി കടലിലും കപ്പലിലുമുള്ള അനുഭവത്തിനാണ് നെഫര്‍റ്റിറ്റി പ്രാധാന്യം നല്‍കുന്നതെന്ന് കേരള സംസ്ഥാന ഉള്‍നാടന്‍ ജലഗതാഗത കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടർ പ്രശാന്ത് “വോക്ക് മലയാളത്തിനോട്” പറഞ്ഞു. കേരളത്തിലെ വിനോദസഞ്ചാര മേഖല ഇതുവരെ അധികം ശ്രദ്ധിക്കാത്ത ഒന്നാണിത്. വിനോദസഞ്ചാരത്തിന്റെ ഭാഗമായി വിമാനത്തില്‍ കയറാന്‍ ആളുകള്‍ താല്‍പര്യം കാണിക്കുന്നതുപോലെ കപ്പലില്‍ കയറാനും അവര്‍ക്ക് അവസരം ലഭിക്കുകയാണ്. സൗകര്യങ്ങളും അനുഭവവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈടാക്കുന്ന നിരക്ക് വളരെ ചെറുതാണെന്നും പ്രശാന്ത് ചൂണ്ടിക്കാട്ടി.
9744601234, 8111956956 എന്നീ നമ്പറുകളിൽ വിളിച്ചാൽ സീറ്റുകൾ മുൻകൂട്ടി ബുക്കു ചെയ്യാനുള്ള സൗകര്യമുണ്ട്.