Sun. Jan 19th, 2025
മുംബൈ:

വ്യോമസേനാ വിംഗ് കമാൻഡർ അഭിനന്ദൻ വർത്തമാന്റെ തിരിച്ചുവരവ് ഇന്ത്യ-പാക് അതിർത്തിയിൽ സംഘർഷാവസ്ഥ കുറച്ചുവെങ്കിലും, മുൻകരുതൽ എന്ന നിലക്ക് നാവികസേനയുടെ സ്കോർപീൻ-ക്ലാസ് അന്തർവാഹിനി ഐ.എൻ.എസ് കൽവാരി അറബിക്കടലിൽ, ഇന്ത്യ വിന്യസിച്ചതായി റിപ്പോർട്ട്. ഇക്കോണോമിക് ടൈംസ് ദിനപത്രമാണ് ഐ.എൻ.എസ് കൽവാരി ഇന്ത്യ വിന്യസിച്ചതായുള്ള വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതിനൂതനമായ ഈ അന്തർവാഹിനി സൈനിക നീക്കത്തിന്റെ ഭാഗമായി ആദ്യമായാണ് ഇന്ത്യ വിന്യസിക്കുന്നത്.

പാക്കിസ്ഥാനിലെ, ജെയ്ഷെ മുഹമ്മദിന്റെ പരിശീലന കേന്ദ്രം, ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണത്തിലൂടെ തകർത്തു എന്ന് പറയപ്പെടുന്നുണ്ട്. ഇതേതുടർന്ന് ഏതു തരത്തിലുള്ള പ്രത്യാക്രമണത്തെയും നേരിടുന്നതിന് അതിർത്തിയിൽ സായുധസേന സജ്ജമാണെന്നും, ഉൾപ്രദേശങ്ങളിൽ ഭീകരാക്രമണത്തെ ചെറുക്കാനുള്ള മുൻകരുതലുകളും സേന കൈക്കൊണ്ടതായും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, ഇന്ത്യയുടെ ഏറ്റവും വലിയ നാവിക യുദ്ധ പരിശീലന പരിപാടിയായ ട്രോപെക്സ് (Theatre-Level Operational Readiness Exercise) നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് നിറുത്തി വച്ചു. സ്ഥിതി പൂർണ്ണമായും ശാന്തമായി കഴിഞ്ഞാൽ മാത്രമേ പരിശീലനം പുനരാരംഭിക്കുകയുള്ളു.

ഇതോടൊപ്പം രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിലെ വ്യോമസേന യൂണിറ്റുകൾക്ക് (Ground-based air defence units) ജാഗ്രത നിർദ്ദേശവും നൽകിയിട്ടുണ്ട്. ബുധനാഴ്ച ജമ്മു കാശ്മീരിലെ സൈനിക കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്താനുള്ള, പാക്കിസ്താൻ വ്യോമസേനയുടെ ശ്രമം, ഇന്ത്യ ചെറുത്തിരുന്നു. മുൻ കരുതൽ നടപടിയുടെ ഭാഗമായാണ് സൈനിക വിന്യാസം എന്നാണ് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസിന്റെ റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *